LiveTV

Live

National

‘’സന്തോഷത്തോടെയാണ് അത് ചെയ്തത്, ഈ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു’’: ആരാച്ചാര്‍ പവന്‍ ജല്ലാദ്

‘’മുത്തച്ഛന്‍റെയും അച്ഛന്‍റെയും കൂടെ സഹായിയായി പോയപ്പോൾ മനസ്സ് ചെറുതായി വിങ്ങിയിരുന്നു. പക്ഷേ, ഇത്തവണ അതുണ്ടാകില്ല. എനിക്കും ഒരു മകളുണ്ട്.’’

‘’സന്തോഷത്തോടെയാണ് അത് ചെയ്തത്, ഈ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു’’: ആരാച്ചാര്‍ പവന്‍ ജല്ലാദ്

നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ നാലുപ്രതികളുടെയും വധശിക്ഷ അവസാനം ഇന്ന് രാവിലെ തീഹാര്‍ ജയിലില്‍ നടപ്പായി. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ആദ്യമായാണ് നാലു പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റിയത്. നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ക, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷയാണ് ഇന്ന് നടപ്പായത്.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള പവന്‍ ജല്ലാദ് ആണ് നാല് വധശിക്ഷകളും നടപ്പാക്കിയ ആരാച്ചാര്‍. നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ തന്നെ തെരഞ്ഞെടുത്തതാണ് പവന്‍ ജല്ലാദിനെ. ഉത്തര്‍പ്രദേശിലെ ഏക സര്‍ട്ടിഫൈഡ് ആരാച്ചാരാണ് പവന്‍. നിര്‍ഭയ കേസില്‍ ഡല്‍ഹി കോടതി ആദ്യ മരണ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ തന്നെ തിഹാര്‍ ജയില്‍ അധികൃതര്‍, ആരാച്ചാരുടെ സേവനം ആവശ്യപ്പെട്ട് യുപി ജയില്‍ വകുപ്പിന് കത്തയച്ചിരുന്നു. കര്‍ശന സുരക്ഷയായിരുന്നു 57കാരനായ പവന്‍ ജല്ലാദിന് ഏര്‍പ്പെടുത്തിയിരുന്നത്.

''എന്‍റെ ജീവിതത്തിലിന്ന് ആദ്യമായി വധശിക്ഷ നടപ്പിലാക്കിയതിന് ശേഷം ഞാന്‍ സന്തോഷിക്കുകയാണ്. ഈ ദിവസത്തിനായി കാലങ്ങളായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ദൈവത്തിനും ജയില്‍ അധികൃതര്‍ക്കും ഞാന്‍ നന്ദിപറയുന്നു.'' -വധശിക്ഷ നടപ്പാക്കിയതിന് ശേഷം പവന്‍ ജല്ലാദ് പറഞ്ഞു.

ശിക്ഷയ്ക്കു 3 ദിവ‌സം മുൻപേ പവൻ ജയിലിലെത്തി. പ്രതികളെ താമസിപ്പിച്ചിരിക്കുന്ന മൂന്നാം നമ്പർ ജയിലിലെ സെല്ലിനു സമീപമായിരുന്നു രാത്രിയുറക്കം. ‘’മുത്തച്ഛന്‍റെയും അച്ഛന്‍റെയും കൂടെ സഹായിയായി പോയപ്പോൾ മനസ്സ് ചെറുതായി വിങ്ങിയിരുന്നു. പക്ഷേ, ഇത്തവണ അതുണ്ടാകില്ല. എനിക്കും ഒരു മകളുണ്ട്.’’-വധശിക്ഷ നടപ്പാക്കുന്നതിനു മുൻപ് പവൻ ജല്ലാദ് പറഞ്ഞു.

‘’സന്തോഷത്തോടെയാണ് അത് ചെയ്തത്, ഈ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു’’: ആരാച്ചാര്‍ പവന്‍ ജല്ലാദ്

മീററ്റ് ജയിലില്‍ മാസം 5000 രൂപ ശമ്പളത്തിനാണ് പവന്‍ ജല്ലാദ് ജോലിചെയ്യുന്നത്. വധശിക്ഷ നടപ്പാക്കിയാൽ ഒരാള്‍ക്ക് 25,000 രൂപ വീതം പ്രതിഫലം ലഭിക്കും. നാല് പ്രതികളെ തൂക്കിലേറ്റിയതിന് ഒരു ലക്ഷം രൂപ ലഭിക്കും. ഈ പണംകൊണ്ട് മകളുടെ വിവാഹം നടത്തണമെന്നാണ് പവന്‍ ജല്ലാദിന്‍റെ ആഗ്രഹം.

ആരാച്ചാര്‍മാരുടെ പരമ്പരയില്‍ ജനിച്ച വ്യക്തിയാണ് പവന്‍ ജല്ലാദ്. ജല്ലാദ് എന്നാല്‍ ഹിന്ദിയില്‍ ആരാച്ചാര്‍ എന്നാണ് അര്‍ത്ഥം. ശിക്ഷ നടപ്പാക്കാന്‍ ജനിക്കുന്നവര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ജല്ലാദുമാര്‍.

കുട്ടിക്കാലം മുതലേ പവന് ആരാച്ചാര്‍ ആകണമെന്നുതന്നെയായിരുന്നു ആഗ്രഹം. അദ്ദേഹത്തിന്‍റെ അച്ഛനും മുത്തച്ഛനും എല്ലാം ആരാച്ചാര്‍മാരായിരുന്നു. അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തില്‍ തന്നെ വധശിക്ഷയ്ക്ക് സാക്ഷിയായിട്ടുണ്ട് പവന്‍. ഇന്ദിരാഗാന്ധിയുടെ ഘാതകരുടെ വധശിക്ഷ 1989 ല്‍ നടപ്പാക്കിയത് പവന്‍ ജല്ലാദിന്‍റെ അച്ഛനായ കല്ലുവും മുത്തച്ഛനായ ലക്ഷ്മണനും ചേര്‍ന്നായിരുന്നു. ഇതിന് സാക്ഷിയായി പവനും ഉണ്ടായിരുന്നു. രംഗയുടെയും ബില്ലയുടെയും വധശിക്ഷ നടപ്പാക്കിയതും പവന്‍റെ അച്ഛനായ കല്ലുവായിരുന്നു.1982ലായിരുന്നു ഇത്. 2014ൽ നിഥാരി കൊലക്കേസ് പ്രതി സുരീന്ദർ കോലിയെ തൂക്കിലേറ്റാൻ പവൻ നിയോഗിക്കപ്പെട്ടെങ്കിലും അവസാന നിമിഷം വധശിക്ഷ പിൻവലിച്ചു.

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റി; രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ
Also Read

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റി; രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ

അധികമാരോടും അടുപ്പമില്ലാതെ, ഉള്‍വലിഞ്ഞ് ജീവിക്കുന്ന പ്രകൃതക്കാരനാണ് പവന്‍. ഏഴ് പേരടങ്ങുന്നതാണ് പവന്‍റെ കുടുംബം. തന്‍റെ മകന് തന്‍റെ പാത പിന്തുടരാന്‍ താത്പര്യമില്ലെന്നും പവന്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലിക്കായാണ് തന്‍റെ മകന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.