LiveTV

Live

National

കോവിഡ്; ലോകത്ത് മരണം പതിനായിരം കടന്നു, രോഗം സ്ഥിരീകരിച്ചവര്‍ രണ്ടരലക്ഷമായി

കോവിഡ്; ലോകത്ത് മരണം പതിനായിരം കടന്നു, രോഗം സ്ഥിരീകരിച്ചവര്‍ രണ്ടരലക്ഷമായി

കോവിഡ്19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. രണ്ടരലക്ഷത്തോളം പേര്‍ക്കാണ് ഇത് വരെ രോഗം ബാധിച്ചത്. അതേ സമയം കോവിഡ് ബാധിച്ച് ചൈനയിലുണ്ടായതിനേക്കാള്‍ മരണം ഇറ്റലിയിലുണ്ടായി.

അടുത്ത ദിവസങ്ങളില്‍ കോവിഡ് 19 വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലേതിനേക്കാള്‍ രൂക്ഷമായിരുന്നു ഇറ്റലിയുടെ സ്ഥിതി. 3405 മരണങ്ങളാണ് ഇറ്റലിയില്‍ ഉണ്ടായത്. ചൈനയില്‍ ഇതുവരെ ഉണ്ടായത് 3245 മരണങ്ങളും.

ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം നാല്‍പതിനായിരം കടന്നു. ഇറ്റലി കഴിഞ്ഞാല്‍ ഇറാനിലാണ് സ്ഥിതിഗതികള്‍ രൂക്ഷം. സ്പെയിനില്‍ ഇന്നലെ മാത്രം 193 പേരാണ് മരിച്ചത്. പതിനെണ്ണായിരത്തിന് മുകളില്‍ ആളുകളാണ് രാജ്യത്ത് രോഗബാധിതര്‍. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം മരിച്ചത് 108 പേരാണ്. 207 പേര്‍ അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചു. ബ്രിട്ടണില്‍ ഇതുവരെ 144 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജര്‍മനിയില്‍ 15,000ത്തിന് മുകളില്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകകരിച്ചു. ഇന്നലെ മാത്രം മരണപ്പെട്ടത് 16 പേരാണ്.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യൂറോപിന്‍റെ എല്ലാ അതിര്‍ത്തികളും അടക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയില്‍ ബാറുകളും തിയേറ്ററുകളും അടച്ചു. ബ്രിട്ടനില്‍ എല്ലാ സ്കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. രോഗം ബാധിച്ച 87,407 പേര്‍ സുഖം പ്രാപിച്ചു എന്നതാണ് ആകെ ആശ്വാസം നല്‍കുന്ന വാര്‍ത്ത.