LiveTV

Live

National

നിര്‍ഭയ കേസ്: കനത്ത പ്രതിഷേധങ്ങള്‍ക്ക് രാജ്യം സാക്ഷിയായി; സ്ത്രീസുരക്ഷാ പദ്ധതികള്‍ ഇപ്പോഴും പാതിവഴിയില്‍

പക്ഷെ ചരിത്രത്തിന്‍റെ ആവര്‍ത്തനം പോലെ അവയെല്ലാം കടലാസില്‍ ഒതുങ്ങുന്നതുകണ്ട് നാട് തലകുനിച്ചു

നിര്‍ഭയ കേസ്: കനത്ത പ്രതിഷേധങ്ങള്‍ക്ക് രാജ്യം സാക്ഷിയായി; സ്ത്രീസുരക്ഷാ പദ്ധതികള്‍ ഇപ്പോഴും പാതിവഴിയില്‍

2012ല്‍ നിര്‍ഭയ കൊല്ലപ്പെട്ടതിന് പിന്നാലെ ആളിപ്പടര്‍ന്ന പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷിയായത്. രാജ്യത്തെ അധികാര കേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു പ്രതിഷേധങ്ങളെല്ലാം. നിര്‍ഭയ കേസിനെ തുടര്‍ന്ന് സ്ത്രീ സുരക്ഷക്കായി പല പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടെങ്കിലും പലതും പാതിവഴിയിലാണ്.

ശരീരം കീറിനുറുങ്ങി, ആന്തരാവയവങ്ങളെല്ലാം തകര്‍ന്ന് ആശുപത്രിയില്‍ നിര്‍ഭയ ജീവന് വേണ്ടി മല്ലിടുമ്പോള്‍, അവളുടെ നീതിക്ക് വേണ്ടി പുറത്ത് കത്തിയാളുകയായിരുന്നു യുവതയുടെ രോഷം. രാജ്യം അന്നുവരെ കാണാത്തത്ര വലിയ സമരാഗ്നിയായി അത് പടര്‍ന്നു.

അധികാര കേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നവയായിരുന്നു പ്രതിഷേധങ്ങള്‍. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ വീട്ടിന് മുന്നിലേക്ക് മാത്രമല്ല രാഷ്ട്രപതി ഭവന് മുന്നിലേക്ക് പോലും സമരസംഘം ഒഴുകിയെത്തി. നിരോധനാജ്ഞകള്‍ക്കോ പൊലീസ് ബാരിക്കേഡുകള്‍ക്കോ അവരെ തടുത്ത് നിര്‍ത്താനായില്ല.

ഇന്ത്യാഗേറ്റിന് മുന്നിലെ പ്രതിഷേധ കൂട്ടായ്മ, നിര്‍ഭയ കേസിലേക്ക് ലോകത്തിന്‍റെ ശ്രദ്ധ ക്ഷണിച്ചു. രാഷ്ട്രീയ നേതാക്കളും തൊഴിലാളികളും വിദ്യാര്‍ഥികളും അധ്യാപകരും അമ്മമാരും കുഞ്ഞുങ്ങളുമെല്ലാം സമരവീഥിയിലേക്ക് ഒഴുകിയെത്തി.

ആവേശം ചോര്‍ന്ന് വഴിയില്‍ വീണുപോയ സമരമായിരുന്നില്ല അത്. നിര്‍ഭയക്ക് നീതിയില്ലാതെ പിന്‍വാങ്ങില്ലെന്ന ഉറച്ച സന്ദേശമായിരുന്നു തെരുവില്‍ നിന്നുയര്‍ന്നത്. ഒപ്പം അവള്‍ ആരോഗ്യത്തോടെ തിരിച്ചുവരണമെന്ന പ്രാര്‍ഥനയും.

പ്രാര്‍ഥനകളെ വിഫലമാക്കി പതിമൂന്നാം ദിവസം അവള്‍ വിടപറഞ്ഞുവെങ്കിലും ആ കണ്ണീരില്‍ സ്ഫുടം ചെയ്തെടുത്ത സമരൈക്യം കൂടുതല്‍ കരുത്തോടെ തെരുവുകളെ പിടിച്ചുകുലുക്കി.

ഒടുവില്‍ സ്ത്രീകളുടെ സുരക്ഷക്കായി 2013ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ നിര്‍ഭയ ഫണ്ട് രൂപീകരിച്ചു. പുതിയ നിയമങ്ങളും വ്യവസ്ഥകളും പ്രഖ്യാപിക്കപ്പെട്ടു. പക്ഷെ ചരിത്രത്തിന്‍റെ ആവര്‍ത്തനം പോലെ അവയെല്ലാം കടലാസില്‍ ഒതുങ്ങുന്നതുകണ്ട് നാട് തലകുനിച്ചു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ച തുടകയുടെ 90 ശതമാനവും ചെവഴിച്ചില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.