LiveTV

Live

National

കോവിഡ് -19നെ ചെറുക്കാൻ ആയുർവേദ പ്രതിവിധി കണ്ടെത്തിയതായി ബാബാ രാംദേവ്; വിമര്‍ശനവുമായി ആരോഗ്യവിദഗ്‍ധര്‍

കോറോണ വൈറസ് ബാധയെ കുറിച്ചും പരിഹാരങ്ങളെകുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്, ഈ മഹാമാരിക്കെതിരായ കൂട്ടായ പ്രയത്നത്തെ ദോഷകരമായി ബാധിക്കുമെന്നാണ് രാജ്യത്തെ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

കോവിഡ് -19നെ ചെറുക്കാൻ ആയുർവേദ പ്രതിവിധി കണ്ടെത്തിയതായി ബാബാ രാംദേവ്; വിമര്‍ശനവുമായി ആരോഗ്യവിദഗ്‍ധര്‍

കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് -19 നെ ചെറുക്കാൻ ആയുർവേദ പ്രതിവിധി കണ്ടെത്തിയതായുള്ള യോഗ ഗുരു ബാബാ രാംദേവിന്‍റെ പ്രസ്താവനയ്ക്കെതിരെ ആരോഗ്യരംഗത്തെ വിദഗ്ധര്‍.. പതഞ്ജലി ആയുര്‍വേദ ഉത്പന്നങ്ങളുടെ സ്ഥാപകൻ കൂടിയായ ബാബ രാംദേവ് അശ്വഗന്ധ എന്ന ഔഷധച്ചെടി ഇതിന് മരുന്നാണെന്ന് ഒരു വീഡിയോ പരസ്യത്തിലൂടെ അവകാശപ്പെട്ടത്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തിലായിരുന്നു ബാബ രാംദേവ്, കോവിഡ്–19നെ പ്രതിരോധിക്കുന്നതിനായി തന്‍റെ കമ്പനി വികസിപ്പിച്ചെടുത്ത മരുന്നിനെക്കുറിച്ച് അവകാശവാദമുന്നയിച്ചത്. ഇത് കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് തടയുമെന്നായിരുന്നു ബാബ രാംദേവിന്റെ പ്രചാരണം. ഇതിന് ഒരു ശാസ്ത്രീയ വിശദീകരണവും അദ്ദേഹം നല്‍കിയതുമില്ല. ഒരു രാജ്യാന്തര മാഗസിന് പരീക്ഷണം അയച്ചുകൊടുത്തെന്നും രാംദേവ് പറഞ്ഞു. എന്നാല്‍ മാഗസിന്റെ പേര് വെളിപ്പെടുത്തിയില്ല. രോഗപ്രതിരോധം വര്‍ധിപ്പിക്കാന്‍ ഇന്ത്യക്കാര്‍ യോഗ പ്രാക്ടീസ് ചെയ്യണമെന്നും, ട്വിറ്ററില്‍ #YogaForCorona എന്ന ഹാഷ്ടാഗ് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോറോണ വൈറസ് ബാധയെ കുറിച്ചും അതിനുള്ള പരിഹാരങ്ങളെകുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്, ഈ മഹാമാരിക്കെതിരായ കൂട്ടായ പ്രയത്നത്തെ ദോഷകരമായി ബാധിക്കുമെന്നാണ് രാജ്യത്തെ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ആഴ്ച കോവിഡ് 19നെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. യൂറോപ്പ് ഇപ്പോള്‍ ഈ വൈറസിന്‍റെ പ്രഭവകേന്ദ്രമാണെന്നും ഡബ്യൂ.എച്ച്.ഒ അഭിപ്രായപ്പെടുകയും ചെയ്തു.

ബാബാ രാംദേവിന്റെ അവകാശവാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജി വിദഗ്ധന്‍ ഡോ. ഗിരിധര്‍ ബാബു പറഞ്ഞു. അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാവുമെന്നും, അഭ്യസ്ഥവിദ്യര്‍ പോലും വഴിതെറ്റുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പരസ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് നിരോധിക്കണം. രോഗ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള അപകടകരമായ ട്വീറ്റുകള്‍ പോലും ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ പതഞ്ജലിയുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. പരാതി ലഭിച്ചാല്‍ പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലോകമാകെ കോവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കാന്‍ പരീക്ഷണത്തിലേര്‍പ്പെടുമ്പോഴാണ് ബാബാ രാംദേവ് മരുന്ന് കണ്ടെത്തിയെന്ന അവകാശ വാദവുമായി രംഗത്തെത്തിയത്.

ആഗോളതലത്തിൽ ഇതുവരെ പതിനായിരത്തിനടുത്ത് ആളുകളുടെ ജീവൻ നഷ്ടപ്പെട്ട കോവിഡ് 19 ന് ചികിത്സയൊന്നും ലഭ്യമല്ലെന്ന് ഡോക്ടർമാരും മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധരും ഉറപ്പു പറയുന്നു. 220,000 ത്തിലധികം രോഗബാധിതരാണ്. ലോകമെങ്ങുമുള്ള ആളുകളോട് വീട്ടിൽ തന്നെ തുടരാനോ സ്വയം ഐസലേഷനില്‍ തുടരാനോ ആണ് ആരോഗ്യലോകം നിര്‍ദേശം നല്‍കുന്നത്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലിനായി കൈകഴുകൽ, വ്യക്തിശുചിത്വം, സാമൂഹിക അകലം എന്നിവ ശുപാർശ ചെയ്യുന്നത്.

കോവിഡ് 19 നുള്ള വാക്സിനുകൾ പൂര്‍ണമായും വികസിപ്പിക്കാൻ ഏകദേശം രണ്ട് വർഷമെടുക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. എച്ച്ഐവി, മലേറിയ എന്നിവയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ളവയാണ് നിലവില്‍ കോവിഡ് 19 രോഗികളില്‍ പരീക്ഷിക്കുന്നത്. ഇന്ത്യയിൽ 200നടുത്ത് പേർക്ക് കൊറോണ വൈറസ് ബാധിക്കുകയും 5 പേർ മരിക്കുകയും ചെയ്തു.