LiveTV

Live

National

ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് പ്രോട്ടോക്കോള്‍; സമൂഹവ്യാപനം വഴിയുള്ള വൈറസ് ബാധ തടയാന്‍ സാധിച്ചേക്കില്ലെന്ന് ആരോപണം

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന, വിദേശങ്ങളില്‍നിന്ന് കഴിഞ്ഞ14 ദിവസത്തിനുള്ളില്‍ വന്നവര്‍ക്കും രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും മാത്രമാണ് ഇപ്പോള്‍ കോവിഡ് 19 പരിശോധന

ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് പ്രോട്ടോക്കോള്‍; സമൂഹവ്യാപനം വഴിയുള്ള വൈറസ് ബാധ തടയാന്‍ സാധിച്ചേക്കില്ലെന്ന് ആരോപണം

ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണിന്ന്. ഇന്ത്യയിലും കോവിഡ് 19 എന്ന രോഗവും അതിന്‍റെ രോഗാണുവായ കൊറോണ വൈറസും ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 169 ആയി. മഹാരാഷ്ട്രയിൽ മാത്രം 47 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

എന്നാല്‍ രോഗമുണ്ടെന്ന് സംശയം തോന്നുന്ന എല്ലാവരിലും പരിശോധന നടത്തിയിട്ട് തന്നെയാണോ ഇന്ത്യ രോഗികളെ നിര്‍ണയിക്കുന്നത്? അല്ലെന്ന് വേണം പറയാന്‍.

ലോകത്ത് തന്നെ കോവിഡ് 19 പരിശോധന നടത്തുന്ന രാജ്യങ്ങളില്‍ ഏറ്റവും പിന്നിലാണ് ഇന്ത്യ. ഇത് സംബന്ധിച്ച് പുറത്തുവന്ന രേഖകള്‍ നല്‍കുന്ന തെളിവ് അതാണ്. മാര്‍ച്ച് 13 വരെ ഇന്ത്യയിലാകെ 6000 ജനങ്ങളില്‍ മാത്രമാണ് കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തിയിട്ടുള്ളത്. അതായത് സൌത്ത് കൊറിയ 4000 പേരില്‍ ഈ പരിശോധന നടത്തുമ്പോള്‍ ഇന്ത്യയില്‍ അതിന്‍റെ സ്ഥാനത്ത് 5 പേരില്‍ മാത്രമാണ് അസുഖം സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ നടന്നിരിക്കുന്നത്.

ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് പ്രോട്ടോക്കോള്‍; സമൂഹവ്യാപനം വഴിയുള്ള വൈറസ് ബാധ തടയാന്‍ സാധിച്ചേക്കില്ലെന്ന് ആരോപണം

കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് നടക്കുന്ന ചര്‍ച്ചകള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രേഖകള്‍. കോവിഡ് 19 പരിശോധനയ്ക്കായി ഇന്ത്യക്ക് ചില ഔദ്യോഗിക നിബന്ധനകള്‍ ഉണ്ട് എന്നതിന്‍റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ വന്നവരോ, രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരോ, കഠിനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കോ മാത്രമാണ് രാജ്യത്ത് ഇപ്പോള്‍ കോവിഡ് 19 പരിശോധനകള്‍ നടക്കുന്നതത്രേ.

അതായത് കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരം യാത്രകള്‍ നടത്താത്തവരും രോഗം സ്ഥിരീകരിച്ചവരുടെ കോണ്‍ടാക്ട് ലിസ്റ്റിലില്ലാത്തവരുമായ വ്യക്തികളില്‍ ഈ പരിശോധന നടത്താന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ലെന്ന് സാരം. പക്ഷേ, സംശയാസ്പദമായ കേസുകളെല്ലാം പരിശോധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതുരണ്ടും തമ്മിലുള്ള വിരോധാഭാസമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വൈറസ് ബാധ സംശയിക്കുന്നവരിലെല്ലാം പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും, സര്‍ക്കാരിന്‍റെ പ്രോട്ടോകോള്‍ പ്രകാരം പരിശോധന നടത്തുന്നത് കോറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ വന്നവരിലും, രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരിലും മാത്രമാണ് എന്നതാണ് സത്യം.

ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് പ്രോട്ടോക്കോള്‍; സമൂഹവ്യാപനം വഴിയുള്ള വൈറസ് ബാധ തടയാന്‍ സാധിച്ചേക്കില്ലെന്ന് ആരോപണം

വിദേശങ്ങളില്‍ നിന്ന് യാത്ര കഴിഞ്ഞ് വന്നവര്‍ അല്ലെങ്കിലും, അസുഖം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍മുള്ളവര്‍ അല്ലെങ്കിലും, ഗുരുതരമായ ശ്വാസകോശസംബന്ധിയായ അസുഖമുള്ളവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ഈ നിര്‍ദേശങ്ങളെല്ലാം മാര്‍ച്ച് 17 ന് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോക്കോളില്‍ രേഖപ്പെടുത്തിയിട്ടും ഉണ്ട്. സംശയം തോന്നുന്ന കേസുകള്‍ സ്വകാര്യ ആശുപത്രികള്‍ ജില്ലാ അധികൃതരെ അറിയിക്കണമെന്നും ഇതില്‍ പറയുന്നു. കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട ഈ പ്രോട്ടോക്കോളില്‍ പറയുന്ന കാര്യങ്ങളെല്ലാം മാര്‍ച്ച് 13 മുതല്‍ തന്നെ സര്‍ക്കാര്‍ പുറത്തിറക്കികൊണ്ടിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമാണ്.

സംശയാസ്പദമായ കേസുകൾ പരിശോധിക്കുമ്പോൾ, കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ വ്യക്തിക്ക് അത്തരം യാത്ര അല്ലെങ്കിൽ രോഗം ബാധിച്ച വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കില്‍, കോവിഡ് 19 ന്‍റെ നിർവചനം അനുസരിച്ചുള്ള രോഗലക്ഷണമുണ്ടെങ്കിൽ, വ്യക്തിയെ ആശുപത്രിയിൽ ഐസലേഷനിലാക്കണമെന്നും, പ്രോട്ടോക്കോൾ അനുസരിച്ച് കോവിഡ് 19നായി പരിശോധിക്കുമെന്നും മാർച്ച് 17 ലെ മാര്‍ഗനിര്‍ദേശമനുസരിച്ച് പറയുന്നു. യാത്രാ, സമ്പർക്ക ചരിത്രം ഇല്ലാത്ത ഒരു വ്യക്തി രോഗം സംശയമുള്ള കേസില്‍ ഉള്‍പ്പെടുമെങ്കിലും പരിശോധനകൾക്ക് യോഗ്യതയില്ലെന്നാണ് ഇതിനർത്ഥം.

സര്‍ക്കാരിന്‍റെ ഈ നിര്‍ദേശത്തില്‍തന്നെ വൈരുധ്യമുണ്ടെന്ന് പറയുന്നു ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉപദേശക സമിതിയായ നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്‍ററിന്‍റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ, ഡോ. ടി സുന്ദരരാമൻ. ഒരു വ്യക്തിയില്‍ നിങ്ങള്‍ക്ക് രോഗമുണ്ടെന്ന് സംശയം തോന്നിയാല്‍, ആ നിമിഷം തന്നെ ആ രോഗിയെ ഐസലേറ്റ് ചെയ്യണം. സംശയം തോന്നുന്ന എല്ലാ കേസിലും ഈ പരിശോധനയും നടത്തണം. സംശയം തോന്നുന്ന ഓരോ കേസും പരിശോധിച്ച് രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണം. പ്രധാനമായും ഇത്തരം കേസുകളുടെ ആദ്യ ഇരയാകുക അവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് - സുന്ദരരാമന്‍ കൂട്ടിച്ചേര്‍ത്തു.

''ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി വരുന്ന ഒരു രോഗിയെ ചിലപ്പോള്‍ ഞങ്ങള്‍ക്ക് വെന്‍റിലേറ്ററില്‍ വരെ ആക്കേണ്ടിവരാറുണ്ട്. പക്ഷേ, അവര്‍ക്ക് വൈറസ് ബാധയെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കൊണ്ടാണോ അസുഖമെന്ന് ഉറപ്പുവരുത്താന്‍ രാജ്യത്തെ പ്രോട്ടോക്കോള്‍ അനുവദിക്കുന്നില്ലെ''ന്ന് തുറന്ന് പറയുന്നു ഛത്തീസ്‍ഗഢിലെ കമ്യൂണിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ യോഗേഷ് ജെയ്‍ന്‍. സംസ്ഥാനത്തെ ഏക സർക്കാർ ലാബായ റായ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് മെഡിക്കൽ സയൻസ്, രാജ്യത്തെ ടെസ്റ്റിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ ഈ വ്യക്തിയുടെ സാമ്പിള്‍ പരിശോധനക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ്, തങ്ങളയക്കുന്ന സാമ്പിളുകള്‍ തള്ളുകയാണെന്ന് ജെയിൻ പറയുന്നു.

ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് പ്രോട്ടോക്കോള്‍; സമൂഹവ്യാപനം വഴിയുള്ള വൈറസ് ബാധ തടയാന്‍ സാധിച്ചേക്കില്ലെന്ന് ആരോപണം

എന്താണ് ഇതുകൊണ്ടുള്ള അപകടം?

കോവിഡ് 19 പരിശോധനകള്‍ വിദേശയാത്ര കഴിഞ്ഞുവന്നവരിലും രോഗം സ്ഥീരികരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തുന്നതിന്‍റെ അപകടമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? രാജ്യം മുഴുവന്‍ രോഗം പകരാനുള്ള എല്ലാ സാധ്യതയും ഒരുക്കുകയാണ് അതിലൂടെ നമ്മുടെ അധികാരികള്‍ ചെയ്യുന്നത്.

കോറോണ വൈറസ് ബാധയുടെ മൂന്നാംഘട്ടമാണ് ഏറ്റവും അപകടകരം. സമൂഹവ്യാപനം വഴിയാണ് മൂന്നാംഘട്ടത്തില്‍ രോഗം പടരാന്‍ പോകുന്നത്. സംശയം തോന്നിയ എല്ലാവരിലും പരിശോധന നടക്കുന്നില്ല എന്നതുകൊണ്ട്, ആരില്‍ നിന്ന് ആരിലേക്ക് ഒക്കെ വൈറസ് ബാധിച്ചെന്ന് ഫലത്തില്‍ മനസ്സിലാക്കാനോ വേണ്ട മുന്‍കരുതലെടുക്കാനോ സാധിക്കാതെ വരുന്നു. ഇന്ത്യ പോലുള്ള വിശാലമായ ഒരു സമൂഹത്തില്‍ വൈറസ് പടരുന്നത് കണ്ടെത്തുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നുവെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്‍റെ ഈ പ്രോട്ടോക്കോളിനെതിരെ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരുകളും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ കോവിഡ് 19 പരിശോധനയ്ക്ക് ഇന്ത്യ നിയന്ത്രണം കൊണ്ടുവന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്ന് പറയുന്നു ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ നിവേദിത ഗുപ്ത. ആളുകള്‍ പേടികൊണ്ട് അനാവശ്യമായി പരിശോധിക്കും എന്നതാണ് ഇത്തരമൊരു നിയന്ത്രണത്തിന് പ്രധാന കാരണമായി അദ്ദേഹം പറയുന്നത്. രോഗം സംശയിക്കുന്ന ഓരോ വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള ഓരോ ആളുകളും ഇത്തരത്തില്‍ പരിശോധനയ്ക്കായെത്തുകയും, നെഗറ്റീവ് ആണെന്ന് അറിഞ്ഞാലും പേടിമൂലം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ഇന്ത്യപോലെ വലിയൊരു രാജ്യത്ത്, ഇതുമൂലം പരിശോധന യഥാര്‍ത്ഥ വ്യക്തിയിലേക്ക് എത്താതിരിക്കാന്‍ കാരണമാകും. ഇത്തരം പരിശോധനകള്‍, സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കും.

''ഞങ്ങള്‍ ഇപ്പോള്‍ ഹോം ക്വാറന്‍റൈന്‍ ആണ് നിര്‍ദേശിക്കുന്നത്. പക്ഷേ നേരിയ രോഗലക്ഷണമുള്ള ഒരു വ്യക്തി. ചിലപ്പോള്‍ അവന്‍റെ പരിശോധനാഫലം പോസിറ്റീവായേക്കാം, ഉടനെ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് അവന്‍ ആവശ്യപ്പെടുക. ഇന്ത്യപോലുള്ള രാജ്യത്ത് ഐസലേഷന് എത്രമാത്രം സൌകര്യം ഒരുക്കാനാകും. ഇതിനായി കിടക്കകള്‍ ഒരുക്കാന്‍ സര്‍ക്കാരിന് എവിടെ സ്ഥലമുണ്ട്.''- നിവേദിതഗുപ്ത ചോദിക്കുന്നു. ലഘുവായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന യാത്രാ, സമ്പർക്ക ചരിത്രമുള്ളവരെ സർക്കാർ എന്തുകൊണ്ട് പരീക്ഷിക്കുന്നില്ല എന്നതിന് ഇത് വിശദീകരണമാകുന്നുണ്ടെങ്കിലും, ഇതിനകം തന്നെ ആശുപത്രികളിലുള്ള യാത്രാ സമ്പർക്ക ചരിത്രവും യാത്രാ ബന്ധവുമില്ലാത്ത, ഗുരുതരമായ രോഗികൾക്ക് പരിശോധന നടത്താൻ സർക്കാർ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിക്കുന്നില്ലതാനും.

ഈ രീതിയിലുള്ള പരിശോധന നടക്കുകയാണെങ്കില്‍ രാജ്യത്ത് സമൂഹവ്യാപനം നടന്നുവെന്ന് തെളിയും. പക്ഷേ, അത് തെളിയരുതെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്ന് കൂട്ടിചേര്‍ക്കുന്നു യോഗേഷ് ജെയ്‍ന്‍.

ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് പ്രോട്ടോക്കോള്‍; സമൂഹവ്യാപനം വഴിയുള്ള വൈറസ് ബാധ തടയാന്‍ സാധിച്ചേക്കില്ലെന്ന് ആരോപണം

പക്ഷേ, സമൂഹവ്യാപനം നടന്നോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള നടപടിക്രമങ്ങളിലാണ് തങ്ങളെന്നാണ് ഐസിഎംആര്‍ പറയുന്നത്. ഓരോ സർക്കാർ ലാബുകളും ഓരോ ആഴ്ചയും കൊറോണ വൈറസ് രോഗികളെന്ന് സംശയിക്കുന്നവരുടെ 20 സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ന്യൂമോണിയ പോലുള്ള രോഗങ്ങളോ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികളുടേതാണ് ഈ സാമ്പിള്‍. ഈ സാമ്പിളുകളിൽ ഏതെങ്കിലും പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ സ്ഥിരീകരിച്ച കേസുകളുമായി സമ്പർക്കം പുലർത്തുന്നവർക്കപ്പുറത്ത് സമൂഹത്തിൽ അണുബാധ വ്യാപിച്ചതായി ഇത് കാണിക്കും. എന്നാല്‍ മാർച്ച് ഒന്നിനും മാർച്ച് 15 നും ഇടയിൽ 51 ലാബുകളിൽ ഇതുവരെ പരിശോധിച്ച 500 സാമ്പിളുകളിൽ സമൂഹവ്യാപനം നടന്നുവെന്നതിന് തെളിവില്ലെന്ന് ഐസിഎംആർ ശാസ്ത്രജ്ഞർ ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കഠിനമായ ശ്വാസകോശസംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിച്ച കേസുകള്‍ വളരെ കുറവാണെന്നാണ് ഐസിഎംആര്‍ വാദിക്കുന്നത്.

ഇന്ത്യയിൽ 1.5 ലക്ഷം കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകൾ ഉണ്ടെന്നാണ് ആരോഗ്യ അധികൃതർ പറയുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചാണ് നിലവിൽ ഇന്ത്യയിലുടനീളമുള്ള 52 സർക്കാർ ലാബുകളിലേക്ക് ഈ ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്യുന്നത്, ഒരു ദിവസം 6,000 പരിശോധനകൾ നടത്താൻ ഇന്ത്യക്ക് ഇന്ന് ശേഷിയുണ്ട്. ഈ നിരക്കിൽ ഇത് ഉപയോഗിക്കുകയാണെങ്കിൽ, രാജ്യത്ത് നിലവിലുള്ള കിറ്റുകളുടെ സ്റ്റോക്ക് 25 ദിവസം നീണ്ടുനിൽക്കും. ഐസി‌എം‌ആർ നല്‍കുന്ന വിവരമനുസരിച്ച് കിറ്റിന്‍റെ ആദ്യ ഘട്ടത്തിന് 1,500 രൂപയും രണ്ടാമത്തെ സ്ഥിരീകരണ ഭാഗത്തിന് 3,000 രൂപയുമാണ് വില - സർക്കാർ ലാബുകളിൽ, സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള കേസുകള്‍ക്ക് അവ ഫ്രീആയി നല്‍കുന്നതാണ്. നിലവില്‍ കോറോണ വൈറസിനെ കണ്ടുപിടിക്കാനുള്ള ലബോറട്ടറികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഐസിഎംആര്‍. രാജ്യത്ത് ഇപ്പോള്‍ 72 ലാബുകളാണ് ഉള്ളത്. പുതുതായി 49 ലബോറട്ടറികള്‍ കൂടി ഈ ആഴ്ചയോടെ തുറക്കും.