LiveTV

Live

National

‘നിര്‍ഭയ’ വിധിക്ക് മണിക്കൂറുകള്‍ ബാക്കി; തിഹാറില്‍ ഡമ്മി തൂക്കിലേറ്റി

അതിനിടെ കേസിൽ പുതിയ ഹരജിയുമായി പ്രതി മുകേഷ് സിങ് വീണ്ടും ഹെെകോടതിയെ സമീപിച്ചു

‘നിര്‍ഭയ’ വിധിക്ക് മണിക്കൂറുകള്‍ ബാക്കി; തിഹാറില്‍ ഡമ്മി തൂക്കിലേറ്റി

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ മണക്കൂറുകൾ മാത്രം ബാക്കിയിരിക്കെ, തൂക്കിലേറ്റൽ വിധി കൃത്രിമമായി നടപ്പാക്കി തിഹാർ ജയിൽ. പ്രതികളുടെ ഭാരം വരുന്ന ഡമ്മിയാണ് മുന്നൊരുക്കത്തിന്റെ ഭാഗമായി തൂക്കിലേറ്റിയത്. മാർച്ച് 20 വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചരക്കാണ് വധശിക്ഷ നടപ്പാക്കുന്നത്.

കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് സിങ് താക്കൂർ, പവൻ
ഗുപ്ത, വിനയ് ശർമ എന്നിവരുടെ എല്ലാവിധ പുനപരിശോധന ഹരജികളും തള്ളിയാണ് കോടതി വധശിക്ഷ ശരിവെച്ചത്. വധശിക്ഷ റദ്ദാക്കാൻ സാധ്യമായ നിയമവഴികളെല്ലാം ശ്രമിച്ച പ്രതികൾക്ക് ശിക്ഷ നടപ്പാക്കുന്നത് മൂന്നു തവണ മാറ്റി വെക്കാൻ സാധിച്ചിരുന്നു. മീററ്റിൽ നിന്നുള്ളയാളാണ് ശിക്ഷ നടപ്പാക്കുന്നത്.

അതിനിടെ കേസിൽ പുതിയ ഹരജിയുമായി പ്രതി മുകേഷ് സിങ് വീണ്ടും ഹെെകോടതിയെ സമീപിച്ചു. വധശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പുതിയ ഹർജി. സംഭവം നടക്കുമ്പോൾ താൻ ഡൽഹിയിൽ ഇല്ലായിരുന്നു എന്ന് ഹർജിയിൽ പറയുന്നു. മുകേഷ് സിംഗിന്റെ ഇതേ ആവശ്യം പട്യാല ഹൗസ് കോടതി ഇന്നലെ തള്ളിയിരുന്നു.

2012 ‍ഡിസംബർ പതിനാറിനാണ് നിർഭയ കൂട്ടബലാൽസംഘം നടക്കുന്നത്. ക്രൂരപീഡനത്തിനിരയായ പെൺകുട്ടി ഡിസംബർ 29ന് മരിച്ചു. കേസിൽ പിടിയിലായ ആറു പേരിൽ ഒരാൾ പിന്നീട് ജയിലിൽ തൂങ്ങി മരിക്കുകയായിരുന്നു. മെെനറായ മറ്റൊരു പ്രതിയെ മൂന്ന് വർഷത്തെ ശിക്ഷക്ക് ശേഷം പുറത്ത് വിട്ടു.