LiveTV

Live

National

നാടകീയം, നൂല്‍പാലത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍

വിമത കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചാല്‍, മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ താഴെവീഴും.

നാടകീയം, നൂല്‍പാലത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മധ്യപ്രദേശില്‍ നിന്നും തികച്ചും നാടകീയമായ വിവരങ്ങളാണ് പുറത്തുവരുന്നത്. മധ്യപ്രദേശ് പ്രതിസന്ധി പരിഹരിക്കാനായി ഇറങ്ങിത്തിരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്ങിന് അസാധാരണ അനുഭവമാണ് കർണാടകയിലുണ്ടായത്. മധ്യപ്രദേശിലെ വിമത കോൺഗ്രസ് എം.എൽ.എമാർ കഴിയുന്ന ബംഗളുരവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കയറാൻ ശ്രമിച്ച ദിഗ്‍വിജയ് സിങ്ങിനെ പൊലീസ് വലിച്ചിറക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

നാടകീയം, നൂല്‍പാലത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍

കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജോതിരാധിത്യ സിന്ധ്യയോട് അടുപ്പമുള്ള 22 വിമത എം.എൽ.എമാർ ഒരാഴ്ച്ചയായി ബംഗളുരുവിലാണുള്ളത്. സിന്ധ്യ പക്ഷക്കാരായ എം.എൽ.എമാരുടെ രാജി മധ്യപ്രദേശിലെ കമൽനാഥ് സർക്കാറിന് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എം.എൽ.എമാരെ ബി.ജെ.പി തട്ടികൊണ്ടുപോയതാണെന്നാണ് കോൺഗ്രസ് പറയുന്നത്.

എം.എൽ.എമാരെ കാണാൻ അനുവദിക്കും വരെ നിരാഹാര സമരമിരിക്കാനാണ് ദിഗ്‍വിജയ് സിങ്ങിന്റെ തീരുമാനം. ജനാധിപത്യ രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്നും, ഏകാധിപത്യ രാജ്യത്തല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.

എം.എൽ.എമാരുടെ ഇഷ്ടപ്രകാരമല്ല ബംഗളുരുവിൽ കഴിയുന്നതെന്നാണ് ദിഗ്‍വിജയ് സിങ് പറഞ്ഞത്. എം.എൽ.എമാർക്ക് മുഖ്യമന്ത്രിയെ കാണാൻ സാധിക്കുന്നില്ല. എം.എൽ.എമാർക്ക് സ്പീക്കറോട് സംസാരിക്കാൻ സാധിക്കുന്നില്ല. അവരുടെ കുടുംബത്തിലേക്ക് പോകാൻ സാധിക്കുന്നില്ല. ബി.ജെ.പി മോഡൽ ജനാധിപത്യത്തിന്റെ അവസ്ഥയാണിതെന്നും സിങ് കുറിച്ചു.

അതിനിടെ, ആറ് വിമത കോൺഗ്രസ് എം.എൽ.എമാരുടെ രാജിയാണ് നിലവിൽ മധ്യപ്രദേശ് സ്പീക്കർ സ്വീകരിച്ചിട്ടുള്ളത്. ഇതോട സഭയിലെ കോൺഗ്രസ് അംഗസംഖ്യ 108ലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഇതിൽ തന്നെ ബംഗളുരുവില്‍ കഴിയുന്ന ബാക്കിയുള്ള പതിനാറ് വിമത എം.എൽ.എമാരും ഉൾപ്പെടും.

ബി.ജെ.പിക്ക് നിലവിൽ 107 എം.എൽ.എമാരാണുള്ളത്. ഭൂരിപക്ഷം ലഭിക്കാൻ 112 അംഗങ്ങളുടെ പിന്തുണ ആവശ്യമുള്ള സഭയിൽ, വിമത കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചാല്‍, മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ താഴെവീഴും. ഈയവസരത്തിലാണ് സംസ്ഥാനത്ത് 48 മണിക്കൂറിനകം തന്നെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന ആവശ്യവുമായി ബി.ജെ.പി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ തങ്ങളുടെ എം.എൽ.എമാരെ വിട്ടുകിട്ടുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും കോടതിയെ സമീപിക്കുകയായിരുന്നു.