LiveTV

Live

National

കമൽനാഥ്​ നാളെ ഭൂരിപക്ഷം തെളിയിക്കണം; സര്‍ക്കാരിന് ഗവര്‍ണറുടെ അന്ത്യശാസനം

മധ്യപ്രദേശ് നിയമസഭ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാതെ മാർച്ച് 26ലേക്ക് പിരിഞ്ഞിരുന്നു

കമൽനാഥ്​ നാളെ ഭൂരിപക്ഷം തെളിയിക്കണം; സര്‍ക്കാരിന് ഗവര്‍ണറുടെ അന്ത്യശാസനം

നിയമസഭയിൽ മാർച്ച്​ 17ന് ഭൂരിപക്ഷം തെളിയിക്കണമെന്ന്​​ മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽനാഥിനോട്​ ഗവർണർ ലാൽജി ടണ്ഡൻ ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ വിശ്വാസവോ​ട്ടെടുപ്പ്​ നടത്തണമെന്നാവശ്യപ്പെട്ട്​ ശിവരാജ്​ സിങ്​ ചൗഹാ​​​ന്റെ നേതൃത്വത്തിൽ ബി.ജെ.പി എം.എൽ.എമാർ സന്ദർശിച്ചതിന്​ പിന്നാലെയാണ്​ ഗവർണറുടെ നടപടി. അല്ലാത്തപക്ഷം സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു.

മധ്യപ്രദേശ് നിയമസഭ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാതെ മാർച്ച് 26ലേക്ക് പിരിഞ്ഞിരുന്നു. ഇതോടെ, 22 എം.എൽ.എമാരുടെ രാജിയെ തുടർന്ന് പ്രതിസന്ധിയിലായ കമൽനാഥ്​ സർക്കാറിന് വിശ്വാസം തെളിയിക്കാൻ 26 വരെ സമയം നീട്ടി ലഭിച്ചിരുന്നു. 26-ലേക്ക് നീട്ടിവച്ചതിന് പിന്നാലെ ബി.ജെ.പി എം.എല്‍.എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി കമല്‍നാഥിന് ഗവര്‍ണര്‍ കത്തുനല്‍കിയത്. മധ്യപ്രദേശിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കേസ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനിടെയാണ് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അന്ത്യാശാസനം നല്‍കിയിട്ടുള്ളത്.

വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്തണമെന്ന് നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍ നേരത്തെ കമല്‍നാഥിന് കത്തയച്ചിരുന്നു. കോൺഗ്രസിന് 92ഉം ബി.ജെ.പിക്ക് 106ഉം എം.എൽ.എമാരാണ് ഇപ്പോൾ ഉള്ളത്.