LiveTV

Live

National

സ്പീക്കറുടെ പണിയല്ല ഗവര്‍ണര്‍ ചെയ്യേണ്ടതെന്ന് കമല്‍നാഥ്; മധ്യപ്രദേശ് അസംബ്ലി പിരിഞ്ഞു

ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് ഗവര്‍ണര്‍ ഒരു മിനിട്ട് മാത്രം പ്രസംഗിച്ച് സഭ വിട്ടു.

സ്പീക്കറുടെ പണിയല്ല ഗവര്‍ണര്‍ ചെയ്യേണ്ടതെന്ന് കമല്‍നാഥ്; മധ്യപ്രദേശ് അസംബ്ലി പിരിഞ്ഞു

രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ മധ്യപ്രദേശ് അസംബ്ലിയില്‍ നാടകീയ രംഗങ്ങള്‍. സഭയില്‍ വിശ്വസ പ്രമേയം അവതരിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇന്ന് വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദേശം അവഗണിച്ച് മധ്യപ്രദേശ് നിയമസഭ മാര്‍ച്ച് 26 വരെ പിരിഞ്ഞു.

ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് ഗവര്‍ണര്‍ ഒരു മിനിട്ട് മാത്രം പ്രസംഗിച്ച് സഭ വിട്ടു. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ അവസാന ഭാഗം മാത്രമാണ് ഗവര്‍ണര്‍ ലാല്‍ജി ഠണ്ടന് വായിച്ചത്. പ്രതിപക്ഷം വേണമെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരട്ടെയെന്ന് സര്‍ക്കാര്‍ പറഞ്ഞു.

ഇതിന് ശേഷമാണ് കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം പത്തു ദിവസത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചത്. നിയമസഭയിലെ പ്രസംഗത്തിനിടെ ഭരണഘടനയെ പിന്തുടരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സ്പീക്കറുടെ പണിയല്ല ഗവര്‍ണര്‍ ചെയ്യേണ്ടതെന്ന് നേരത്തെ, മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ക്കെഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ സഭയെ ബഹുമാനിക്കണമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും ഭരണപക്ഷം മുഴക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജോതിരാധിത്യ സിന്ധ്യയോട് അടുപ്പമുള്ള 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച അവസരത്തില്‍, കമല്‍നാഥ് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേണമെങ്കില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വരട്ടെയെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞത്.

കലങ്ങി മറിഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം ആദ്യമായി സഭയിലെത്തിയ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിജയ ചിഹ്നമുയര്‍ത്തിയാണ് എത്തിയത്. ശിവരാജ് സിങിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സഭയില്‍ എത്തിയത്.