LiveTV

Live

National

‘ഒരു വഴിയടയുമ്പോള്‍ അനേകം വഴികള്‍ തുറന്നുവരും’: കലാപം തകര്‍ത്ത മീനക്കുള്ള സാമ്പത്തിക സഹായം എത്തി

കലാപമേഖലയിലെ 50 വിദ്യാര്‍ഥികളുടെ ബിരുദപഠനം കൂടി സോളിഡാരിറ്റി ‌ഏറ്റെടുത്തിട്ടുണ്ട്

‘ഒരു വഴിയടയുമ്പോള്‍  അനേകം വഴികള്‍ തുറന്നുവരും’: കലാപം തകര്‍ത്ത മീനക്കുള്ള സാമ്പത്തിക സഹായം എത്തി

ഒരു വഴിയടയുമ്പോള്‍ ദൈവം തുറന്നു തരുന്ന അനേകം വഴികളിലൊന്നാണ് തന്‍റെ പഠനം പൂര്‍ത്തീകരിക്കാനായി ലഭിച്ച ധനസഹായമെന്ന് ഡൽഹി കലാപത്തിനിരയായ ശിവ് വിഹാര്‍ സ്വദേശി മീന. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റില്‍ നിന്ന് ആദ്യ ഗഢു സാമ്പത്തിക സഹായം ലഭിച്ച ശേഷമാണ് മീനയുടെ പ്രതികരണം. കലാപം വിതച്ച ദുരിതത്തിനിടയില്‍ വക്കീലാകണമെന്ന മോഹം ഉപേക്ഷിക്കേണ്ടിവരുമോയെന്ന മീനയുടെ ആശങ്കയും ദുഃഖവും മീഡിയവണ്‍ വാര്‍ത്തയെത്തുടര്‍ന്നാണ് പുറംലോകമറിഞ്ഞത്.

വക്കീലാകാനൊക്കെ ഒരുപാട് പണം വേണം. എന്‍റെ വീട്ടില്‍ ഇപ്പോള്‍ ഒന്നുമില്ലെന്നും എനിക്ക് അത് സാധിച്ചേക്കില്ലെന്നുമാണ് മീന നേരത്തെ മീഡിയാവണിനോട് പറഞ്ഞത്. ഇത് കേട്ടാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് മീനയുടെ പഠനം ഏറ്റെടുത്തത്. ആദ്യ ഗഢു ധനസഹായം കൈപറ്റിയ മീനയുടെ മുഖത്ത് സന്തോഷം. ദൈവം തനിക്ക് വേണ്ടി തുറന്ന അനേകം വഴികളിലൊന്നാണിതെന്ന് മീന പറഞ്ഞു.

വക്കീലാകണമെന്ന മോഹം പൂര്‍ത്തീകരിക്കാന്‍ നന്നായി പരിശ്രമിക്കുമെന്നും മീന പറഞ്ഞു. കലാപമേഖലയിലെ 50 വിദ്യാര്‍ഥികളുടെ ബിരുദപഠനം കൂടി സോളിഡാരിറ്റി ‌ഏറ്റെടുത്തിട്ടുണ്ട്. ദുരിതത്തിനിടയിലും മകളുടെ പഠനത്തിന് എല്ലാശ്രമവും നടത്തുമെന്നാണ് പിതാവ് ശബ്ബീര്‍ ഖാന്‍ പറയുന്നത്.