LiveTV

Live

National

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 107 ആയി; ജാഗ്രതയില്‍ രാജ്യം 

പുതിയ 14 കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്

രാജ്യത്ത് കോവിഡ്   സ്ഥിരീകരിച്ചവര്‍ 107 ആയി; ജാഗ്രതയില്‍ രാജ്യം 

ഇന്ത്യയില്‍ കോവിഡ് 19 ബാധിതര്‍ 107 ആയി. 31 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത മഹാരാഷ്ട്രയിലാണ്‌ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. പുതിയ 14 കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്. കേരളത്തില്‍ 22 പേരെയും ഉത്തര്‍പ്രദേശില്‍ 11 പേരെയുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഹരിയാനയിലെ 14 രോഗികളും വിദേശ പൗരന്മാരാണ്‌. രണ്ടുപേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്ര, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് രാജ്യം. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായുള്ള അന്തരാഷ്ട്ര അതിര്‍ത്തികള്‍ ഇന്ത്യ അടച്ചു.

കോവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി ഇന്ത്യാ-പാക് അതിര്‍ത്തിയിലുള്ള കര്‍ത്താര്‍പൂര്‍ ഇടനാഴിയും അടച്ചു. ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തി ഇന്ന് അര്‍ധരാത്രി അടക്കും.

ഇറ്റലിയിലെ മിലാനിൽ കുടുങ്ങിയ 218 അംഗ ഇന്ത്യൻ സംഘത്തെ ഡൽഹിയിലെത്തിച്ചു. ഇറാനിൽ നിന്നുള്ള 231 ഇന്ത്യക്കാരെയും ജയ്സാൽമീറിലെ സൈനിക കേന്ദ്രത്തിൽ എത്തിച്ചു. ഇവരെ 14 ദിവസം നിരീക്ഷണത്തിൽ വെക്കും. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 18 ലക്ഷം പേരെ പരിശോധിച്ചു.

നാളെ മുതൽ പാർലമെൻറിൽ സന്ദർശകരെ അനുവദിക്കില്ല. സുപ്രീം കോടതി നാളെ പരിഗണിക്കുന്ന കേസുകളുടെ എണ്ണം 75 ആക്കി ചുരുക്കി. ഇന്ത്യയിലെ വിവിധ സിനിമ സംഘടനകൾ മാർച്ച് 31 വരെ ഷൂട്ടിംഗ് നിർത്തിവെച്ചു. രാജ്യത്തെ മിക്ക സ്‌ക്കൂളുകളും കോളജുകളും അടച്ചിട്ടുണ്ട്‌. പല കമ്പനികളും വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. സിനിമാശാലകള്‍ അടച്ചു.

രോഗം പടരുന്ന സാഹചര്യത്തിൽ അഞ്ച് അന്താരാഷ്ട്ര അതിർത്തി കൂടി ഇന്ത്യ അടച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാർക്ക് രാജ്യ തലവന്മാരുടെ വീഡിയോ കോൺഫറൻസ് ഇന്ന് നടക്കും

കോവിഡ് 19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത് പിന്നാലെയാണ് ഇന്ത്യ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചത്. കോവിഡ് 19 ബാധിച്ച് മരിച്ചവർക്ക് 4 ലക്ഷം രൂപ സഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു എന്നാൽ പിന്നീട് ഇത് പിൻവലിച്ചു. ധന സഹായം രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാത്രമാക്കി ചുരുക്കി.