LiveTV

Live

National

ഡൽഹി വംശഹത്യാ ഇരകൾക്ക് 10 കോടിയുടെ സഹായ പദ്ധതിയുമായി ജമാഅത്തെ ഇസ്‍ലാമി

ഡൽഹി വംശഹത്യാ ഇരകൾക്ക് 10 കോടിയുടെ സഹായ പദ്ധതിയുമായി ജമാഅത്തെ ഇസ്‍ലാമി

ഡൽഹി വർഗീയ ആക്രമണത്തിലെ ഇരകളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും 10 കോടി രൂപയുടെ ബൃഹത് പദ്ധതിയുമായി ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്. രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും പങ്കാളികളാക്കി ഒരുക്കുന്ന പദ്ധതിയിലൂടെ തകർക്കപ്പെട്ട പള്ളികളുടെ പുനരുദ്ധാരണത്തിനും ഭവനങ്ങളുടെ പുനർനിർമാണത്തിനുമായി വഖഫ് ബോർഡിന്റെയും ഡൽഹി സർക്കാറിന്റെയും സഹകരണം ഉറപ്പുവരുത്തിയായിരിക്കും നടപ്പാക്കുക.

50 ഭവനങ്ങളുടെ നിർമാണം, 150 ഭവനങ്ങളുടെ പുനരുദ്ധാരണം, പൂർണമായും ചാമ്പലാക്കുകയോ തകർക്കുകയോ ചെയ്ത 50 വാണിജ്യസ്ഥാപനങ്ങളുടെ പുനഃസ്ഥാപനം, ഭാഗികമായി തകർക്കപ്പെട്ട 100 കടകളുടെ പുനരുദ്ധാരണം, കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്ത 150 ഷോപ്പുകളുടെയും ഷോറൂമുകളുടെയും സ്റ്റോക്ക് ഒരുക്കൽ എന്നിവ പദ്ധതിയുടെ ഭാഗമാണ്. അക്രമികൾ കത്തിച്ച മുസ്തഫാബാദിലെ അരുൺ പബ്ലിക് സ്കൂളിന്റെ പുനരുദ്ധാരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതുകൂടാതെ ജീവിതായോധന മാർഗമെന്ന നിലയിൽ 50 കുടുംബങ്ങൾക്ക് ഓട്ടാേറിക്ഷകളും 100 കുടുംബങ്ങൾക്ക് ഇ- റിക്ഷകളും 100 കുടുംബങ്ങൾക്ക് സൈക്കിൾ റിക്ഷകളും 100 കുടുംബങ്ങൾക്ക് ഉന്തുവണ്ടികളും 50 കുടുംബങ്ങൾക്ക് പെട്ടിക്കടകളും വിതരണം ചെയ്യും.

20 കുടുംബങ്ങൾക്ക് കമേഴ്സ്യൽ വാഹനങ്ങൾ, 10 കുടുംബങ്ങൾക്ക് ചെറിയ ചരക്കുവണ്ടികൾ, അഞ്ച് കുടുംബങ്ങൾക്ക് ഇടത്തരം ചരക്കുവണ്ടികൾ എന്നിവയും നൽകും. 50 വിധവകൾക്ക് ബത്തയും 100 അനാഥകൾക്ക് സ്കോളർഷിപ്പും നൽകും. 500 കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. പരിക്കേറ്റ 60 പേരുടെ ചികിത്സ ഏറ്റെടുത്തതിൽ 10 പേരുടെ നില ഗുരുതരമായിരുന്നു.

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള സർക്കാർ പദ്ധതികളുടെ ഗുണം ഇരകൾക്ക് ലഭിക്കുന്നതിനാവശ്യമായ സാങ്കേതികവും നിയമപരവുമായ സഹായം വിഷൻ 2026ന് കീഴിൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് നൽകിക്കൊണ്ടിരിക്കുന്നുണ്ട്. അൽശിഫ മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്ക് കീഴിലുള്ള സഞ്ചരിക്കുന്ന ആശുപത്രി ദിവസേന 200ഓളം പേർക്ക് വിവിധ ഗലികളിൽ സൗജന്യ പരിശോധനയും ചികിത്സയും തുടരുന്നുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് ഓഖ്ലയിലെ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകുന്നുണ്ടെന്നും ആരിഫലി കൂട്ടിച്ചേർത്തു.