LiveTV

Live

National

സച്ചിന്‍ പൈലറ്റിനെയും റാഞ്ചാന്‍ ബി.ജെ.പി ? പൈലറ്റ് പക്ഷവുമായി നേതാക്കള്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുതലെടുത്ത് ഉപമുഖ്യമന്ത്രിയെ സ്വന്തം പാളയത്തിലെത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സച്ചിന്‍ പൈലറ്റിനെയും റാഞ്ചാന്‍ ബി.ജെ.പി ? പൈലറ്റ് പക്ഷവുമായി നേതാക്കള്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് വെല്ലുവിളി ഉയരുന്നതായി റിപ്പോര്‍ട്ട്. അടുത്തതായി സച്ചിന്‍ പൈലറ്റിനെ റാഞ്ചാനാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നതെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്തു. സച്ചിന്‍ പൈലറ്റ് പക്ഷവുമായി ബി.ജെ.പി നേതാക്കള്‍ ബന്ധപ്പെട്ടതായാണ് സൂചന.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുതലെടുത്ത് ഉപമുഖ്യമന്ത്രിയെ സ്വന്തം പാളയത്തിലെത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേസമയം, ബി.ജെ.പി മുന്നോട്ടുവെച്ച ഓഫറുകള്‍ സച്ചിന്‍ പൈലറ്റ് തള്ളിയതായും സിന്ധ്യയുടെ പാത പിന്തുടരാന്‍ താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിന്ധ്യ കളംവിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സച്ചിനുമായി ബന്ധപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നിലേക്ക് സച്ചിന്‍ പൈലറ്റിനെ ഉയര്‍ത്താന്‍ ഹൈക്കമാന്‍ഡ് ധാരണയില്‍ എത്തിയിരുന്നുവെന്നും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉപമുഖ്യമന്ത്രിയെങ്കിലും രാഷ്ട്രീയ നീക്കങ്ങളുടെ വെളിച്ചത്തില്‍ നിലവില്‍ ഗലോട്ടിന്റെ മുകളിലേക്ക് പൈലറ്റ് ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ പുതിയ എന്ത് ഓഫറുമായാണ് സച്ചിന്‍ പൈലറ്റ് പക്ഷത്തെ ബന്ധപ്പെട്ടതെന്ന കാര്യം വ്യക്തമല്ല.