LiveTV

Live

National

45 മിനിട്ട്​ ശേഷം വ്യാപാരം പുനഃരാരംഭിച്ചപ്പോള്‍ ഓഹരി വിപണിയില്‍ കൂട്ടക്കുരുതി

ബി.എസ്.ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍മാത്രമാണ് നേട്ടത്തിലുള്ളത്. 1400 ഓഹരികള്‍ നഷ്ടത്തിലാണ്

45 മിനിട്ട്​ ശേഷം വ്യാപാരം പുനഃരാരംഭിച്ചപ്പോള്‍ ഓഹരി വിപണിയില്‍ കൂട്ടക്കുരുതി

വൻ നഷ്​ടം നേരിട്ടതിനെ തുടർന്ന്​ ഇന്ത്യൻ ഓഹരി വിപണികളിൽ താൽകാലികമായി നിർത്തിയ വ്യാപാരം പുനഃരാരംഭിച്ചു. 45 മിനിട്ട്​ നേരത്തേക്കാണ്​ വ്യാപാരം നിർത്തിവെച്ചിരുന്നത്​​. വ്യാപാരം തുടങ്ങിയ ഉടൻ ഇരു സൂചികകളും 10 ശതമാനത്തിന്റെ നഷ്​ടം നേരിട്ടതോടെയാണ്​ വ്യാപാരം നിർത്തിവെക്കാൻ​​ തീരുമാനിച്ചത്​. 2008ന്​ ശേഷം ഇതാദ്യമായാണ്​ ഇത്തരത്തിൽ വ്യാപാരം നിർത്തിവെക്കുന്നത്​​. ഡോളറിനെതി​രെ രൂപയുടെ മൂല്യവും ഇടിയുകയാണ്​. 74.40 രൂപയുടെ ഇന്നത്തെ വിനിമയ മൂല്യം.

ആഗോള വിപണിയിലെ വിൽപന സമ്മർദം മൂലമാണ്​ ഓഹരി വിപണിയിൽ വൻ നഷ്​ടമുണ്ടായത്​​. ദേശീയ സൂചിക നിഫ്​റ്റി മൂന്ന്​ വർഷത്തിനി​ടയിലെ കുറഞ്ഞ നിരക്കിലാണ്​ വ്യാപാരം തുടങ്ങിയത്​. 966.1 പോയിൻറ്​ നഷ്​ടത്തോടെ നിഫ്​റ്റി 8,624.05ലെത്തി. 10.07 ശതമാനമാണ്​ നിഫ്​റ്റിയിൽ രേഖപ്പെടുത്തിയ നഷ്​ടം. സെൻസെക്​സും 2400 പോയിൻറ്​ നഷ്​ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​​. 9.41 ശതമാനത്തിൻെറ നഷ്​ടം സെൻസെക്​സിലുമുണ്ടായി.

ബി.എസ്.ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍മാത്രമാണ് നേട്ടത്തിലുള്ളത്. 1400 ഓഹരികള്‍ നഷ്ടത്തിലാണ്. ലോവര്‍ സര്‍ക്യൂട്ട് ഭേദിക്കുന്നത് 12 വര്‍ഷത്തിനിടെ ഇതാദ്യം.

മറ്റ്​ ഏഷ്യൻ വിപണികളും വൻ നഷ്​ടമാണ്​ അഭിമുഖീകരിക്കുന്നത്​. ജപ്പാൻ സൂചിക നിക്കി 8.3, ചൈനയിലെ ഷാങ്​ഹായ്​ 3.3, ഹോങ്​​​ങ്കോങ്​ ഹാങ്​സങ്​ ആറ്​, സിംഗപ്പൂർ അഞ്ച്​, ദക്ഷിണകൊറിയയിലെ കോസപി അഞ്ച്​ ശതമാനം എന്നിങ്ങനെയാണ്​ വിവിധ സൂചികകളിൽ രേഖപ്പെടുത്തിയ നഷ്​ടം.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക്, ഗെയില്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ കനത്ത നഷ്ടത്തിലാണ്.