LiveTV

Live

National

ഏഴു മാസം വീട്ടുതടങ്കലില്‍; പുറത്തിറങ്ങിയ ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം ഇങ്ങനെ...

ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ടുവര്‍ഷംവരെ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് പൊതുസുരക്ഷാ നിയമം. 

ഏഴു മാസം വീട്ടുതടങ്കലില്‍; പുറത്തിറങ്ങിയ ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം ഇങ്ങനെ...

പൊതുസുരക്ഷാനിയമം ചുമത്തപ്പെട്ട് കഴിഞ്ഞ ഏഴു മാസമായി വീട്ടുതടങ്കലിലായിരുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല മോചിതനായി വസതിക്ക് പുറത്തെത്തിയപ്പോള്‍ കാത്തുനിന്നത് മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു സംഘം തന്നെയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം, ''ഞാന്‍ സ്വതന്ത്രനാണ്, ഞാന്‍ സ്വതന്ത്രനാണ്''... എന്നായിരുന്നു പ്രതികരിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഫാറൂഖ് അബ്ദുല്ല ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലായത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് 5 മുതല്‍ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ടുവര്‍ഷംവരെ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് പൊതുസുരക്ഷാ നിയമം.

''എന്റെ സ്വാതന്ത്ര്യത്തിനായി സംസാരിച്ച ഈ രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളോട് ഞാൻ നന്ദിയുള്ളവനായിരിക്കും. എന്റെ സ്വാതന്ത്ര്യത്തിനായി പ്രാർത്ഥിച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു, ” 82 കാരനായ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല എന്നിവരുൾപ്പെടെ തടവിലാക്കപ്പെട്ട മറ്റെല്ലാ നേതാക്കളും കൂടി മോചിപ്പിക്കപ്പെടുമ്പോൾ മാത്രമേ ഈ സ്വാതന്ത്ര്യത്തിന് പൂർണത ലഭിക്കൂ. എല്ലാവരേയും മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉടൻ നടപടിയെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. എല്ലാ നേതാക്കളെയും വിട്ടയക്കുന്നതുവരെ ഞാൻ ഒരു രാഷ്ട്രീയ പ്രസ്താവനക്കും ഒരുക്കമല്ല.'' ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുല്ലയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും നീളും. ഇവരുടെ മോചനത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇരുവരും ആഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്.