LiveTV

Live

National

രാജ്യത്ത് വീണ്ടും കോവിഡ് മരണം; ഡൽഹി ജനക്പുരി സ്വദേശിയായ 68 കാരിയാണ് മരിച്ചത്

നിലവില്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 84 ആയി 

രാജ്യത്ത് വീണ്ടും കോവിഡ് മരണം; ഡൽഹി ജനക്പുരി സ്വദേശിയായ 68 കാരിയാണ് മരിച്ചത്

ഇന്ത്യയിൽ ഒരാൾ കൂടി കോവിഡ് 19 രോഗം ബാധിച്ച് മരിച്ചു. ഡൽഹിയിലാണ് രാജ്യത്തെ രണ്ടാമത്തെ കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി.

ഡൽഹി ജനക്പുരി സ്വദേശിയായ 68 കാരിയാണ് റാം മനോഹർ ലോഹിയ ആശുപത്രിയിൽ കോവിഡ് 19 രോഗം ബാധിച്ച് മരിച്ചത്. ഇവർക്ക് ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. പനിയെ തുടർന്ന് മാർച്ച് 8 നാണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചത്. ശേഷം രോഗം സ്ഥിരീകരിക്കുകയായിരുന്നു. 9 ന് നില വഷളാവുകയും തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇറ്റലിയിലും സ്വിറ്റ്സർലന്റിലും സന്ദർശനം നടത്തിയ മകനിൽ നിന്നാണ് ഇവർക്ക് രോഗം പിടിപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. മകനും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 18 സംസ്ഥാനങ്ങളിലായി 84 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ18 അന്താരാഷ്ട്ര അതിർത്തി ചെക്ക് പോസ്റ്റുകൾ അടച്ചു. കോവിഡ് 19 നെ തുടർന്ന് സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തി. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ മാത്രമാണ് പരിഗണിക്കുക.

കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ന് ഉച്ചയ്ക്ക് ഇറ്റലിയിലേക്ക് എയർ ഇന്ത്യ വിമാനം പുറപ്പെടും.

നിലവില്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 84 ആയിരിക്കുന്നു. കര്‍ണാടകയില്‍ അതിജാഗ്രതയാണ്. കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. സൌദിയിലേക്ക് പ്രവേശിക്കാനുള്ള സമയം നാളെ രാത്രി അവസാനിക്കും. കുവൈത്തിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് 19 ബാധിച്ചുള്ള ആദ്യമരണം കർണാടകയിൽ റിപ്പോർട്ടു ചെയ്തിരുന്നു. കൽബുർഗി സ്വദേശിയായ എഴുപത്തിയാറുകാരൻ മുഹമ്മദ് ഹുസൈൻ സിദ്ധിഖിയാണ് മരിച്ചത്. സൗദിയിൽ നിന്നും തിരിച്ചെത്തിയ മുഹമ്മദ് ബുധനാഴ്ചയാണ് മരിച്ചത്.

കോവിഡ് 19 ബാധിച്ച് ഒരാൾ മരിച്ചതിനെത്തുടർന്ന് കർണാടകയിൽ കടുത്ത നിയന്ത്രണങ്ങൾ തുടങ്ങി. കര്‍ണാടകയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6 ആയി. സംസ്ഥാനത്ത് ആറാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കൽബുർഗി സ്വദേശിയായ മുഹമ്മദ് ഹുസൈൻ സിദ്ദിഖിയുടെ മരണം കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കര്‍ണാടകയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 6-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക പരീക്ഷ ഉപേക്ഷിച്ച് അവധി പ്രഖ്യാപിച്ചു. 7മുതല്‍ 9വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ വരെ അവധി നല്‍കി. മാര്‍ച്ച് 28 വരെ കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് എല്ലാ മാളുകളും തിയേറ്ററുകളും നൈറ്റ് ക്ലബുകളും റെസ്റ്റോറന്റുകളും പബ്ബുകളും അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്. അടുത്ത ഒരാഴ്ചകാലത്തേയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോവിഡ് 19 സംസ്ഥാനത്ത് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ വിവാഹ ചടങ്ങുകൾ ഒഴിവാക്കാനും മുഖ്യമന്ത്രി യെദിയൂരപ്പ ആവശ്യപ്പെട്ടു. കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി പരിപാടികള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. എന്നാല്‍ കല്‍ബുര്‍ഗിയിലടക്കം ജനങ്ങള്‍ തടിച്ചുകൂടുന്ന ഉത്സവങ്ങള്‍ നടക്കുന്നതായി പരാതിയുണ്ട്.

ബംഗളൂരുവിലെ ഐടി ജീവനക്കാരോട് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാനാണ് നിര്‍ദ്ദേശം. എല്ലാ ആരോഗ്യവകുപ്പ് ജീവനക്കാരോടും അവധികൾ റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.