LiveTV

Live

National

ഇന്ത്യയില്‍ വർഗീയ വൈറസ് പടരുന്നുവെന്ന് കപിൽ സിബൽ

കലാപത്തിന് കാരണമായ വിദ്വേഷ പ്രസ്താവന നടത്തിയ നേതാക്കൾക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആഭ്യന്തരവകുപ്പ് തയാറാകുന്നില്ല

ഇന്ത്യയില്‍ വർഗീയ വൈറസ് പടരുന്നുവെന്ന് കപിൽ സിബൽ

ഡല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ബി.ജെ.പി നേതാക്കൾ ഡൽഹിയിൽ വർഗീയ വൈറസാണ് പടർത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്ത് ഇപ്പോൾ രണ്ടുതരം വൈറസാണുള്ളത്. കൊറോണ വൈറസും വർഗീയ വൈറസും. വർഗീയ വൈറസ് പടരുമ്പോൾ ആരാണ് അതിൽ പങ്കാളിയാവുന്നത്. എല്ലാവർക്കും എല്ലാം അറിയാം. എന്നാൽ, ഡൽഹി പൊലീസിന് ഒന്നും അറിയില്ല -കപിൽ സിബൽ പറഞ്ഞു.

കലാപത്തിന് കാരണമായ വിദ്വേഷ പ്രസ്താവന നടത്തിയ നേതാക്കൾക്കെതിരെ എന്തുകൊണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആഭ്യന്തരവകുപ്പ് തയാറാകുന്നില്ല. കൃത്യമായി ആസൂത്രണം ചെയ്തതാണ് ഡൽഹിയിൽ നടന്ന കലാപം. ഡോണൾഡ് ട്രംപ് ഇന്ത്യയിൽ എത്തിയപ്പോഴുള്ള ആഘോഷങ്ങൾ എപ്രകാരം ആസൂത്രണം ചെയ്ത് തീരുമാനിച്ചതാണോ, അതേപോലെ ആസൂത്രിതമാണ് കലാപവും.

ഉരുക്കു മനുഷ്യനായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇരുന്ന കസേരയിലാണ് ഇപ്പോള്‍ അമിത് ഷാ ഇരിക്കുന്നത് എന്നോര്‍ക്കണമെന്നും സിബല്‍ പറഞ്ഞു. 'ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ എല്ലാം അറസ്റ്റിലാണ്. അവരുടെ പ്രസ്താവന പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കും എന്നതു കൊണ്ടാണ് അവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കലാപത്തിന് കാരണമായ പ്രസ്താവന നടത്തിയവര്‍ ഇപ്പോഴും സ്വതന്ത്രരാണ്. അവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഒരിക്കല്‍ ഉരുക്കുമനുഷ്യന്‍ ഇരുന്ന കസേരയിലാണ് നിങ്ങള്‍ എന്നോര്‍ക്കണം' - അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ സിബല്‍ പറഞ്ഞു.

പശു സംരക്ഷണത്തിന് വേണ്ടി എന്തും ചെയ്യുന്ന സര്‍ക്കാര്‍ മനുഷ്യന്റെ കാര്യത്തില്‍ എന്താണ് ഇങ്ങനെ? മനുഷ്യന്റെ സംരക്ഷണത്തേക്കാള്‍ വലുതാണോ പശുസംരക്ഷണം? മനുഷ്യ ജീവന് അതിനേക്കാള്‍ വിലയില്ലേ? നേരത്തെ, സംഭവിച്ചുപോയതാണ് കലാപം എന്നാണ് അമിത് ഷാ പറഞ്ഞിരുന്നത്. ഇപ്പോഴതില്‍ ഗൂഢാലോചനയുണ്ടെന്ന് പറയുന്നു. ഈ നിലപാട് എങ്ങനെ മാറി? പൊലീസ് അക്രമികളെ സഹായിച്ചു എന്നത് സ്പഷ്ടമാണ്. അതു കൊണ്ടാണ് നിരപരാധികള്‍ കൊല്ലപ്പെട്ടത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.