LiveTV

Live

National

കോവിഡ് 19; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 73 ആയി

പുതിയ കേസുകൾ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊർജിതമാക്കി

 കോവിഡ് 19; രാജ്യത്ത്   രോഗബാധിതരുടെ എണ്ണം 73 ആയി

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 73 ആയി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ മെഡിക്കൽ സംഘം ഇന്ന് ഇറ്റലിയിലേക്ക് പുറപ്പെടും. വിദേശത്തുള്ള ഇന്ത്യക്കാരെ പരിശോധനകൾക്ക് ശേഷമെ നാട്ടിലേക്ക് കൊണ്ട് വരാൻ സാധിക്കുകയുള്ളുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു. 17 സംസ്ഥാനങ്ങളിലായാണ് 69 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകിരിച്ചിരിക്കുന്നത്.

പുതിയ കേസുകൾ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊർജിതമാക്കി. വിസ അനുവദിക്കുന്നതിലും ഏപ്രിൽ 15 വരെ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.

ഇന്ത്യയിലുള്ള വിദേശികൾ വിസ ആവശ്യങ്ങൾക്കായി റജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇറ്റലിയിലെ ഇന്ത്യൻ എമ്പസി എല്ലാ കോൺസുലേറ്റ് സേവനങ്ങളും താല്‍‌കാലികമായി നിർത്തിവെച്ചു.

കോവിഡ് പരിശോധനകൾക്കായി രാജ്യത്ത് 15 ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി ഹർഷ വർദ്ധനും രാജ്യസഭയെ അറിയിച്ചു.‌

കോവിഡ് 19നെ തുടർന്ന് ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഉടൻ കണ്ടെത്തണമെന്നും വിദ്യാർഥികളെ തിരികെ എത്തിക്കാൻ പദ്ധതി ഒരുക്കണമെന്നും ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു. കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്സഭ നിർത്തിവെക്കില്ലെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു.

ഐ പി എൽ മത്സരങ്ങൾ ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധിക്കാൻ എടുത്ത നടപടികൾ ആരാഞ്ഞ് കൊണ്ട് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചു. കോവിഡ് 19യുടെ പശ്ചാത്തലത്തിൽ മുഖാവരണം, സാനിറ്റൈസർ സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണമെന്ന് ആന്റോ ആന്റണി എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.

വിമാനത്താവളത്തിൽ അശ്രദ്ധ ഉണ്ടായിയെന്ന് എൻ.കെ പ്രേമചന്ദ്രനും ദക്ഷിണേന്ത്യയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കണമെന്ന് ഹൈബി ഈഡനും ആവശ്യപ്പെട്ടു.