LiveTV

Live

National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 74 ആയി, രോഗം സ്ഥിരീകരിച്ചത് 18 സംസ്ഥാനങ്ങളില്‍

ഇറാനിൽ കുടുങ്ങിയവരെ ഇന്ത്യയിലേക്ക് എത്തിക്കാൻ നടപടികൾ തുടങ്ങി.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 74 ആയി, രോഗം സ്ഥിരീകരിച്ചത് 18 സംസ്ഥാനങ്ങളില്‍

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 74 ആയി. ഏപ്രില്‍ 15 വരെ ഇന്ത്യ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര മന്ത്രിമാരുള്‍പ്പടെ വിദേശയാത്ര ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

18 സംസ്ഥാനങ്ങളിലായാണ് 74 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതുവരെ 10.5 ലക്ഷം പേരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ പരിശോധിച്ചു. ഇറ്റലിയിലെ ഇന്ത്യൻ എംബസി എല്ലാ കോൺസുലേറ്റ് സേവനങ്ങളും താല്‍കാലികമായി നിർത്തിവെച്ചു. ഇറാനിൽ കുടുങ്ങിയവരെ ഇന്ത്യയിലേക്ക് എത്തിക്കാൻ നടപടികൾ തുടങ്ങി. നാളെ മുതൽ മൂന്ന് ദിവസം കൊണ്ട് പ്രത്യേക വിമാനത്തിൽ ഇറാനിൽ നിന്നുള്ളവരെ മുംബൈയിൽ എത്തിക്കും. ഇറ്റലിയിൽ നിന്നും കൊച്ചിയിൽ എത്തിയവരെ പരിശോധിക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ ലോക്സഭയെ അറിയിച്ചു.

കോവിഡ് 19നെ തുടർന്ന് ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഉടൻ കണ്ടെത്തണമെന്നും വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പദ്ധതി ഒരുക്കണമെന്നും ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് 19ന്‍റെ സാഹചര്യത്തിൽ ലോക്സഭ നിർത്തിവെയ്ക്കില്ലെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു. ഡൽഹിലെ എല്ലാ സിനിമാശാലകളും മാർച്ച് 31 വരെ അടച്ചു. കോവിഡ് 19യുടെ പശ്ചാത്തലത്തിൽ മുഖാവരണം, സാനിറ്റൈസർ സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണമെന്ന് ആന്റോ ആന്റണി ലോക്സഭയിൽ ആവശ്യപ്പെട്ടു. വിമാനത്താവളത്തിൽ അശ്രദ്ധ ഉണ്ടായി എന്ന് എൻ.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.