LiveTV

Live

National

കോവിഡ് 19 ബാധിച്ച് രാജ്യത്ത് ആദ്യ മരണം

ഉംറ കർമങ്ങൾക്ക് ശേഷം ഫെബ്രുവരി 29നാണ് മുഹമ്മദ് കൽബുർഗിയിലെത്തിയത്. പനി ഗുരുതരമായതോടെ മാർച്ച് അഞ്ചിന് കൽബുർഗിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി

കോവിഡ് 19 ബാധിച്ച് രാജ്യത്ത് ആദ്യ മരണം

കോവിഡ് 19 ബാധിച്ചുള്ള രാജ്യത്തെ ആദ്യമരണം കർണാടകയിൽ റിപ്പോർട്ടു ചെയ്തു. കൽബുർഗി സ്വദേശി യായ എഴുപത്തിയാറുകാരൻ മുഹമ്മദ് ഹുസൈൻ സിദ്ധിഖിയാണ് മരിച്ചത്. സൗദിയിൽ നിന്നും തിരിച്ചെത്തിയ മുഹമ്മദ് ബുധനാഴ്ചയാണ് മരിച്ചത്.

ഉംറ കർമങ്ങൾക്ക് ശേഷം ഫെബ്രുവരി 29നാണ് മുഹമ്മദ് കൽബുർഗിയിലെത്തിയത്. പനി ഗുരുതരമായതോടെ മാർച്ച് അഞ്ചിന് കൽബുർഗിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. സംശയം തോന്നിയ ഡോക്ടർമാർ സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ചു. ഈ മാസം ഒൻപതിനായിരുന്നു അത്. പരിശോധന ഫലം വരുന്നതിന് മുൻപെ, മുഹമ്മദ് മരിച്ചു.

കോവിഡ് 19 നാണ് മുഹമ്മദിന്റെ മരണ കാരണമെന്ന സൂചനകൾ പുറത്തു വന്നെങ്കിലും കർണാടക സർക്കാറും ആരോഗ്യ വകുപ്പും ഇത് നിഷേധിച്ചു. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കരുതെന്ന നിർദ്ദേശവും നൽകി. എന്നാൽ ഇന്നലെ രാത്രി വൈകിയാണ് പൂനെ ലാബിൽ നിന്നുള്ള പരിശോധന ഫലം വന്നത്. ഇത് പിന്നീട് കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാന സർക്കാറും സ്ഥീരീകരിച്ചു.

ആദ്യ മരണം കർണാടകയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തീവ്രമായ പരിശോധനകൾക്ക് സർക്കാർ നിർദേശിച്ചിട്ടുണ്ട്. മുഹമ്മദ് യാത്ര ചെയ്ത ഇടങ്ങളിൽ നിന്നുള്ളവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്.

തമിഴ്നാട്ടിലും ആന്ധ്രയിലും ഓരോ ആളുകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിലേയ്ക്ക് യാത്രകൾ പരമാവധി ഒഴിവാക്കത്തെമെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി സി.വിജയഭാസ്കർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.