LiveTV

Live

National

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ

നരേന്ദ്രമോദിയുടേയും അമിത്​ഷായുടേയും പാതയിലേക്ക്​ വരാൻ സാധിച്ചത്​ ഭാഗ്യമായി കരുതുന്നു

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നും സിന്ധ്യ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ പറഞ്ഞു.

പാര്‍ട്ടിയിലേക്ക് തന്നെ ക്ഷണിച്ച നേതാക്കള്‍ക്ക് നന്ദി പറയുന്നുവെന്ന് അംഗത്വം സ്വീകരിച്ചതിനു ശേഷം സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധ്യക്ഷന്‍ ജെ.പി നഡ്ഡയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു, ഒരു സ്ഥാനം നല്‍കി. അതിന് താന്‍ നന്ദി പറയുന്നു.

ജീവിതത്തെ മാറ്റിമറിച്ച രണ്ട് സംഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. ഒന്ന് അച്ഛന്റെ മരണം, രണ്ടാമത്തേത് ബി.ജെ.പിയില്‍ ചേര്‍ന്നുകൊണ്ട് പുതിയ ചുവടുവെക്കാന്‍ തീരുമാനിച്ചത്. ജന്മദിനം പോലെ പ്രധാനപ്പെട്ട ദിവസമാണ്​ ബി.ജെ.പിയിൽ ചേർന്ന ദിനവും. കഴിഞ്ഞ 18 വർഷത്തോളം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. എന്നാൽ കോൺഗ്രസ്​ നേതൃത്വത്തിൽ നിന്നും മാന്യത ലഭിച്ചില്ല. നരേന്ദ്രമോദിയുടേയും അമിത്​ഷായുടേയും പാതയിലേക്ക്​ വരാൻ സാധിച്ചത്​ ഭാഗ്യമായി കരുതുന്നു. മോദിയുടെ കീഴിൽ രാജ്യം സുരക്ഷിതമാണെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.

മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല ഇപ്പോഴുള്ളത്. പൊതുജനസേവനം നടത്താന്‍ ഇനി ആ പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ഇനിയൊരിക്കലും സാധിക്കില്ലെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നതെന്നും സിന്ധ്യ കുറ്റപ്പെടുത്തി.

ജനസംഘത്തി​ന്റെയും ബി.ജെ.പിയുടെയും സ്ഥാപക നേതാക്കളിൽ ഒരാളായ വിജയരാജ്യ സിന്ധ്യയുടെ പൗത്രൻ ബി.ജെ.പിയിൽ എത്തിയതിൽ സന്തോഷിക്കുന്നുവെന്ന്​ ദേശീയ പ്രസിഡൻറ്​ ജെ.പി നദ്ദ അഭിപ്രായപ്പെട്ടു. ബി.ജെ.പി ജനാധിപത്യമുള്ള പാർട്ടിയാണ്​. പാർട്ടിയിൽ സിന്ധ്യക്ക്​ അവസരങ്ങൾ കിട്ടുമെന്നും ജെ.പി നദ്ദ അറിയിച്ചു.

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി നൽകാതെ പെ​ട്ടെന്ന്​ ചടങ്ങ്​ അവസാനിപ്പിച്ചാണ്​ സിന്ധ്യയും നദ്ദയും മടങ്ങിയത്​.