LiveTV

Live

National

എത്തേണ്ടിടത്ത് എത്തിച്ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ

ബി.ജെ.പിയുടെ പ്രാഗ്‌രൂപമായ ജനസംഘത്തെ വളർത്തിക്കൊണ്ടുവന്നതിൽ നിർണായക പങ്കുവഹിച്ച വിജയരാജെ സിന്ധ്യയുടെ സ്വപ്‌നമായിരുന്നു തന്റെ ചെറുമകൻ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്നുകാണുക എന്നത് . 

എത്തേണ്ടിടത്ത് എത്തിച്ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ

ബി.ജെ.പിയുടെ പ്രാഗ്‌രൂപമായ ജനസംഘത്തെ വളർത്തിക്കൊണ്ടുവന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് 'ഗ്വാളിയോറിന്റെ രാജമാതാവ്' എന്നറിയപ്പെട്ട വിജയരാജെ സിന്ധ്യ. തന്റെ ചെറുമകൻ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്നുകാണുക എന്നത് അവരുടെ സ്വപ്‌നമായിരുന്നു.

ഗ്വാളിയാറിലെ രാജകുടുംബത്തിൽ ജനിച്ച വിജയരാജെ 1957ൽ ഗുണയിൽനിന്ന് കോൺഗ്രസിന്റെ ലോക്‌സഭാ സീറ്റിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1967-ൽ ജനസംഘത്തിൽ ചേർന്ന അവർ പിന്നീട് ഗ്വാളിയാർ പ്രദേശത്ത് പാർട്ടിയെ വളർത്തുന്നതിൽ വലിയ നിർണായക പങ്കുവഹിച്ചു. 1971-ൽ ഇന്ദിര ഗാന്ധിയുടെ സ്വാധീനത്തെ പിന്തള്ളി വിജയരാജെയും അടൽ ബിഹാരി വാജ്‌പേയും, വിജയരാജെയുടെ മകൻ മാധവറാവു സിന്ധ്യയുമടക്കം മൂന്ന് സീറ്റുകളിൽ ജനസംഘം വിജയിച്ചു. സിന്ധ്യ കുടുംബം രാഷ്ട്രീയത്തിൽ പച്ചപിടിച്ചുവെങ്കിലും കാവിബന്ധം അധികം നീണ്ടുപോയില്ല. 26-ാം വയസ്സിൽ തന്നെ ലോക്‌സഭാ എം.പിയായ മാധവറാവു സിന്ധ്യയായിരുന്നു ആദ്യം ജനസംഘത്തോട് വിടപറഞ്ഞത്. 1977-ലെ അടിയന്തരാവസ്ഥക്ക് ശേഷം വിജയരാജെയും മകന്റെ പാത പിന്തുടർന്നു.

ഈ കാലയളവിൽ തന്നെ വിജയരാജെയുടെ പെണ്മക്കളായ യശോധര രാജെയും വസുന്ധര രാജെയും രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നു. 1984-ൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായ വസുന്ധര 8-ാമത് രാജസ്ഥാൻ അസംബ്ലിയിലേക്ക് ധോൽപൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. വസുന്ധരയുടെ മകൻ ദുഷ്യന്ത്, ഝലവാറിൽ നിന്നുള്ള ബി.ജെ.പി എംപിയാണ്. സിദ്ധാർത്ഥ് ബൻസാലി എന്ന കാർഡിയോളജിസ്റ്റിനെ വിവാഹം ചെയ്ത് 1977ൽ അമേരിക്കയിലെ ന്യൂ ഓർലിയൻസിലേക്ക് ചേക്കേറിയ യശോധര രാജെയുടെ മൂന്നു മക്കളും ഇതുവരെ രാഷ്ട്രീയത്തിൽ താൽപര്യം കാണിച്ചിട്ടില്ല. എന്നാൽ, 1994ൽ ഇന്ത്യയിലേക്ക് മടങ്ങിയ യശോധര 1998-ൽ ബി.ജെ.പി എം.പിയായി മത്സരിച്ച് വീണ്ടും രാഷ്ട്രീയത്തിൽ പ്രവേശിച്ചു. അഞ്ചു തവണ എം.എൽ.എയായ അവർ ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭയിലെ മന്ത്രിയുമായിരുന്നു.

അതേസമയം, വിജയരാജെയുടെ ചെറുമകനായ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലാണ് നിലയുറപ്പിച്ചത്. 2001-ൽ വിമാനാപകടത്തിൽ പിതാവ് മരണപ്പെട്ടതോടെ ഒഴിവുവന്ന ഗുണ ലോക്‌സഭ സീറ്റിൽ മത്സരിച്ച അദ്ദേഹം 4.5 ലക്ഷം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം നേടി വിജയിച്ചു. ഗുണയിൽ നിന്ന് മൂന്നുതവണ കൂടി ജയിച്ചെങ്കിലും 2019-ൽ, ദീർഘകാലം തന്റെ സന്തത സഹചാരിയായിരുന്ന കൃഷ്ണപാൽ സിങ്ങിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. മധ്യപ്രദേശിലെ കോൺഗ്രസിന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ച ജ്യോതിരാദിത്യക്ക് വേണ്ടത്ര എം.എൽ.എമാരുടെ പിന്തുണയില്ലാത്തതിനാൽ മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് ഇതിനു ആറുമാസം മാത്രം മുമ്പായിരുന്നു. പരിചയസമ്പന്നനായ കമൽനാഥിന് മുഖ്യമന്ത്രിസ്ഥാനം നൽകിയ രാഹുൽ ഗാന്ധി, സിന്ധ്യയുടെ നാളുകൾ വരാനിരിക്കുന്നതേയുള്ളൂ എന്ന പക്ഷക്കാരനായിരുന്നു. തന്റെ പക്ഷത്തെ ആറ് എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും സംസ്ഥാന കോൺഗ്രസ് നേതൃത്വം തന്നെ തഴഞ്ഞുവെന്ന തോന്നൽ സിന്ധ്യയിൽ ശക്തമായി.

മധ്യപ്രദേശിലെ കോൺഗ്രസിന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ച ജ്യോതിരാദിത്യക്ക് വേണ്ടത്ര എം.എൽ.എമാരുടെ പിന്തുണയില്ലാത്തതിനാൽ മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് ഇതിനു ആറുമാസം മാത്രം മുമ്പായിരുന്നു. പരിചയസമ്പന്നനായ കമൽനാഥിന് മുഖ്യമന്ത്രിസ്ഥാനം നൽകിയ രാഹുൽ ഗാന്ധി, സിന്ധ്യയുടെ നാളുകൾ വരാനിരിക്കുന്നതേയുള്ളൂ എന്ന പക്ഷക്കാരനായിരുന്നു.

നരേന്ദ്ര മോദി സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ റദ്ദാക്കി ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞപ്പോൾ, അതിന് പിന്തുണയുമായി പരസ്യമായി ആദ്യം രംഗത്തെത്തിയ കോൺഗ്രസ് നേതാക്കളിലൊരാൾ ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായ സമരമുഖങ്ങളിലെ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിനു പിന്നിലും സിന്ധ്യയാണെന്ന ശ്രുതികളും അങ്ങിങ്ങായി ഉയർന്നുകേട്ടു.

ജനുവരിയിൽ ബി.ജെ.പി മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയ സിന്ധ്യ വാർത്തകളിൽ ഇടംനേടി. വെറുമൊരു സൗഹൃദസന്ദർശനമായിരുന്നു എന്നാണ് ഇരുവരും അതേപ്പറ്റി പറഞ്ഞത്. സെപ്തംബറിൽ, സിന്ധ്യ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും അത്തരമൊരു ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. നവംബറിൽ നവംബറിൽ ട്വിറ്ററിലെ ബയോയിൽനിന്ന് കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം സിന്ധ്യ ഒഴിവാക്കി. ഒരുമാസം മുമ്പേ വരുത്തിയ മാറ്റമാണെന്നായിരുന്നു ഇതിനും അദ്ദേഹം നൽകിയ വിശദീകരണം.