LiveTV

Live

National

ജനാധിപത്യത്തിന്റെ 'അനിവാര്യത'യാകുന്ന റിസോര്‍ട്ട് രാഷ്ട്രീയം

തമിഴ്നാട്ടില്‍ ഒരു തവണ, കര്‍ണാടകയില്‍ രണ്ടിലധികം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെല്ലാം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി എം.എല്‍.എമാര്‍ റിസോര്‍ട്ടുകളില്‍ എത്തപ്പെട്ടു

ജനാധിപത്യത്തിന്റെ 'അനിവാര്യത'യാകുന്ന റിസോര്‍ട്ട് രാഷ്ട്രീയം

രാജ്യത്തിന്റെ രാഷ്ട്രീയ ശ്രദ്ധ മുഴുവന്‍ മറ്റൊരു റിസോര്‍ട്ടിലേക്ക് കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍. കേന്ദ്രം കര്‍ണാടകയിലെ ബംഗളൂരു തന്നെ. രാഷ്ട്രീയ പ്രതിസന്ധി ഏത് സംസ്ഥാനത്താണെങ്കിലും കോണ്‍ഗ്രസും ബി.ജെ.പിയുമെല്ലാം അവരുടെ എം.എല്‍.എമാര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് കര്‍ണാടകയിലാണ്. തമിഴ്നാടും കര്‍ണാടകയും മഹാരാഷ്ട്രയും ഗോവയുമെല്ലാം ഈ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടെ നിരവധി തവണകളിലായി റിസോര്‍ട്ട് രാഷ്ട്രീയത്തിന് സാക്ഷികളായി. ഭരണപക്ഷത്തുള്ള എം.എല്‍.എമാരെ രാജിവെപ്പിച്ച് സഭയിലെ അംഗബലം കുറച്ച്, സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന വിലകുറഞ്ഞ രാഷ്ട്രീയം തന്നെയാണ് ബി.ജെ.പി എല്ലായിടത്തും പയറ്റുന്നത്. ജനാധിപത്യ രീതിയില്‍ ഭരണം നേടാന്‍ സാധിക്കാതിരുന്ന എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി കളിച്ചത് ഈ രാഷ്ട്രീയം തന്നെ.

കര്‍ണാടകയും മഹാരാഷ്ട്രയും ഗോവയും കടന്നിപ്പോള്‍ മധ്യപ്രദേശിലാണ് ബി.ജെ.പിയുടെ കണ്ണ്. തമിഴ്നാട്ടില്‍ ഒരു തവണ, കര്‍ണാടകയില്‍ രണ്ടിലധികം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെല്ലാം ഭരണ മാറ്റത്തിന്റെ ഭാഗമായി എം.എല്‍.എമാര്‍ റിസോര്‍ട്ടുകളില്‍ എത്തപ്പെട്ടു.

ജ്യോതിരാദിത്യ സിന്ധ്യ
ജ്യോതിരാദിത്യ സിന്ധ്യ

ഇത്തവണ മധ്യപ്രദേശിലെ 19 എം.എല്‍.എമാരാണ് ബംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയിട്ടുള്ളത്. അത് വിജയിക്കുകുയും ചെയ്തിരിയ്ക്കുന്നു. അയോഗ്യത ഉള്‍പ്പെടെയുളള കാര്യങ്ങളിലേയ്ക്ക് കടക്കുമെന്ന് മധ്യപ്രദേശ് നിയമസഭ സ്പീക്കര്‍ പറഞ്ഞിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ച് ബി.ജെ.പി പാളയത്തില്‍ എത്തിയതോടെ, അമിത് ഷായ്ക്ക് കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാണ്. കൃത്യമായ തിരക്കഥയിലൂടെ കോണ്‍ഗ്രസ് ഭരിയ്ക്കുന്ന ഒരു സംസ്ഥാനം കൂടി കൈപിടിയിലാക്കാനുള്ള ബി.ജെ.പി ശ്രമം തടയാന്‍ മുഖ്യമന്ത്രി കമല്‍നാഥിനുമായില്ല. നിലവില്‍ 19 എം.എല്‍.എമാര്‍ രാജി നല്‍കി. ഇത് മുപ്പതിലേയ്ക്ക് എത്തുമെന്നാണ് ബി.ജെ.പി പറയുന്നത്.

കര്‍ണാടകയില്‍ 2018ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ബി.ജെ.പിയുടെയും എല്ലാം എം.എല്‍.എമാര്‍ റിസോര്‍ട്ടുകളിലേയ്ക്ക് മാറി. ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പിയെ സുപ്രീം കോടതി വിധിയിലൂടെ താഴെയിറക്കിയാണ് കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യം അധികാരത്തിലെത്തിയത്. 2019ല്‍ കാര്യങ്ങള്‍ മാറി. ബി.ജെ.പിയുടെ മറ്റൊരു റിസോര്‍ട്ട് നാടകം. കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും എം.എല്‍.എമാര്‍ നേരെ പോയത്, മഹാരാഷ്ട്രയിലെ റിസോര്‍ട്ടിലേയ്ക്കായിരുന്നു. അവിടെ കുറെ ദിവസങ്ങള്‍. ശേഷം തിരിച്ചെത്തിയത്, ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം. അയോഗ്യരാക്കപ്പെട്ടെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ഭൂരിഭാഗം പേരും ഇപ്പോള്‍ മന്ത്രിമാരാണ്.

ടി.ടി.വി ദിനകരന്‍
ടി.ടി.വി ദിനകരന്‍

ജയലളിതയുടെ മരണ ശേഷം 2017ലാണ് തമിഴ്നാട്ടില്‍ റിസോര്‍ട്ട് രാഷ്ട്രീയം വന്നത്. ഒ.പനീര്‍ശെല്‍വം ഇടഞ്ഞതോടെ, ബാക്കിയുള്ളവരെ ഒപ്പം നിര്‍ത്താന്‍ കൂവത്തൂരിലെ റിസോര്‍ട്ടിലേയ്ക്ക് മാറ്റുകയായിരുന്നു ടി.ടി.വി ദിനകരന്‍ ചെയ്തത്. ശശികല ജയിലില്‍ ആയതോടെ, ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ ഒ.പി.എസിനെ വീണ്ടും കൂട്ടുപിടിച്ചു മുഖ്യമന്ത്രി എടപ്പാടി പഴനിസാമി. ഇതിന് പിന്നിലും ബി.ജെ.പിയുടെ വ്യക്തമായ അജണ്ടയുണ്ടായിരുന്നു. ഒറ്റയ്ക്ക് നില്‍ക്കാന്‍ തമിഴ്നാട്ടില്‍ ഇടമില്ലാത്ത ബി.ജെ.പി, പിന്നീട് അണ്ണാ ഡി.എം.കെയുടെ സഖ്യകക്ഷിയായി. ഇപ്പോള്‍ ബി.ജെ.പി പറയുന്നതാണ് തമിഴ്നാട് സര്‍ക്കാര്‍ ചെയ്യുന്നത്. ഒരു എം.എല്‍.എപോലും ഇല്ലെങ്കിലും തമിഴ്നാടിന്റെ ഭരണചക്രം നിയന്ത്രിയ്ക്കാന്‍ ബി.ജെ.പിയ്ക്ക് കൃത്യമായി സാധിക്കുന്നത്.