LiveTV

Live

National

കൊറോണ; ഡൽഹിയില്‍ വടക്ക് കിഴക്കന്‍ വിദ്യാർത്ഥിനികൾക്ക് നേരെ ആക്രമണം 

മോട്ടോർബൈക്കുകളിൽ എത്തിയ 6 പുരുഷന്മാരടങ്ങുന്ന സംഘമാണ് വിദ്യാർത്ഥിനികൾക്ക് നേരെ വെള്ളം നിറച്ച ബലൂണുകൾ എറിയുകയും കൊറോണവൈറസ് എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്.

കൊറോണ; ഡൽഹിയില്‍ വടക്ക് കിഴക്കന്‍ വിദ്യാർത്ഥിനികൾക്ക് നേരെ ആക്രമണം 

ഡൽഹി യൂണിവേഴ്സിറ്റി നോർത്ത് ക്യാമ്പസ്സിന് സമീപത്ത് വെച്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 2 വിദ്യാർത്ഥിനികൾക്ക് നേരെ ആക്രമണം. മോട്ടോർബൈക്കുകളിൽ എത്തിയ 6 പുരുഷന്മാരടങ്ങുന്ന സംഘമാണ് വെള്ളം നിറച്ച ബലൂണുകൾ എറിയുകയും കൊറോണവൈറസ് എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തത്. "അവർ എനിക്കും എന്റെ കൂട്ടുകാരിക്കും നേരെ ബലൂണുകൾ എറിഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ ഒന്നും ചെയ്യാതെ അവർ ഞങ്ങളെ മാത്രം രഹസ്യ ഭാഗങ്ങൾ ഉന്നം വെച്ച്എ റിയുകയായിരുന്നു. മാസ്ക് മാറ്റിയപ്പോൾ ഞാൻ മംഗോളിയൻ ആണെന്ന് കണ്ട അവർ 'കൊറോണ' എന്ന് വിളിച്ച് ആക്രോശിച്ചു. നടുക്കം കാരണം എനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ല". ആക്രമണത്തിന് ഇരയായ ഡൽഹി ഹൻസ്‌ രാജ് കോളേജ് വിദ്യാർത്ഥിനി പറയുന്നു.

ഇന്ദ്ര വിഹാറിലുള്ള ഒരു സുഹൃത്തിന്റെ അടുക്കൽ ചെന്ന വിദ്യാർത്ഥിനികൾ നോർത്ത് ഈസ്റ്റ് ഹെല്പ്ലൈനിലേക്ക് ബന്ധപ്പെടുകയും ഉടനെ തന്നെ പിസിആർ വാൻ അയക്കാമെന്ന് അവർ അറിയിക്കുകയും ചെയ്തു. എന്നാൽ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ സാധാരണവത്കരിക്കുവാൻ ശ്രമിക്കുകയാണുണ്ടായത്. വിദ്യാർത്ഥിനികളുടെ പോലീസ് സ്റ്റേഷൻ രൂപ് നഗർ ആണെന്നും അതിനാൽ തങ്ങളെ അല്ലായിരുന്നു വിളിക്കേണ്ടത് എന്നുമാണ് പോലീസ് പറഞ്ഞത്. മാത്രമല്ല ഹോളി അടുത്ത് വരുന്നത് കൊണ്ട് ഇതൊക്കെ സാധാരണമാണ് എന്നും ഇനിമുതൽ ഡൽഹിയിലെയും ഹരിയാനയിലെയും സ്ത്രീകളെ പോലെ കയ്യിൽ വടി കരുതണമെന്നും ഉപദേശിക്കുകയായിരുന്നു പോലീസ് ചെയ്തത്. പിന്നീട് കാണാൻ ചെന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥിനികൾ സംഭവസ്ഥലത്തെ കുറിച്ച കൃത്യമായ ധാരണ പോലീസിന് നൽകിയില്ല എന്ന് പറഞ്ഞ് ശാസിക്കുകയായിരുന്നു. എന്നാൽ കൃത്യമായ വിവരണം തങ്ങൾ പോലീസിന് കൊടുത്തിരുന്നതായാണ് വിദ്യാർത്ഥിനികൾ പറയുന്നത്. തുടർന്ന് കേസ് രൂപ് വിഹാര പോലീസ് സ്റ്റേഷനിൽ എത്തുകയും വിദ്യാർത്ഥിനി അവിടെ ഹാജരാവുകയും ചെയ്തു. "അവരുടെ മുൻഗണന എനിക്ക് സംരക്ഷണം തരിക എന്നതായിരുന്നില്ല. ഞാനൊരു മംഗോളിയൻ ആണെന്ന് കണ്ട എനിക്ക് ഹിന്ദി മനസ്സിലാകുമോ എന്നതായിരുന്നു പോലീസിന്റെ ആദ്യ ചോദ്യം. അവർ വീണ്ടും കാര്യങ്ങളെ നിസ്സാരവത്കരിച്ചു. 'കൊറോണ വൈറസ്' എന്ന് വിളിച്ച് അക്രമികൾ എന്നെ അധിക്ഷേപിക്കാൻ ശ്രമിച്ചു എന്നത് ഞാൻ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കേണ്ടിവന്നു". വിദ്യാർത്ഥിനി പറയുന്നു. താൻ ആദ്യം കൊടുത്തിരുന്ന പരാതി എസ്.എച്.ഒ പരിഗണിച്ചില്ലായിരുന്നു എന്നും പിന്നീട് പുതിയ പരാതി എഴുതിക്കൊടുക്കേണ്ടി വന്നുവെന്നും, പോലീസ് ആക്ഷൻ എടുക്കുമോ എന്ന് തനിക്ക് ഉറപ്പില്ലായെന്നും വിദ്യാർത്ഥിനി കൂട്ടിച്ചേർത്തു.

കൊറോണ വൈറസിന്റെ പേരിൽ വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ ആക്രമണത്തിന് ഇരയാകുന്ന ആദ്യത്തെ കേസ് അല്ല ഇത്‌. ഡൽഹി യൂണിവേഴ്സിറ്റി കിരോരി മാൽ കോളേജിലെ വിദ്യാർത്ഥിയും തന്റെ സുഹൃത്തുക്കളിൽ നിന്ന് കുറച്ച് ദിവസങ്ങൾക്ക് മുന്നേ അക്രമിക്കപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ച കോളേജ് പ്രിൻസിപ്പൽ ആക്ഷൻ എടുക്കുമെന്നും വിദ്യാർത്ഥികൾക്ക് വേണ്ടി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പറഞ്ഞിരുന്നു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീറിങ്ങ് വിദ്യാർത്ഥിയായ അസംകാരൻ സഞ്ജിബ് നാട്ടിൽ നിന്ന് മടങ്ങി വരുമ്പോൾ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ ചോദ്യം ചെയ്യുകയും ആക്ഷേപിക്കുകയും ചെയ്തതായി പറയുകയുണ്ടായി. ചൈനക്കാരെ പോലെ ഇരിക്കുന്നത് കൊണ്ട് അസമിലുള്ളവർക്കൊക്കെ വൈറസ് പിടിപെട്ട് കാണുമെന്ന് ഞങ്ങൾ വിചാരിച്ചു എന്നായിരുന്നു സുഹൃത്തുക്കൾ ഈ വിദ്യാർത്ഥിയോട് പറഞ്ഞത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി പേര് ഇത്തരത്തിൽ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. ഡൽഹിയിൽ യു.പി.എസ്.സി ക്ക് വേണ്ടി തയ്യാറെടുക്കുന്ന ഡൽഹി യൂണിവേഴ്സിറ്റി പൂർവവിദ്യാർത്ഥി സുമൻ തന്റെ സഹ വിദ്യാർത്ഥിയിൽനിന്നും നേരിട്ട അനുഭവം പങ്കുവെച്ചത് ഇതിൽ ഒന്നാണ്. "വാട്ടർ ബലൂണുകൾ ഉപയോഗിച്ച് ആക്രമിക്കുന്നത് ഇവിടെ പതിവാണ്. വിദേശത്ത് നിന്നുള്ളവരെ പോലെ ഇരിക്കുന്നത് കൊണ്ട് ഞങ്ങളാണ് മിക്കവാറും ഇതിനു ഇരയാവാറ്. ദിനേനേയുള്ള ഈ വംശീയാക്രമണം ഞങ്ങൾക്ക് ശീലമായിരുന്നു. എന്നാൽ കൊറോണവൈറസ് എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് വളരെയധികം തരം താണ ഒരു പ്രവണത തന്നെയാണ് ". ഡൽഹിയിലെ നോർത്ത് ഈസ്റ്റ് വിദ്യാർത്ഥികളായ നോയ്‌ഹൃത് ഗോഗോയും നാഥനിൽ വേജിരിയും പറയുന്നു.