LiveTV

Live

National

സി.പി.എം തടസം നിന്നു; യെച്ചൂരി രാജ്യസഭയിലുണ്ടാകില്ല

മാർച്ചിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽനിന്ന് മത്സരിക്കാനുള്ള സീതാറാം യെച്ചൂരിയുടെ നാമനിർദേശികപത്രികയാണ് സി.പി.എം വീണ്ടും തടഞ്ഞത്.

സി.പി.എം തടസം നിന്നു; യെച്ചൂരി രാജ്യസഭയിലുണ്ടാകില്ല

പാർട്ടി മുഖ്യന്റെ രാജ്യസഭ പ്രവേശനങ്ങള്‍ക്ക് രണ്ടാം തവണയും ഇതുപോലെ തടസ്സം നിൽക്കുന്ന രാഷ്ട്രീയ പാർട്ടി ഒരുപക്ഷെ സി.പി.എം മാത്രമായിരിക്കും. മാർച്ചിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽനിന്ന് മത്സരിക്കാനുള്ള സീതാറാം യെച്ചൂരിയുടെ നാമനിർദേശികപത്രികയാണ് സി.പി.എം വീണ്ടും തടഞ്ഞത്. ഫെബ്രുവരി 6ന് ഡൽഹിയിൽ വെച്ച് നടന്ന യോഗത്തിലായിരുന്നു പാർട്ടി തീരുമാനം. കോൺഗ്രസിന്റെ പിന്തുണയോടെ മത്സരിക്കുവാനുള്ള യെച്ചൂരിയുടെ തീരുമാനത്തിന്, പാർട്ടിയുടെ ബംഗാൾ ഘടകം പൂർണ പിന്തുണ നൽകിയിരുന്നു. എന്നാൽ, നിലവിൽ കേരള ഘടകത്തിന് ഭൂരിപക്ഷമുള്ള, സി.പി.എം പോളിറ്റ് ബ്യൂറോ രണ്ടാം പ്രാവശ്യവും നാമനിർദേശികപത്രിക തള്ളാൻ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി മത്സരിക്കുന്ന പാരമ്പര്യം സി.പി.എമ്മിന് ഇല്ലായെന്നും മാത്രമല്ല രാജ്യസഭയിലേക്ക് ഒരേ നേതാവിനെ രണ്ടിൽ കൂടുതൽ തവണ പാർട്ടി നാമനിർദേശം ചെയ്യാറില്ല എന്നുമാണ് ഇതുസംബന്ധിച്ച പാർട്ടി പുറത്തുവിടുന്ന കാരണങ്ങൾ.

2005- 2017 കാലയളവുകളിലായി രണ്ട് തവണ ഇദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2017ൽ കാലാവധി തീരുമ്പോൾ കോൺഗ്രസിന്റെ പിന്തുണയോടെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും സംസ്ഥാന ഭരണം നഷ്ടപ്പെട്ടിരുന്ന സി.പി.എം, കോൺഗ്രസിനെയും തൃണമൂല്‍ കോൺഗ്രസിനെയും ഒരുപോലെ എതിർക്കുന്ന പാർട്ടി ചട്ടങ്ങൾക്ക് ഇത്‌ വിരുദ്ധമാകുമെന്നും രാഷ്ട്രീയ സമ്മർദ്ധമുണ്ടെന്നും ചൂണ്ടി കാട്ടി അത് തടയുകയായിരുന്നു.

പാർട്ടി ജനറൽ സെക്രട്ടറിയുടെ അമിത ഉത്തരവാതിത്വം കാരണം പാർലമെന്ററി കാര്യങ്ങൾ കൃത്യമായി ചെയ്യുവാൻ സാധിക്കില്ലെന്ന് ചില സി.പി.എം അംഗങ്ങൾ അഭിപ്രായപ്പെടുമ്പോൾ, പാർട്ടിക്കകത്തെ വിഭാഗീയതയാണ് യെച്ചൂരിയുടെ പാര്‍ലമെന്റിലേക്കുള്ള വഴി തടയുന്നത് എന്നും ചില ആരോപണങ്ങൾ ഉയരുന്നുണ്ട്. മാർച്ച് 26നാണ് പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭയിലേക്കുള്ള അഞ്ചു സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ 4 സീറ്റുകൾ കൈവശമുള്ള തൃണമൂൽ അവ തിരിച്ച് പിടിക്കാനുള്ള തയാറെടുപ്പിലാണ്. സി.പി.എം നാമനിർദേശം ചെയ്ത് 2014ൽ രാജ്യസഭാംഗമായ റിതബ്രത ബന്ദോപാധ്യായാണ് 5ാംമത്തെ സീറ്റിലുണ്ടായിരുന്നത്. എന്നാൽ 2017ൽ ഇദ്ദേഹം സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെടുകയും തുടർന്ന് പാർട്ടിക്ക് രാജ്യസഭാംഗത്വം നഷ്ടപ്പെടുയും ചെയ്തു. 1964ൽ സി.പി.എം രൂപീകരത്തിനു ശേഷം ഇതാദ്യമായാണ് പാർട്ടിക്ക് ലോക്സഭയിലും രാജ്യസഭയിലും പ്രതിനിധികൾ ഇല്ലാതാവുന്നത്.

യെച്ചൂരിയെ പാർലമെന്റിലേക്ക് അയക്കാനുള്ള ആവശ്യവുമായി മുന്നോട്ട് വന്നത് സി.പി.എം ബംഗാൾ ഘടകം ആയിരുന്നു. നിയമസഭയിൽ ആവശ്യമായ പ്രാതിനിധ്യം പാർട്ടിക്ക് ഇല്ലാത്തതുകൊണ്ട് കോൺഗ്രസിന്റെ പിന്തുണയോടെ ഇതു സാധ്യമാക്കാനായിരുന്നു നിർദ്ദേശം. എന്നാൽ ഇത്തരത്തിൽ കോൺഗ്രസ് പിന്തുണയോടെ പാർട്ടി ജനറൽ സെക്രട്ടറി രാജ്യസഭയിലേക്ക് മത്സരിക്കുന്നത് പൂർണമായും പാർട്ടി ആദർശത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നാമനിർദ്ദേശപത്രിക പോളിറ്റ് ബ്യൂറോ തടയുകയായിരുന്നു. മാത്രമല്ല സമകാലീക രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറി പദവി ഏറ്റവും വിജയകരമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന ആളാണ് യെച്ചൂരി എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം സി.പി.എം നേതാക്കളും.