LiveTV

Live

National

മമത 2021ഓടെ അധികാരത്തിൽ നിന്ന് പുറത്തുപോകും, ബംഗാളിൽ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും: രാം മാധവ്

ബംഗാളിനോടൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസാമിലും പാർട്ടി അധികാരത്തിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു.

മമത 2021ഓടെ അധികാരത്തിൽ നിന്ന് പുറത്തുപോകും, ബംഗാളിൽ  ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും: രാം മാധവ്

2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുവാനും സര്‍ക്കാര്‍ രൂപീകരിക്കുവാനും പാർട്ടി പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാഹ് അടക്കമുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കൾ കുറച്ചു നാളായി ഇതിന്റെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "വെസ്റ്റ് ബംഗാളിൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള ശ്രമത്തിലാണ് പാർട്ടി . ആഭ്യന്തര മന്ത്രിയടക്കമുള്ള മുതിർന്ന നേതാക്കൾ ഇതിനുവേണ്ടി സമയം മാറ്റിവെച്ച് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വർഷം കൊണ്ട് വിജയം നേടാനുള്ള തലത്തിലേക്ക് പാർട്ടി അവിടെ ശക്തിപ്പെടും. മമത ബാനർജി അധികാരത്തിൽ നിന്ന് പുറത്തുപോവുകയും ബി.ജെ.പി ഗവൺമെൻറ് രൂപീകരിക്കുകയും ചെയ്യും", മാധ്യമങ്ങളോട് സംസാരിക്കവെ റാം മാധവ് പറഞ്ഞു.

പശ്ചിമ ബംഗാളിനോടൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസാമിലും പാർട്ടി അധികാരത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയും ബി.ജെ.പി നേതാവ് പങ്കുവെച്ചു. പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിഹത്തയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച അസാമിൽ ബി.ജെ.പി കൂട്ടുകക്ഷി ഭരണം തിരിച്ചുവരുമെന്നതിൽ തനിക്ക് യാതൊരുവിധ സംശയവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അസാമിലുണ്ടായ ആഘാതങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇതുസംബന്ധിച്ച് ഉണ്ടായിട്ടുള്ള തെറ്റായ വിവരങ്ങളും അപവാദങ്ങളും കൈകാര്യം ചെയ്യാനുള്ള പ്രവർത്തനങ്ങളിലാണ് പാർട്ടി എന്നായിരുന്നു മറുപടി. "അടുത്തിടെ ദിബ്രുഗർഹിൽ ഞങ്ങൾ വലിയൊരു റാലി നടത്തിയിരുന്നു. അസാമിലെ ജനങ്ങൾ ഞങ്ങളോട് പ്രതികരിച്ച രീതിയിൽ നിന്നും അവർക്ക് സി.എ.എ സംബന്ധിച്ച സംശയങ്ങളൊന്നും ബാക്കിനിൽക്കുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. രാജ്യത്തിനകത്തും പുറത്തും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത് ", രാം മാധവ് പറഞ്ഞു.

2021ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിലാണ് പശ്ചിമ ബംഗാൾ നിയമസഭാ ഇലക്ഷൻ നടക്കേണ്ടത്. ആകെ 295 സീറ്റുകളുള്ള വെസ്റ്റ് ബംഗാളിൽ 2016ലെ തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തായിരുന്നു ബി.ജെ.പി. എന്നാൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 42ൽ 18 സീറ്റുകളോടെ മികച്ച നേട്ടമാണ് പാർട്ടി നേടിയത്.