LiveTV

Live

National

‘രാഹുല്‍ സ്വീകാര്യതയുള്ള നേതാവ്, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ട സമയം അതിക്രമിച്ചു; അജയ് മാക്കന്‍

പാര്‍ട്ടികള്‍ കാലത്തിനനുസരിച്ച് അവരുടെ നേതൃത്വത്തെ മാറ്റിയില്ലെങ്കില്‍ ജനം പാര്‍ട്ടികളെ മാറ്റുമെന്ന് അജയ് മാക്കന്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

‘രാഹുല്‍ സ്വീകാര്യതയുള്ള നേതാവ്, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ട സമയം അതിക്രമിച്ചു; അജയ് മാക്കന്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാന വിഷയത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് ദല്‍ഹി യൂണിറ്റ് മുന്‍ പ്രസിഡണ്ടുമായ അജയ് മാക്കന്‍. പാര്‍ട്ടികള്‍ കാലത്തിനനുസരിച്ച് അവരുടെ നേതൃത്വത്തെ മാറ്റിയില്ലെങ്കില്‍ ജനം പാര്‍ട്ടികളെ മാറ്റുമെന്ന് അജയ് മാക്കന്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിപറഞ്ഞ അജയ് മാക്കന്‍, കോണ്‍ഗ്രസിലെ ഏറ്റവും സ്വീകാര്യതയുള്ള നേതാവാണ് രാഹുല്‍ എന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം വരേണ്ട സമയം അതിക്രമിച്ചുവെന്നും വ്യക്തമാക്കി. ബി.ജെ.പിക്കും മോദിക്കുമെതിരെ തുടര്‍ച്ചയായി കൃത്യമായി പ്രതിരോധം തീര്‍ക്കുന്നതില്‍ രാഹുല്‍ മികച്ചതാണെന്നും അജയ് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ദീര്‍ഘ കാല ഉപദേശക പദവിയില്‍ താല്‍ക്കാലിക പ്രസിഡണ്ട് ചുമതലയിലുള്ള സോണിയ ഗാന്ധിയെ നിയമിക്കണമെന്നും അവരുടെ അനുഭവജ്ഞാനവും അനുഭവപാടവവും പുതിയ പ്രസിഡണ്ടിന് കാര്യങ്ങള്‍ നിയന്തിക്കാന്‍ എളുപ്പമാകുമെന്നും അജയ് മാക്കന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഭരണഘടന അത്തരത്തില്‍ തിരുത്തണമെന്നും അജയ് മാക്കന്‍ ആവശ്യപ്പെട്ടു.

‘രാഹുല്‍ ഗാന്ധി തിരിച്ചുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഞാനിത് പറയുന്നത് ശക്തമായ കാരണങ്ങളുടെയും വിശ്വാസത്തിന്റെയും പിന്‍ബലത്തിലാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സര്‍വ്വസമ്മതനാണ്. രാഹുല്‍ ഗാന്ധിക്കുള്ള സ്വീകാര്യത കോണ്‍ഗ്രസിലെ മറ്റു മുഖങ്ങള്‍ക്കില്ല’; അജയ് മാക്കന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി തിരിച്ചുവരേണ്ട ശരിയായ സമയം ഏതാണെന്ന ചോദ്യത്തിന് ‘വളരെ പെട്ടെന്ന് വന്നാല്‍ ശരിയാകുമെന്നും അല്ലെങ്കില്‍ ഇപ്പോഴത്തെ അസ്ഥിരത പെട്ടെന്ന് അവസാനിക്കുമെന്നും മാക്കന്‍ പറഞ്ഞു.

ദല്‍ഹിയിലെ കോണ്‍ഗ്രസിന്റെ പരാജയ കാരണത്തിനും അജയ് മാക്കന്‍ അഭിമുഖത്തില്‍ മറുപടി നല്‍കി. 2019 ജനുവരി മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആം ആദ്മി തലവന്‍ അരവിന്ദ് കെജ്‍രിവാളിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിച്ചതും ബി.ജെ.പിയുടെ വിഭാഗീയതയും ആം ആദ്മിയെ വിജയിപ്പിച്ചെന്ന് മാക്കന്‍ പറയുന്നു.