LiveTV

Live

National

കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ ഗോമൂത്രത്തിനും യജ്ഞത്തിനും കഴിയുമെന്ന് ബി.ജെ.പി എം.എല്‍.എ

നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും ആയിരക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ചെയ്ത മാരകമായ വൈറസിന്റെ വ്യാപനം തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബി.ജെ.പി എം.എല്‍.എ

കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ ഗോമൂത്രത്തിനും യജ്ഞത്തിനും കഴിയുമെന്ന് ബി.ജെ.പി എം.എല്‍.എ

കൊറോണ വൈറസ് ബാധിച്ചവരെ സുഖപ്പെടുത്താൻ ചാണകത്തിന് കഴിയുമെന്ന് അസമിലെ ഒരു നിയമസഭാംഗം അവകാശപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, ഉത്തരാഖണ്ഡിലെ മറ്റൊരു എം.എല്‍.എ സമാന അവകാശവാദവുമായി രംഗത്ത്. പുരാതന ഹിന്ദു ആചാരങ്ങൾക്കും ഗോമൂത്രത്തിനും കൊറോണ വൈറസിനെ “വായുവിലാണെങ്കിലും ശരീരത്തിനുള്ളിലാണെങ്കിലും” ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്നാണ് ഹരിദ്വാറിലെ ലക്സറില്‍ നിന്നുള്ള ബി.ജെ.പി നിയമസഭാംഗമായ സഞ്ജയ് ഗുപ്ത അവകാശപ്പെട്ടത്. ചമോലി ജില്ലയിലെ ഗെയ്‌സെയ്‌നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സഞ്ജയ് ഇക്കാര്യം പറഞ്ഞത്.

ലോകമെമ്പാടുമുള്ള നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും ആയിരക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ചെയ്ത മാരകമായ വൈറസിന്റെ വ്യാപനം തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബി.ജെ.പി എം.എല്‍.എ. “ഹിന്ദുമതത്തിലെ പുരാതന ആചാരങ്ങൾ അനുസരിച്ച് യജ്ഞം നടത്തുന്നത് മാരകമായ കൊറോണ വൈറസിനെ വായുവിൽ വെച്ച് തന്നെ കൊല്ലാൻ സഹായിക്കും,” സ‍ഞ്ജയ് ഗുപ്ത പറഞ്ഞു. തറയില്‍ ചാണകം പൂശുന്നതും നല്ലതാണ്. രാജ്യത്ത് മുമ്പ് ആളുകൾ വീടുകളുടെ നിലം ചാണകം ഉപയോഗിച്ച് മെഴുകാറുണ്ടായിരുന്നു. ഇത് അണുനാശിനി ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആളുകൾ അത് മറന്നു. അവർ വീണ്ടും അത് ആരംഭിക്കുകയാണെങ്കിൽ, വൈറസ് അവരുടെ വീടുകളിൽ പ്രവേശിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, ” സഞ്ജയ് പറഞ്ഞു. “ഇതിനുപുറമെ, ഗോമാതാവിന്റെ ഉൽ‌പ്പന്നങ്ങൾക്ക് വൈറസുകളെ പ്രതിരോധിക്കാനുള്ള മാന്ത്രിക ശക്തിയുണ്ട്. മാരകമായ വൈറസ് ബാധിക്കുന്നത് തടയാൻ ആളുകൾ ഗോമൂത്രം കുടിക്കണമെന്നും സഞ്ജയ് പറയുന്നു. സംസ്ഥാനത്ത് വൈറസ് പടരുന്നത് തടയാനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് സർക്കാർ സഭയെ അറിയിച്ച ദിവസമാണ് ഗുപ്തയുടെ ഈ പ്രസ്താവന.