LiveTV

Live

National

‘’എന്റെ ശബ്ദം കേള്‍ക്കാത്തവരുടെ ആദരം എനിക്ക് വേണ്ട, എന്നെ ആഘോഷിക്കുകയും വേണ്ട’’; മോദിക്കെതിരെ പെണ്‍കുട്ടി

വനിതാ ദിനത്തില്‍ എട്ടു വയസുകാരിയായ പരിസ്ഥിതി പ്രവര്‍ത്തകയെ ആദരിക്കാന്‍ മോദി, തന്റെ ശബ്ദം കേള്‍ക്കാത്തവരുടെ ആദരം തനിക്ക് വേണ്ടെന്ന് പെണ്‍കുട്ടി

‘’എന്റെ ശബ്ദം കേള്‍ക്കാത്തവരുടെ ആദരം എനിക്ക് വേണ്ട, എന്നെ ആഘോഷിക്കുകയും വേണ്ട’’; മോദിക്കെതിരെ പെണ്‍കുട്ടി

അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ #SheInspiresUs കാമ്പെയ്‌നോട് മുഖംതിരിച്ച് എട്ട് വയസുകാരിയായ പരിസ്ഥിതി പ്രവര്‍ത്തക ലിസിപ്രിയ കങ്കുജം. തന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകാത്തവര്‍, തന്നെ ആഘോഷിക്കുകയും വേണ്ടെന്ന് ലിസിപ്രിയ പറഞ്ഞു. മണിപ്പൂർ സ്വദേശിനിയായ ലിസിപ്രിയ കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യുകയും കഴിഞ്ഞ വർഷം പാർലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.

“നിങ്ങൾ എന്റെ ശബ്ദം കേൾക്കാൻ തയ്യാറല്ലെങ്കില്‍ ദയവായി എന്നെ ആഘോഷിക്കുകയും ചെയ്യരുത്,” മോദിയോട് ലിസിപ്രിയ ട്വീറ്റിലൂടെ പറഞ്ഞു. “നിങ്ങളുടെ കാമ്പെയിനായ #SheInspiresUs പ്രകാരം രാജ്യത്തെ പ്രചോദനാത്മക വനിതകളിൽ ഒരാളായി എന്നെ തിരഞ്ഞെടുത്തതിന് നന്ദി. പലതവണ ആലോചിച്ച ശേഷം ഈ ആദരം നിരസിക്കാൻ ഞാൻ തീരുമാനിച്ചു.” ട്വീറ്റിലൂടെ ലിസിപ്രിയ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് മണിപ്പൂരില്‍ നിന്നുള്ള ലിസിപ്രിയ തങ്ങള്‍ക്ക് പ്രചോദനമായ സ്ത്രീകളില്‍ ഒരാളാണ് എന്ന് MyGovIndia ട്വീറ്റ് ചെയ്‍തിരുന്നു. ഇതിന് മറുപടിയായാണ് ലിസിപ്രിയയുടെ ട്വീറ്റ്. “മണിപ്പൂരിൽ നിന്നുള്ള ഒരു കുട്ടി പരിസ്ഥിതി പ്രവർത്തകയാണ് ലിസിപ്രിയ കങ്കുജം. 2019 ൽ ഡോ. എ.പി.ജെ അബ്ദുല്‍ കലാം ചിൽഡ്രൻ അവാർഡ്, കുട്ടികള്‍ക്കായുള്ള ലോക സമാധാന സമ്മാനം, ഇന്ത്യാ സമാധാന സമ്മാനം എന്നിവ ലഭിച്ചു. അവൾ എല്ലാവര്‍ക്കും പ്രചോദനമല്ലേ? അവളെപ്പോലെയുള്ള ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? #SheInspiresUs ഉപയോഗിച്ച് ഞങ്ങളോട് പറയുക. ” എന്നായിരുന്നു MyGovIndia യുടെ ട്വീറ്റ്. എന്നാല്‍ തന്റെ ശബ്ദം കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ തന്നെ ദയവായി ആഘോഷിക്കുകയും ചെയ്യരുതെന്ന് ലിസിപ്രിയ മോദിയോട് അഭ്യര്‍ഥിച്ചു.

‘’എന്റെ ശബ്ദം കേള്‍ക്കാത്തവരുടെ ആദരം എനിക്ക് വേണ്ട, എന്നെ ആഘോഷിക്കുകയും വേണ്ട’’; മോദിക്കെതിരെ പെണ്‍കുട്ടി

ഈ നിരസിക്കൽ സർക്കാരിനെ “എന്റെ ആവശ്യങ്ങൾ ശ്രദ്ധിക്കാൻ” പ്രേരിപ്പിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് ലിസിപ്രിയ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “എന്റെ ആശങ്കകൾ ചർച്ച ചെയ്യാൻ ആരും എന്നെ വിളിക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല,” ലിസിപ്രിയ അഭിമുഖത്തിൽ പറഞ്ഞു. “നമ്മുടെ നേതാക്കളും രാഷ്ട്രീയക്കാരും ഒരിക്കലും കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമേറിയ വിഷയമായി കണക്കാക്കുന്നില്ല, അതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഈ കാമ്പെയ്‌ൻ അവർക്ക് ഗുണകരമായിരിക്കും. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കണക്കിലെടുക്കുമ്പോൾ, അതിനൊന്നും ഈ കാമ്പയിന്‍ കൊണ്ട് പരിഹാരമാകുമെന്ന് ഞാൻ കരുതുന്നില്ല,” ലിസിപ്രിയ കൂട്ടിച്ചേർത്തു. ഇത് മുഖത്ത് ഒരു ഫെയർനെസ് ക്രീം പുരട്ടുന്നതുപോലെയാകും, വൃത്തിയാക്കിയാല്‍ പിന്നെ ആ തിളക്കം മുഖത്തുണ്ടാകില്ലെന്നും ലിസിപ്രിയ പറഞ്ഞു.