LiveTV

Live

National

ഡൽഹിയിലെ ഇരകളെ സഹായിച്ചതിനു നന്ദി; തർക്കഭൂമി സിഖ് സമുദായത്തിനു വിട്ടുകൊടുത്ത് യു.പിയിലെ മുസ്‌ലിംകൾ

വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമത്തിന് ഇരയായവർക്ക് സിഖ് സമുദായം നൽകിയ പിന്തുണക്കുള്ള നന്ദിയായി ഈ പകരം ഭൂമി വേണ്ടെന്നു വെച്ചിരിക്കുകയാണ് മുസ്ലിംകൾ.

ഡൽഹിയിലെ ഇരകളെ സഹായിച്ചതിനു നന്ദി; തർക്കഭൂമി സിഖ് സമുദായത്തിനു വിട്ടുകൊടുത്ത് യു.പിയിലെ മുസ്‌ലിംകൾ

ഡൽഹിയിലെ സംഘ് പരിവാർ അക്രമത്തിന് ഇരയായവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്ത സിഖ് സമുദായത്തോടുള്ള നന്ദിസൂചകമായി, പത്തുവർഷത്തോളമായി തർക്കം നിലനിൽക്കുന്ന ഭൂമി വിട്ടുനിൽകി ഉത്തർപ്രദേശിലെ മുസ്ലിംകൾ. പടിഞ്ഞാറൻ യു.പിയിലെ സഹാറൻപൂരിലാണ് സംഭവം.

പത്തുവർഷം മുമ്പ് ഗുരുദ്വാര (സിഖ് ആരാധനാലയം) വികസനത്തിനായി സിഖുകാർ വാങ്ങിയ ഭൂമിയിൽ പണ്ട് മസ്ജിദ് ഉണ്ടായിരുന്നുവെന്ന് വാദിച്ചാണ് മുസ്ലിംകൾ അവകാശവാദമുന്നയിച്ചിരുന്നത്. കേസ് സുപ്രീം കോടതിയിലെത്തിയതിനു പിന്നാലെ മുസ്ലിംകൾ ഭൂമി വിട്ടുനൽകി. പകരമായി മറ്റൊരിടത്ത് ഭൂമി നൽകാൻ സിഖ് സമുദായവും സന്നദ്ധരായി.

എന്നാൽ, വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമത്തിന് ഇരയായവർക്ക് സിഖ് സമുദായം നൽകിയ പിന്തുണക്കുള്ള നന്ദിയായി ഈ പകരം ഭൂമി വേണ്ടെന്നു വെച്ചിരിക്കുകയാണ് മുസ്ലിംകൾ. സിഖ് സമുദായം നൽകാമെന്നേറ്റ ഭൂമി സഹാറൻപൂർ മസ്ജിദ് കമ്മിറ്റി വേണ്ടെന്നു വെക്കുകയാണെന്നും ഡൽഹിയിൽ അവർ ചെയ്തത് 'ദൈവത്തിന്റെ ജോലി'യാണെന്നും സുപ്രീം കോടതിയിൽ മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിച്ച അഡ്വ. നിസാം പാഷ പറഞ്ഞു.

'പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിലും ഈയിടെ ഡൽഹിയിലുണ്ടായ കലാപത്തിലും സിഖുകൾ മുസ്ലിംകൾക്ക് നൽകിയ പിന്തുണക്കും സഹായത്തിനും നന്ദിസൂചകമായി സഹാറൻപൂർ മസ്ജിദ് കമ്മിറ്റി ഭൂമിക്കുമേലുള്ള അവകാശവാദം പൂർണമായി ഉപേക്ഷിക്കുകയാണ്.'
അഡ്വ. നിസാം പാഷ

സിഖുകാർ മനുഷ്യത്വത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്നും ആവശ്യക്കാരെ സഹായിക്കുക എന്നത് അവരുടെ സവിശേഷതയാണെന്നും മുസ്ലിം ഹരജിക്കാരൻ മുഹറം അലിയെ ഉദ്ധരിച്ച് 'ദി ക്വിന്റ്' റിപ്പോർട്ട് ചെയ്തു. 'ഡൽഹിയിലെ വർഗീയ അക്രമത്തിന് ഇരയായ ജനങ്ങളെ അവർ സഹായിച്ചു. അത് ദൈവത്തിന്റെ പ്രവൃത്തിയാണ്.' - മുഹറം അലി പറഞ്ഞു. കഴിഞ്ഞയാഴ്ച ഗുരുദ്വാരയുടെ നിർമാണ ജോലികൾ നടന്നപ്പോൾ നിരവധി മുസ്ലിംകൾ പങ്കെടുത്തിരുന്നു.

ഗുരുദ്വാരക്കു വേണ്ടിയുള്ള കർസേവയിൽ മുസ്ലിംകൾ പങ്കെടുത്തതിൽ സന്തോഷമുണ്ടെന്നും ഗുരുദ്വാരയിൽ നിന്ന് അകലെയുള്ള ഭൂമിയിൽ മുസ്ലിംകൾ പള്ളിനിർമിക്കുകയാണെങ്കിൽ സഹായവുമായി സിഖ് സമുദായം കൂടെയുണ്ടാകുമെന്നും സിഖ് പ്രതിനിധി സണ്ണി പറഞ്ഞു.