LiveTV

Live

National

ചോരയൊലിച്ച് റോഡില്‍ കിടന്നപ്പോഴും പൊലീസ് ദേശീയഗാനം പാടിപ്പിച്ച യുവാവ് മരിച്ചു

വടക്ക് കിഴക്കന്‍ ‍ഡല്‍ഹിയിലെ കര്‍ദാംപുരി സ്വദേശിയായ 23 കാരന്‍ ഫൈസാനാണ് മരിച്ചത്.

ചോരയൊലിച്ച് റോഡില്‍ കിടന്നപ്പോഴും പൊലീസ് ദേശീയഗാനം പാടിപ്പിച്ച യുവാവ് മരിച്ചു

ഡ‍ല്‍ഹി കലാപത്തില്‍ പരിക്കേറ്റ് ചോരയൊലിച്ച് റോഡില്‍ കിടന്ന അഞ്ച് യുവാക്കളെ കൊണ്ട് നിര്‍ബന്ധിച്ച് ദേശീയഗാനം പാടിപ്പിക്കുന്ന പൊലീസുകാരുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് അവശനിലയില്‍ ആയിരുന്ന യുവാക്കളെയാണ് അടിച്ചും ലാത്തികൊണ്ട് കുത്തിയും ദേശീയഗാനം പാടിപ്പിച്ചത്. ഇത് പൊലീസുകാരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിലൊരു യുവാവ് മരിച്ചതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വടക്ക് കിഴക്കന്‍ ‍ഡല്‍ഹിയിലെ കര്‍ദാംപുരി സ്വദേശിയായ 23 കാരന്‍ ഫൈസാനാണ് മരിച്ചത്. ജി.ടി.ബി ആശുപത്രിയിലായിരുന്നു അന്ത്യം. റോഡില്‍ വീണുകിടന്ന ഇവരെ കൊണ്ട് ദേശീയഗാനം പാടിപ്പിച്ച ശേഷം പൊലീസുകാര്‍ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തുവെന്നും ക്രൂരമായി മര്‍ദിച്ചതായും ഫൈസാന്റെ ബന്ധുക്കള്‍ പറഞ്ഞു. ''ഫൈസാനെയും മറ്റുള്ളവരെയും അതിക്രൂരമായാണ് പൊലീസുകാര്‍ മര്‍ദിച്ചത്. അവനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് തല്ലിച്ചതച്ചത്. അവന്റെ കാലുകള്‍ ഒടിഞ്ഞിരുന്നു. മര്‍ദനത്തില്‍ അവന്റെ ശരീരം മുഴുവന്‍ കരിവാളിച്ച പാടുകളുണ്ടായിരുന്നു. ആദ്യം അവനെ റോഡിലിട്ട് അടിച്ചു. പിന്നെ കസ്റ്റഡിയില്‍ വെച്ചും. എന്നാല്‍ എവിടേക്കാണ് പൊലീസുകാര്‍ അവനെ കൊണ്ടുപോയതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.'' ഫൈസന്റെ ഉമ്മ പറഞ്ഞു.

ഫൈസാനെ പരിചയമുള്ള ആരോ പറഞ്ഞതനുസരിച്ചാണ് തങ്ങള്‍ ആശുപത്രിയില്‍ എത്തിയതെന്നും എന്നാല്‍ അവിടെ തങ്ങള്‍ക്ക് ആരേയും കാണാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. പിന്നീട് ജ്യോതി കോളനിയിലെ പൊലീസ് സ്റ്റേഷനില്‍ എത്തി ഫൈസാനെ കുറിച്ച് അന്വേഷിച്ചു. രാത്രി ഒരു മണി വരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നിട്ടും ഫൈസാനെ കാണാന്‍ അനുവദിച്ചില്ലെന്നും ഉമ്മ പറഞ്ഞു. ഒടുവില്‍ മരണാസന്നനായിരുന്ന സമയത്താണ് അവര്‍ തങ്ങള്‍ക്ക് ഫൈസാനെ വിട്ടുനല്‍കിയതെന്നും ഉമ്മ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവും മൂലം ഫൈസാന്റെ നില അതീവ ഗുരുതര നിലയിലായിരുന്നുവെന്നും ഉമ്മ പറഞ്ഞു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട കലാപത്തിനിടെ പരിക്കേറ്റ് റോഡില്‍ വീണുകിടന്ന അഞ്ചംഗ സംഘത്തെ കൊണ്ടാണ് പൊലീസുകാര്‍ ദേശീയ ഗാനം പാടിപ്പിച്ചതെന്ന് ആള്‍ട്ട്ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പരിക്കേറ്റ് കിടക്കുന്ന പ്രതിഷേധക്കാരെ കൊണ്ട് ദേശീയഗാനം പാടിപ്പിച്ച് പൊലീസ്; വീഡിയോ വൈറല്‍
Also Read

പരിക്കേറ്റ് കിടക്കുന്ന പ്രതിഷേധക്കാരെ കൊണ്ട് ദേശീയഗാനം പാടിപ്പിച്ച് പൊലീസ്; വീഡിയോ വൈറല്‍