LiveTV

Live

National

ജയ് ശ്രീറാം മുഴക്കി അക്രമികളെത്തിയപ്പോള്‍ ഓടിയെത്തിയ മൊഹീന്ദറും മകനും രക്ഷിച്ചത് 80 പേരെ

“ഞാൻ ഹിന്ദുവിനെയോ മുസ്‍ലിമിനെയോ കണ്ടില്ല. മനുഷ്യരെ മാത്രമാണ് കണ്ടത്. കുഞ്ഞുങ്ങളെയാണ് കണ്ടത്”- മൊഹീന്ദര്‍ സിങ്

ജയ് ശ്രീറാം മുഴക്കി അക്രമികളെത്തിയപ്പോള്‍ ഓടിയെത്തിയ മൊഹീന്ദറും മകനും രക്ഷിച്ചത് 80 പേരെ

ഡല്‍ഹിയിലെ ഗോകല്‍പുരിയില്‍ മുസ്‍ലിംകളുടെ ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിയ അച്ഛനും മകനും രക്ഷിച്ചത് 80 പേരെ. മോഹീന്ദര്‍ സിങും മകന്‍ ഇന്ദര്‍ജിത് സിങും ഇരുചക്ര വാഹനത്തില്‍ കയറ്റിയാണ് മുസ്‍ലിംകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഒരു കിലോമീറ്റർ അകലെയുള്ള കർദാംപുരിയിലാണ് ഇവര്‍ ആളുകളെ എത്തിച്ചതെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മകൻ ബുള്ളറ്റിലും താന്‍ സ്‌കൂട്ടിയിലുമാണ് ആളുകളെ കയറ്റിയത്. ഒരു മണിക്കൂറിനുള്ളിൽ ഗോകൽപുരിയിൽ നിന്ന് കർദാംപുരിയിലേക്ക് ഇരുപതോളം തവണ വണ്ടി ഓടിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാല് പേരെ വരെ ഒരുമിച്ച് കൊണ്ടുപോയി. ചില ആൺകുട്ടികൾക്ക്, അവർ മുസ്‍ലിമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ സിഖ് തലപ്പാവ് കെട്ടി.

“ഞാൻ ഹിന്ദുവിനെയോ മുസ്‍ലിമിനെയോ കണ്ടില്ല. ഞാന്‍ മനുഷ്യരെ മാത്രമാണ് കണ്ടത്. കുഞ്ഞുങ്ങളെയാണ് കണ്ടത്. അവരെന്‍റെ കുഞ്ഞുങ്ങളാണെന്ന് തോന്നി. അവര്‍ക്ക് ഒന്നും സംഭവിക്കരുത്. നമ്മളെല്ലാം സഹായം ആവശ്യമുള്ളവരെ സഹായിക്കണം”- ഇലക്ട്രോണിക് സ്റ്റോർ നടത്തുന്ന രണ്ട് മക്കളുടെ പിതാവായ മോഹീന്ദര്‍ പറഞ്ഞു.

ഫെബ്രുവരി 24ന് എന്താണ് സംഭവിച്ചതെന്ന് മൊഹീന്ദര്‍ സിങ് പറയുന്നു- 'ജയ്ശ്രീറാം വിളിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചുമാണ് കലാപകാരികള്‍ എത്തിയത്. രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന് അവര്‍ അലറുന്നുണ്ടായിരുന്നു. അവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഭയചകിതരായ മുസ്‍ലിംകള്‍ സമീപത്തെ പള്ളിയില്‍ തടിച്ചുകൂടി. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടാന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ഞങ്ങള്‍ അവരെ ഇരുചക്ര വാഹനത്തില്‍ സമീപത്തെ മുസ്‍ലിം ഭൂരിപക്ഷ മേഖലയിലേക്ക് മാറ്റാമെന്ന് പറഞ്ഞത്. ആരോടെങ്കിലും കാരുണ്യം കാണിച്ചെന്ന് ഞങ്ങള്‍ കരുതുന്നില്ല. ചെയ്യേണ്ടത് ചെയ്തു".

ഡല്‍ഹി സംഘര്‍ഷം 1984ലെ സിഖ് കലാപത്തെ ഓർമിപ്പിച്ചെന്ന് മൊഹീന്ദര്‍ പറഞ്ഞു. ഗോകല്‍പുരിയിലെ മുസ്‍ലിംകളെ രക്ഷിച്ചത് നിങ്ങളാണെന്ന് അറിയാം എന്ന് ഒരു കുട്ടി വന്നുപറഞ്ഞപ്പോള്‍ മോഹീന്ദര്‍ ഒന്നും പറയാതെ ചിരിച്ചു.