LiveTV

Live

National

ഡല്‍ഹി മെട്രോയിലും പരിസരത്തും വീണ്ടും ‘ഗോലി മാറോ’ വിളികള്‍  

മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുത്തതായി ഡി.എം.ആര്‍.സി

ഡല്‍ഹി മെട്രോയിലും പരിസരത്തും വീണ്ടും ‘ഗോലി മാറോ’ വിളികള്‍  

ഡല്‍ഹിയില്‍ വീണ്ടും ഗോലി മാറോ വിളികളുമായി തീവ്രവാദികള്‍. ഡല്‍ഹിയിലെ തിരക്കേറിയ മെട്രോ സ്‌റ്റേഷനായ രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനുള്ളിലും പരിസരത്തെ കൊണാട്ട് പ്ലേസിലുമാണ് ഒരു സംഘമാളുകള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി റാലി നടത്തിയത്.

സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ വ്യാപകമായി ഉപയോഗിച്ചതോടെയാണ് ഗോലി മാറോ മുദ്രാവാക്യത്തിന് ജനശ്രദ്ധ ലഭിക്കുന്നത്. ഈ മുദ്രാവാക്യം മുന്നില്‍ നിന്നു വിളിച്ചുകൊടുത്തതിന് അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര പോലുള്ള ബി.ജെ.പി നേതാക്കള്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരെ വെടിവെക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന വാക്കുകളാണിവയെന്നാണ് പ്രധാന വിമര്‍ശനം. മെട്രോ സ്‌റ്റേഷനില്‍ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുത്തതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. നോയിഡയിലേക്കുള്ള ബ്ലൂ ലെെന്‍ മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം.

ഇതിനു പുറമെയാണ് മറ്റൊരു വീഡിയോ കൂടി പുറത്തുവരുന്നത്. ഇന്ത്യന്‍ പതാകയുള്‍പ്പടെയുള്ളവ ഏന്തിയുള്ള റാലിയില്‍ ഗോലി മാറോ മുഴക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്.