LiveTV

Live

National

അമിത് ഷാ രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ മമത ബാനര്‍ജി

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വസതിയിലായിരുന്നു അമിത് ഷാ, മമത ബാനര്‍ജി, നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്ക് വിരുന്നൊരുക്കിയത്

അമിത് ഷാ രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ മമത ബാനര്‍ജി

ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് രാഷ്ട്രീയം സംസാരിക്കേണ്ട സമയമല്ല ഇതെന്നായിരുന്നു മമതയുടെ മറുപടി. ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിനും അമിത് ഷായ്ക്കുമൊപ്പം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.

ഡല്‍ഹിയില്‍ നടന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നം അത് സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും മമത പറഞ്ഞു. കലാപത്തില്‍ ഒരു പൊലീസുകാരനും ഐ.ബി ഉദ്യേഗസ്ഥനുമുള്‍പ്പെടെ നിരവധി പേരാണ് മരിച്ചത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്നും കിഴക്കന്‍ ഡല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ കലാപത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന് പിന്നീട് ഭുവനേശ്വറില്‍ നടന്ന റാലിയില്‍ അമിത് ഷാ വിമര്‍ശിച്ചിരുന്നു. രാജ്യത്തെ ഏതെങ്കിലും മുസ്‍ലിമിന്‍റെയോ മറ്റ് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട വ്യക്തിയുടെയോ പൗരത്വം നിയമം മൂലം നഷ്ടമാവില്ല. നിയമം വ്യക്തികളുടെ പൗരത്വം ഇല്ലാതാക്കാനുള്ളതല്ലെന്നും മറിച്ച് നല്‍കാനുദ്ദേശിച്ചുള്ളതാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വസതിയിലായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്ക് വിരുന്നൊരുക്കിയത്. എല്ലാവരും ചേര്‍ന്നിരുന്ന ഭക്ഷണം കഴിക്കുന്ന ചിത്രം നവീന്‍ പട്‌നായിക് ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. അമിത് ഷായുടെ അധ്യക്ഷതയില്‍ ഭുവനേശ്വറില്‍ വച്ചു നടന്ന 24-ാമത് ഈസ്റ്റേണ്‍ സോണ്‍ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നേതാക്കള്‍.