LiveTV

Live

National

കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം നല്‍കുമെന്ന് ദല്‍ഹി സര്‍ക്കാര്‍

വീട് നഷ്ടപെട്ടവർക്ക് 4 ലക്ഷവും വീട് തീയിട്ട് നശിപ്പിക്കപെട്ടവർക്ക് അവരുടെ മുഴുവൻ രേഖകളും പുതുതായി നൽകും

കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം നല്‍കുമെന്ന് ദല്‍ഹി സര്‍ക്കാര്‍

കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. വാര്‍ത്ത സമ്മേളനത്തിലാണ് ദല്‍ഹി കലാപത്തിലെ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചത്.

ചികിത്സയിൽ ഉള്ളവരുടെ ചിലവ് സർക്കാർ വഹിക്കും. സ്വകാര്യ ആശുപത്രിയിലെ ബില്ല് സർക്കാർ ഒടുക്കും. എല്ലാവർക്കും ഭക്ഷണം എത്തിക്കും. രാത്രിയിൽ നാല് മജിസ്‌ട്രേറ്റുകൾ പ്രവർത്തിക്കും. വീട് നഷ്ടപെട്ടവർക്ക് 4 ലക്ഷവും വീട് തീയിട്ട് നശിപ്പിക്കപെട്ടവർക്ക് അവരുടെ മുഴുവൻ രേഖകളും പുതുതായി നൽകും. വീട്, വാഹനം, കടകൾ നശിച്ചവർക്ക് ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് നഷ്ടം നികത്തും. കുട്ടികൾക്ക് യൂണിഫോം, പഠനോപകരണങ്ങള്‍. എല്ലാ മൊഹല്ലകളിലും സമാധാന കമ്മിറ്റികൾ. കലാപത്തിൽ അനാഥർക്ക് 3 ലക്ഷം. ആം ആദ്മി പാർട്ടി നേതാക്കൾ ആരെങ്കിലും കലാപത്തിൽ പങ്കാളി ആണെങ്കിൽ ഇരട്ടി ശിക്ഷ നൽകണമെന്ന് കെജ്‍രിവാള്‍ പറഞ്ഞു. വിദ്വേഷം പ്രചരിപ്പിച്ച ആരെയും പിന്തുണക്കില്ലെന്നും വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ദില്ലി സര്‍ക്കാരിന്റെ ഫാരിഷ്ടെ പദ്ധതിക്ക് കീഴിലാണ് പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ചികിത്സ ലഭ്യമാക്കുക. ഏത് സ്വകാര്യ ആശുപത്രിയിലും ഇതോടെ കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ തേടാന്‍ സാധിക്കും.

കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് 5000 രൂപയും റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കും. ഇ- റിക്ഷകള്‍ക്ക് 50000 രൂപയാണ് നഷ്ടപരിഹാരം.

വടക്കുകിഴക്കന്‍ ദില്ലിയില്‍ തിങ്കളാഴ്ച മുതലുണ്ടായ അക്രമ സംഭവങ്ങളില്‍ 35 പേരാണ് ഇതിനകം കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിനകം കേസുമായി ബന്ധപ്പെട്ട് 13൦ പേരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് വിവരം. ഇവരില്‍ 106 പേരും പ്രദേശവാസികള്‍ തന്നെയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പുറത്തുനിന്നെത്തി അക്രമം വിതച്ചവരെ കണ്ടെത്താനുള്ള നീക്കം തുടങ്ങിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.