LiveTV

Live

National

ഡല്‍ഹിയില്‍ 85 വയസ്സുകാരിയെ ചുട്ടുകൊന്നു; പുറത്തുവരുന്നത് ഹൃദയം തകര്‍ക്കുന്ന വാര്‍ത്തകള്‍

ഡല്‍ഹിയില്‍ 85 വയസ്സുകാരിയെ ചുട്ടുകൊന്നു; പുറത്തുവരുന്നത് ഹൃദയം തകര്‍ക്കുന്ന വാര്‍ത്തകള്‍

രാജ്യതലസ്ഥാനത്ത് മുസ്‍ലിംകള്‍ക്കെതിരായ ഏകപക്ഷീയ അതിക്രമം നടന്ന ഇടങ്ങളില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. മൂന്ന് ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ ഇതിനകം 34 ഓളം പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഞെട്ടിക്കുന്ന മുസ്‍ലിം വേട്ടക്ക് സാക്ഷ്യം വഹിച്ച രാജ്യതലസ്ഥാനത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തീകൊളുത്തി കൊല്ലപെടുത്തിയ 85കാരിയുടെ വാര്‍ത്ത ഹൃദയം തകര്‍ക്കുന്നതാണ്.

ഫെബ്രുവരി 25ന് നൂറിലേറെ വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ വടക്ക് കിഴക്കന്‍ ദല്‍ഹിക്ക് സമീപത്തുള്ള ഗമ്രി മേഖലയിലേക്ക് ഇരച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം പ്രദേശത്തെ മുസ്‍ലിം വീടുകള്‍ക്ക് തീയിട്ടു. ഈ സമയത്താണ് മുഹമ്മദ് സയിദ് സല്‍മാനിയുടെ ഉമ്മ അക്ബരി വെന്തുമരിച്ചത്. മകന്‍ മുഹമ്മദ് സയിദ് സല്‍മാനി പാല്‍ വാങ്ങാനായി പുറത്തുപോയിരുന്ന സമയത്താണ് വീടിന് നേരെ അക്രമമുണ്ടായത്. വീടിന് നേരെ തീയിട്ടയുടനെ തന്നെ വീട്ടിനകത്തുണ്ടായിരുന്ന മറ്റുള്ളവരെല്ലാം പരിക്കുകളോടെ രക്ഷപ്പെട്ടു. അവശനിലയിലായ അക്ബരി വീടിനകത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ഇവരുടെ ടെയ്ലറിങ് വര്‍ക്ക് ഷോപ്പ് കടകള്‍ കത്തിനശിക്കുകയും ആഭരണങ്ങളടക്കം എട്ട് ലക്ഷം രൂപ കവര്‍ന്നതായും മുഹമ്മദ് സയിദ് സല്‍മാനി പറയുന്നു.

ദല്‍ഹി ജി.ടി.ബി ആശുപത്രിയില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഉമ്മ അക്ബരിയെ ഖബറടക്കത്തിനായി മീററ്റ് ജില്ലയിലേക്ക് കൊണ്ടുപോകുമെന്ന് മകന്‍ മുഹമ്മദ് സയിദ് സല്‍മാനി അറിയിച്ചു. സംഭവത്തില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് സയിദ് സല്‍മാനി.