LiveTV

Live

National

ഡല്‍ഹി ആക്രമണം; ഇത് വരെ കൊല്ലപ്പെട്ടത് 34 പേര്‍, സ്ഥിരീകരിച്ച 19 മരണങ്ങള്‍ ഇവരുടേത് 

ഡല്‍ഹി ആക്രമണം; ഇത് വരെ  കൊല്ലപ്പെട്ടത് 34 പേര്‍, സ്ഥിരീകരിച്ച 19 മരണങ്ങള്‍ ഇവരുടേത് 

വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്ന് ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ ഇത് വരെ കൊല്ലപ്പെട്ടത് 34 പേര്‍. രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ഒരു പൊലീസുകാരന്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍, സിവില്‍ എന്‍ജിനിയര്‍ എന്നിവരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ച് പുറത്തുവന്നിരുന്നു. ഇതിന് പുറമെ ഡല്‍ഹി ജി.ടി.ബി ആശുപത്രിയില്‍ നിന്നുള്ള സ്ഥിരീകരിച്ച 19 പേരുടെ മരണങ്ങള്‍ ‘ദ വയര്‍’ പുറത്തുവിട്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവര്‍ക്ക് പുറമെ 100 ലധികം പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിലാണ്. കല്ലേറിലും വെടിവെപ്പിലും മാരക ആയുധങ്ങള്‍ കൊണ്ടുള്ള പരിക്കുകളിലുമാണ് നിരവധി പേര്‍ക്ക് ഗുരുതര പരിക്ക് സംഭവിച്ചിട്ടുള്ളത്.

ദ വയര്‍ പ്രസിദ്ധീകരിച്ച കൊല്ലപ്പെട്ടവരുടെ സ്ഥിരീകരിച്ച പേര് വിവരങ്ങള്‍ :

1.മുബാറക് ഹുസൈന്‍, 28 വയസ്സ്- ബാബര്‍പൂരില്‍‌ താമസം. ഡല്‍ഹി വിജയ് പാര്‍ക്കില്‍ വെച്ച് നെഞ്ചിന് വെടിയേറ്റു കൊല്ലപ്പെട്ടു. ബിഹാറിലെ ദര്‍ബങ്ക സ്വദേശിയായ മുബാറക് ഡല്‍ഹിയില്‍ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.

2. ഷാഹിദ് ഖാന്‍ അലവി, 22 വയസ്സ്. ഓട്ടോറിക്ഷ ഡ്രൈവര്‍, ബജന്‍പുര ദര്‍ഗക്ക് സമീപത്ത് വെച്ച് വയറിന് വെടിയേറ്റു കൊല്ലപ്പെട്ടു.

3. മുദ്ദസിര്‍ ഖാന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍. കര്‍ദ്ദംപുരി സ്വദേശി, വെടിയേറ്റ് കൊല്ലപ്പെട്ടു.

4. നസീം ഖാന്‍, 35 വയസ്സ്. ജോലി-ആക്രി വില്‍പ്പന, വെടിയേറ്റ് കൊല്ലപ്പെട്ടു.

5. മുഹമ്മദ് ഫുര്‍ഖാന്‍, 30 വയസ്സ്- ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ സമയം ജഫറാബാദിനടുത്ത ഭജന്‍പുരയില്‍ വെച്ച് വെടിയേറ്റു.

6. മെഹ്താബ്, 22 വയസ്സ്, ബ്രിജ് പുരി നിവാസി, തീവെച്ച് കൊലപ്പെടുത്തി.

7. രത്തന്‍ലാല്‍, 42 വയസ്സ്, ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍, ഗോകുല്‍പുരിയില്‍ വെച്ച് വെടിയേറ്റു കൊല്ലപ്പെട്ടു.

8. രാഹുല്‍ സോളങ്കി, ശിവവിഹാറിനടുത്ത ബാബു നഗര്‍ സ്വദേശി, സിവില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്നു, പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സമയം കഴുത്തിന് വെടിയേറ്റ് കൊല്ലപ്പെട്ടു.

9. അങ്കിത് ശര്‍മ്മ, 26 വയസ്സ്, ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍, ഖജൂരി ഖാസില്‍ താമസം. ചാന്ദ്ബാഗിലെ അഴുക്ക്ചാലില്‍ അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

10. വിനോദ് കുമാര്‍, 45 വയസ്സ്, വീട്ടിലേക്ക് മടങ്ങും വഴി ബ്രഹമംപുരിയില്‍ വെച്ച് അടിയേറ്റ് കൊല്ലപ്പെട്ടു.

11. വിര്‍ ബാന്‍ സിംഗ്, 48 വയസ്സ്, ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ സമയം വെടിയേറ്റ് മരിച്ചു.

12. അശ്ഫാഖ് ഹുസൈന്‍, 24 വയസ്സ്, ഇലക്ട്രീഷന്‍ ജോലി ചെയ്തിരുന്നു, മുസ്‍തഫാബാദില്‍ വെച്ച് 5 തവണ വെടിയേറ്റു. നിലവില്‍ മൃതദേഹം അല്‍ഹിന്ദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

13. ദീപക്, 34 വയസ്സ്, മണ്ഡോലി സ്വദേശി, കുത്തേറ്റ മുറിവുകളോടെ മരിച്ചതായി കണ്ടെത്തി.

14. ഇസ്ഹാഖ് ഖാന്‍, 24 വയസ്സ്, കബീര്‍ നഗറില്‍ താമസം, വെടിയേറ്റ് കൊല്ലപ്പെട്ടു.

15. ഷാന്‍ മുഹമ്മദ്, 34 വയസ്സ്, ലോണി സ്വദേശി, വെടിയേറ്റ് കൊല്ലപ്പെട്ടു.

16. പ്രവേശ്, 48 വയസ്സ്, മൌജ്പൂര്‍ സ്വദേശി, തോക്കില്‍ നിന്നുള്ള വെടിയേറ്റ് കൊല്ലപ്പെട്ടു.

17. സാകിര്‍, 24 വയസ്സ്, മുസ്തഫാബാദ് സ്വദേശി, രണ്ടിലധികം കുത്തേറ്റ് മരണപ്പെട്ടു.

18. ദില്‍ബര്‍, വയസ്സും സ്ഥലവും ജി.ടി.ബി ആശുപത്രി പുറത്തുവിട്ടിട്ടില്ല. പൊള്ളലേറ്റ് മരണപ്പെട്ടു.

19. രാഹുല്‍ താക്കൂര്‍, 23 വയസ്സ്, ബ്രിജ്പുരി സ്വദേശി, ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറയുന്നു.