LiveTV

Live

National

ഭീകരം... ലോകം എല്ലാം കാണുന്നുണ്ട്... ഡല്‍ഹി അക്രമത്തില്‍ കേന്ദ്രത്തിനെതിരെ യു.എസ് കോണ്‍ഗ്രസ് അംഗം

ഡല്‍ഹിയിലെ അക്രമങ്ങളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് യു.എസ് കോണ്‍ഗ്രസ് അംഗം അലൻ ലോവന്തലും രംഗത്തെത്തിയിട്ടുണ്ട്.

ഭീകരം... ലോകം എല്ലാം കാണുന്നുണ്ട്... ഡല്‍ഹി അക്രമത്തില്‍ കേന്ദ്രത്തിനെതിരെ യു.എസ് കോണ്‍ഗ്രസ് അംഗം

ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് നേരെ സംഘ്പരിവാര്‍ അഴിച്ചുവിട്ട അക്രമങ്ങളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്കൻ കോണ്‍ഗ്രസ് അംഗങ്ങള്‍. മുഖ്യധാരാ മാധ്യമങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തോടൊപ്പം ഡല്‍ഹിയിലെ സംഘ്പരിവാര്‍ അഴിഞ്ഞാട്ടം സംബന്ധിച്ചും റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 18 പേർ കൊല്ലപ്പെട്ട അക്രമത്തെക്കുറിച്ച് പ്രതികരിച്ച യു.എസ് കോൺഗ്രസ് അംഗവും മലയാളിയുമായ പ്രമീള ജയപാൽ, ഇന്ത്യയിലെ മതപരമായ അസഹിഷ്ണുതയുടെ വളര്‍ച്ച ഭയാനകമാണെന്ന് പറഞ്ഞു. “ജനാധിപത്യ രാജ്യങ്ങൾ മതസ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്ന നിയമങ്ങളെ പ്രോത്സാഹിപ്പിക്കരുത്. വിഭജനവും വിവേചനവും വച്ചുപൊറുപ്പിക്കരുത്.'' പ്രമീള ട്വീറ്റിൽ പറഞ്ഞു. “ലോകം എല്ലാം കാണുന്നുണ്ട്”- പ്രമീള കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വർഷമാണ് ഇന്ത്യൻ പാർലമെന്റ് പൗരത്വ ഭേദഗതി നിയമം (സി‌.എ‌.എ) പാസാക്കിയത്. ഇത് രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ജമ്മു കശ്മീരിലെ ആശയവിനിമയത്തിനുള്ള നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനും ജനങ്ങളുടെ മതസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും ഇന്ത്യയോട് ആവശ്യപ്പെട്ട് പ്രമീള ജയപാൽ കഴിഞ്ഞ വർഷം അമേരിക്കന്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

ഡല്‍ഹിയിലെ അക്രമങ്ങളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് യു.എസ് കോണ്‍ഗ്രസ് അംഗം അലൻ ലോവന്തലും രംഗത്തെത്തിയിട്ടുണ്ട്. അക്രമത്തെ “ധാർമ്മിക നേതൃത്വത്തിന്റെ ദാരുണമായ പരാജയം” എന്നാണ് അലൻ ലോവന്തല്‍ വിശേഷിപ്പിച്ചത്. ഇന്ത്യയിൽ മനുഷ്യാവകാശത്തിന് ഭീഷണിയുണ്ടാകുമ്പോൾ നാം സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയും സെനറ്ററുമായ എലിസബത്ത് വാറനും അക്രമത്തെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. “ഇന്ത്യ പോലുള്ള ജനാധിപത്യ പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള മൂല്യങ്ങളെക്കുറിച്ച് സത്യസന്ധമായി സംസാരിക്കാൻ നമുക്ക് കഴിയണം, സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.” എലിസബത്ത് വാറന്‍ പറഞ്ഞു.

“ഈ ആഴ്ച ട്രംപ് ഇന്ത്യ സന്ദർശിച്ചു, എന്നാൽ അറിയേണ്ട യഥാർഥ കഥ ഡൽഹിയിലെ മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വർഗീയ അക്രമമാണ്. മുസ്‍ലിം വിരുദ്ധ അക്രമങ്ങളുടെ വേലിയേറ്റം ഇന്ത്യയിലുടനീളം തുടരുന്നതിനാൽ ഞങ്ങൾക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല'' യു.എസ് കോണ്‍ഗ്രസ് അംഗം റാഷിദ ട്വീറ്റ് ചെയ്തു.

ന്യൂഡല്‍ഹിയിലെ മുസ്‍ലിംകള്‍ക്കെതിരെ ഭീകരമായ രീതിയില്‍ ആള്‍ക്കൂട്ടാക്രമണം നടക്കുകയാണെന്നും മോദി സര്‍ക്കാര്‍ ഇത്തരം ആക്രമണങ്ങളെ അമര്‍ച്ച ചെയ്യുകയും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) ആവശ്യപ്പെട്ടു.