LiveTV

Live

National

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 200ല്‍ അധികം പേര്‍ ചികിത്സയിലുണ്ട്. മരണസംഖ്യ ഉയരുന്നതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് കാലതാമസം നേരിടുകയാണ്. ഇതുവരെ 106 പേരെയാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ജിടിബി, എല്‍എന്‍ജെപി, ജെപിസി ആശുപത്രികളിലായി 200ല്‍ അധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 52 പേരുടെ നില ഗുരുതരമാണ്. ഇതില്‍ 42 പേര്‍ വെടിയേറ്റവരാണ്. മരണ സംഖ്യ ഉയരുന്നതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നത് വൈകുകയാണ്.

അക്രമണത്തില്‍ പൊലീസ് 18 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 106 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡല്‍ഹിക്ക് പുറത്തുനിന്നുള്ളവരുടെ പങ്ക് കണ്ടെത്താന്‍ വാട്സപ്പ് ഗ്രൂപ്പുകള്‍ പരിശോധിച്ച് വരികയാണ്. ചാന്ത്ബാഗ്, ഭജന്‍പുര, ബ്രംപുരി അടക്കമുള്ള ഇടങ്ങളില്‍ പൊലീസ് ഫ്ലാഗ്ഗ് മാര്‍ച്ച് നടത്തി.

ഇതിനിടെ ഖജൂരിഖാസിലെ ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ വസതിക്ക് മുകളില്‍ കല്ലുകളും പെട്രോള്‍ ബോംബുകളും സൂക്ഷിച്ചിരുന്നു എന്ന റിപ്പോര്‍ട്ട് ബിജെപി നേതാവ് കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. അക്രമ സമയത്ത് വസതിയില്‍ ഇല്ലായിരുന്നു എന്നും സുരക്ഷ ഉദ്യോഗസ്ഥരെത്തിയാണ് രക്ഷിച്ച് കൊണ്ടുപോയത് എന്നും താഹിര്‍ ഹുസൈനും പ്രതികരിച്ചു.

ഇന്നലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അങ്കിത് ശര്‍മ്മയുടെ ബന്ധുക്കളും എഎപി പങ്ക് ആരോപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി വിമര്‍ശിച്ചു.