LiveTV

Live

National

"കുഞ്ഞുങ്ങൾക്കു ഭക്ഷണം വാങ്ങാൻ പോയതാണവന്‍, അവനെ അവർ കൊന്നു കളഞ്ഞു" മുഹമ്മദ് ഫുര്‍ഖാന്റെ സഹോദരന്‍

സംഘ്‍പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മർദ്ദിച്ച മുഹമ്മദ് ഫുര്‍ഖാന്റെ (32) ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു

"കുഞ്ഞുങ്ങൾക്കു ഭക്ഷണം വാങ്ങാൻ പോയതാണവന്‍, അവനെ അവർ കൊന്നു കളഞ്ഞു" മുഹമ്മദ് ഫുര്‍ഖാന്റെ സഹോദരന്‍

കുഞ്ഞുങ്ങൾക്കു ഭക്ഷണം വാങ്ങാന്‍ പോയതാണ് കൊല്ലപ്പെട്ട മുഹമ്മദ് ഫുര്‍ഖാനെന്ന് സഹോദരന്‍. ചേതനയറ്റ അവന്റെ ശരീരമാണ് പിന്നെ മടങ്ങി വന്നതെന്ന് കരഞ്ഞു കൊണ്ട് സഹോദരനായ മുഹമ്മദ് ഇമ്രാൻ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് മുഹമ്മദ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്.

വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സമീപത്തുള്ള കടകളെല്ലാം തന്നെ അടച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും വാങ്ങിവരാമെന്നു പറഞ്ഞാണ് വീട്ടിൽനിന്നു പോയത്. വൻതോതിൽ അക്രമം പൊട്ടിപ്പുറപ്പെട്ട ജാഫറാബാദിനു സമീപമാണ് ഞങ്ങൾ താമസിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് അവസാനമായി ഞാൻ അവനെ കാണുന്നത്.

സുഹൃത്തുക്കളിലൊരാളാണ് എന്നെ വിളിച്ച് സഹോദരനു കാലിൽ വെടിയേറ്റുവെന്ന് അറിയിച്ചത്. എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ആശുപത്രിയിലേക്ക് ഓടിക്കിതച്ച് എത്തിയപ്പോഴേക്കും എന്റെ എല്ലാ സ്വപ്നങ്ങളും തകർക്കപ്പെട്ട് കഴിഞ്ഞിരുന്നു. അവനെ രക്ഷിക്കാൻ ഞാൻ ആശുപത്രിയിലെ ഡോക്ടർമാരോട് അപേക്ഷിച്ചു കൊണ്ടിരുന്നു. എന്റെ ലോകമായിരുന്നു അവൻ. എന്റെ സ്വപ്നവും പ്രതീക്ഷയുമെല്ലാം എന്റെ ഇളയ സഹോദരനായിരുന്നു. എല്ലാം എനിക്കു നഷ്ടമായിരിക്കുന്നു’–കണ്ണീരോടെ മുഹമ്മദ് ഇമ്രാൻ പറഞ്ഞു.

‘‘ഞങ്ങളുടെ ലോകം നശിച്ചു... സഹോദരന്​ രണ്ടു ചെറിയ കുഞ്ഞുങ്ങളാണുള്ളത്​. ഒരു മകനും മകളും... എന്തുചെയ്യുമെന്നറില്ല’’ ഇമ്രാൻ നിറകണ്ണുകളോടെ പറയുന്നു. ഇമ്രാനും സഹോദരനും കരകൗശല വസ്​തുക്കളുടെ ഷോപ്പ്​ നടത്തുകയാണ്​. വടക്കുകിഴക്കൻ ഡൽഹിയിലെ കർദംപുരിയിലാണ്​ ഫുർഖാനും സഹോദരനും ഇരുവരുടെയും കുടുംബവും താമസിക്കുന്നത്​. ഇവിടെ എല്ലായിടത്തും സമാധാനപരമായി പ്ര​തിഷേധങ്ങൾ നടക്കുന്നുണ്ട്​. എന്നാൽ ബി.ജെ.പി നേതാവ്​ കപിൽ മിശ്രയാണ്​ ഈ കലാപത്തിന്​​ തുടക്കം കുറിച്ചതെന്നാണ്​ ഇമ്രാൻ ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.

സംഘ്‍പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മർദ്ദിച്ച മുഹമ്മദ് ഫുര്‍ഖാന്റെ (32) ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ ഫുർഖാനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.