LiveTV

Live

National

സി.എ.എ വിരുദ്ധ പ്രതിഷേധം; ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്, എട്ട് തവണ വെടിയുതിര്‍ത്ത് യുവാവ്

ഇതിനിടെ മേഖലയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായും ചില സംഘങ്ങൾ ജാഫ്രാബാദ്, മൌജ്പൂർ പ്രദേശങ്ങളിൽ രണ്ട് വീടുകള്‍ക്കും ഒരു ഫയർ എഞ്ചിനും തീവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

സി.എ.എ വിരുദ്ധ പ്രതിഷേധം; ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്, എട്ട് തവണ വെടിയുതിര്‍ത്ത് യുവാവ്

ഡല്‍ഹിയിലെ ജാഫ്രാബാദ്, മൌജ്പൂർ മേഖലയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം നടന്ന് ഒരു ദിവസം തികയുന്നതിന് മുമ്പ് ഇതേ പ്രദേശത്ത് വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. സംഘര്‍ഷാവസ്ഥ മുറുകുന്നതിനിടെയാണ് തോക്കുമായി റോഡില്‍ ഇറങ്ങിയ യുവാവ് എട്ടു തവണ വെടിയുതിര്‍ത്തത്. തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും ഇയാള്‍ തോക്കുചൂണ്ടി.

ജാഫ്രാബാദ്-മൌജ്പൂർ റോഡിലാണ് ഇയാള്‍ വെടിയുതിര്‍ത്തതും പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ തോക്കുചൂണ്ടിയതും. തദ്ദേശ നിർമ്മിച്ച പിസ്റ്റളാണ് ഇയാള്‍ വെടിവെപ്പിന് ഉപയോഗിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പൊലീസിന് ഇയാളെ കീഴടക്കാന്‍ കഴിയുന്നതിന് മുമ്പ് എട്ടു തവണ വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മേഖലയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായും ചില സംഘങ്ങൾ ജാഫ്രാബാദ്, മൌജ്പൂർ പ്രദേശങ്ങളിൽ രണ്ട് വീടുകള്‍ക്കും ഒരു ഫയർ എഞ്ചിനും തീവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡല്‍ഹിയിലെ ചില ഭാഗങ്ങളിൽ സമാധാനവും ഐക്യവും തകരാറിലാകുന്നത് സംബന്ധിച്ച് വളരെ ദുഖകരമായ വാർത്തകൾ വരുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു. ക്രമസമാധാനം പുനസ്ഥാപിക്കാനും സമാധാനവും ഐക്യവും ഉറപ്പുവരുത്താനും ലഫ്. ഗവര്‍ണറോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും അഭ്യര്‍ഥിക്കുന്നതായും കെജ്‍രിവാള്‍ പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഇരു കൂട്ടരോടും പൊലീസ് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നോര്‍ത്ത് ഈസ്റ്റ് ഡി.സി.പി വേദ് പ്രകാശ് സൂര്യ പറഞ്ഞു.