LiveTV

Live

National

‘എല്ലാ പരിപാടികളും ഒഴിവാക്കുന്നു, ഞാൻ ഡൽഹിയിലേക്ക് വരുന്നു’ ചന്ദ്രശേഖർ ആസാദ്

നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി ഇടപെടണമെന്നും ഭരണഘടനയുടെയും ജനങ്ങളുടെ ജീവന്റെയും സംരക്ഷണം കോടതി ഉറപ്പുവരുത്തണമെന്നും ആസാദ്

‘എല്ലാ പരിപാടികളും ഒഴിവാക്കുന്നു, ഞാൻ ഡൽഹിയിലേക്ക് വരുന്നു’  ചന്ദ്രശേഖർ ആസാദ്

ഡൽഹിയിലെ സ്ഥിതിഗതികൾ ദയനീയമാണെന്നും കർണാടകയിലെ തന്റെ പരിപാടികൾ നിർത്തിവെച്ച് ഡൽഹിയിലേക്ക് വരികയാണെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർക്കു നേരെ അക്രമ സംഭവങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ചന്ദ്രശേഖർ ആസാദിന്റെ പ്രസ്താവന.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി ഇടപെടണമെന്നും ഭരണഘടനയുടെയും ജനങ്ങളുടെ ജീവന്റെയും സംരക്ഷണം കോടതി ഉറപ്പുവരുത്തണമെന്നും ആസാദ് ട്വിറ്ററിൽ പറഞ്ഞു.

‘ഡൽഹിയിലെ സ്ഥിതിഗതികൾ വിഷമകരമാണ്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ജനങ്ങൾ ആക്രമിക്കപ്പെടുന്നത്. സ്വമേധയാ ഇടപെടണമെന്നും അതുവഴി ഭരണഘടനയുടെയും ജനങ്ങളുടെ ജീവന്റെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ബഹുമാനപ്പെട്ട സുപ്രീംകോടതിയോട് അഭ്യർത്ഥിക്കുന്നു. ഞാനിപ്പോൾ കർണാടകയിലാണ്. എല്ലാ പരിപാടികളും റദ്ദാക്കി ഞാൻ ഡൽഹിയിലേക്ക് വരികയാണ്.’
ചന്ദ്രശേഖര്‍ ആസാദിന്റെ ട്വീറ്റ്

സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്കു നേരെയുള്ള കല്ലേറില്‍ പരിക്കേറ്റ് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ രത്തന്‍ലാല്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ യുവാവ് എട്ടുതവണ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ഖജുരി ഖാസ് - വസീറാബാദ് മെയിൻ റോഡിൽ സമരക്കാർക്കു നേരെ അക്രമികൾക്കൊപ്പം പൊലീസും കല്ലെറിയുന്ന ദൃശ്യം ടൈംസ് ഓഫ് ഇന്ത്യ സീനിയർ കറസ്‌പോണ്ടന്റ് ജസ്ജീവ് ഗാന്ധിയോക് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. അക്രമികള്‍ക്കൊപ്പം പൊലീസ് ചേരുന്നതിന്റെ പല ദൃശ്യങ്ങളും ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.