LiveTV

Live

National

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം;  ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യകരാര്‍ രൂപപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല 

തല്‍ക്കാലം ഇന്ത്യയുമായി കരാറിനില്ലെന്ന നിലപാടിലാണ് വൈറ്റ്ഹൗസ്‌. അമേരിക്കയുടെ വ്യാപാര പ്രതിനിധിയായ റോബര്‍ട്ട് എത്തൈസര്‍ പ്രതിനിധി സംഘത്തില്‍ നിന്നും വിട്ടു നിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം;  ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യകരാര്‍ രൂപപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല 

ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി നടന്ന അവസാനവട്ട ചര്‍ച്ചകളിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ കരാര്‍ രൂപപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. തല്‍ക്കാലം ഇന്ത്യയുമായി കരാറിനില്ലെന്ന നിലപാടിലാണ് വൈറ്റ്ഹൗസ്‌. അമേരിക്കയുടെ വ്യാപാര പ്രതിനിധിയായ റോബര്‍ട്ട് എത്തൈസര്‍ പ്രതിനിധി സംഘത്തില്‍ നിന്നും വിട്ടു നിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വ്യാപാര മേഖലയിലെ തര്‍ക്കങ്ങളില്‍ ധാരണയിലെത്തിയതായാണ് സൂചന.

ഇന്ത്യയുമായി പുതിയ വ്യാപാര കരാറില്‍ ഏര്‍പ്പെടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയതിനു ശേഷവും അണിയറയില്‍ നടന്നുവന്ന ചര്‍ച്ചകളാണ് ഇന്നലെ രാത്രിയോടെ എങ്ങുമെത്താതെ അവസാനിച്ചത്. അമേരിക്കയെ ആഞ്ഞുവെട്ടുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇപ്പോഴില്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം ഭാവിയില്‍ വിശാലമായ കരാര്‍ രൂപപ്പെടുത്താമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അതേസമയം വ്യപാരക്കമ്മിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള തിരക്കിട്ട അണിയറ ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔഷധം, ക്ഷീരമേഖല, ഇ-കൊമേഴ്‌സ്, ഡാറ്റ തുടങ്ങിയ മേഖലകളില്‍ ഇന്ത്യ അമേരിക്കയുടെ ആവശ്യങ്ങളില്‍ ചിലത് അംഗീകരിക്കാന്‍ തയാറായിരുന്നുവെന്നാണ് സൂചനകള്‍. അമേരിക്ക നേരത്തെ നല്‍കിയിരുന്ന മുന്‍ഗണനാ പദവി എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് ഇറക്കുമതി ചുങ്കം വര്‍ധിക്കാനിടയായ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് വൈറ്റ്ഹൗസും തയാറായിരുന്നുവത്രെ.

തര്‍ക്ക വിഷയങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളിച്ചല്ലെങ്കിലും ഹ്രസ്വമായ കരാറില്‍ ഒപ്പുവെക്കാനാവുമെന്ന പ്രതീക്ഷ അവസാന നിമിഷം വരെ സജീവമായിരുന്നു. ഇന്ത്യ സ്വന്തം മാര്‍ക്കറ്റിനെ ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കുന്നതും രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറഞ്ഞതുമാണ് അമേരിക്ക അവസാന നിമിഷം പിന്‍മാറാനുണ്ടായ കാരണമെന്നാണ് പറയപ്പെടുന്നത്.

കൊറോണ വൈറസ് ബാധക്കു ശേഷമുള്ള സാഹചര്യങ്ങളും വൈറ്റ് ഹൗസിന്റെ പിന്‍വാങ്ങലിന് കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ കടുംപിടുത്തക്കാരനായ വാണിജ്യ പ്രതിനിധി റോബര്‍ട്ട് എത്തൈസര്‍ വരുന്നില്ലെന്ന ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇത്തവണത്തെ സന്ദര്‍ശന വേളയില്‍ വ്യാപാര കരാറുകള്‍ ഉണ്ടാവാനുള്ള സാധ്യത തീര്‍ത്തും മങ്ങുകയാണ്.