LiveTV

Live

National

ട്രംപിന് സുരക്ഷയൊരുക്കാന്‍ അഞ്ചംഗ വാനരസംഘവും

ഇതിനിടെയാണ് ആഗ്രയില്‍ ട്രംപിനും സംഘത്തിനും കുരങ്ങന്‍മാര്‍ ഭീഷണി ഉയര്‍ത്തിയത്. ഇതോടെ കുരങ്ങന്‍മാരെ എങ്ങനെ തടയുമെന്നായി അധികൃതരുടെ ചിന്ത

ട്രംപിന് സുരക്ഷയൊരുക്കാന്‍ അഞ്ചംഗ വാനരസംഘവും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം സ്ഥിരീകരിച്ചതുമുതൽ, വിവാദങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു പിന്നീടങ്ങോട്ട്. ട്രംപ് റോഡ് ഷോയ്ക്ക് ഇറങ്ങുന്ന അഹമ്മദാബാദിലെ പാതയോരത്തുള്ള ചേരികളെയും അവിടുത്തെ ദാരിദ്ര്യാവസ്ഥയെയും യു.എസ് പ്രസിഡന്റില്‍ നിന്ന് മറയ്ക്കാനായി ആദ്യം മതില്‍ പണിതു. ഇതിന് പിന്നാലെ ഗുജറാത്ത് നഗരത്തിലെ നിരവധി ചേരി നിവാസികൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം ട്രംപ് താജ്മഹൽ സന്ദർശിക്കുമ്പോൾ യമുന നദിയിലെ ദുര്‍ഗന്ധം അകറ്റാന്‍ ബുലന്ദ്ഷഹറിലെ ഗംഗനഹറിൽനിന്ന് 500 ക്യുസെക് വെള്ളം തുറന്നുവിട്ടു. യമുന നദിയിലേക്ക് വെള്ളം എത്തുന്നതോടെ ദുര്‍ഗന്ധം കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇതിനിടെയാണ് ആഗ്രയില്‍ ട്രംപിനും സംഘത്തിനും കുരങ്ങന്‍മാര്‍ ഭീഷണി ഉയര്‍ത്തിയത്. ഇതോടെ കുരങ്ങന്‍മാരെ എങ്ങനെ തടയുമെന്നായി അധികൃതരുടെ ചിന്ത. ഒടുവില്‍ കുരങ്ങന്‍മാരെ നേരിടാന്‍ പരിശീലനം നല്‍കിയ കുരങ്ങന്‍മാരെ തന്നെ രംഗത്തിറക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. അമേരിക്കൻ പ്രസിഡന്റിന് ഭീഷണിയായ കുരങ്ങന്‍മാരെ നേരിടാന്‍, ലാംഗര്‍ (വാലിന് നീളം കൂടുതലുള്ള) ഇനത്തില്‍പ്പെട്ട വാനരപ്പടയെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിന്യസിക്കുന്നത്. പരിശീലനം ലഭിച്ച അഞ്ചംഗ ലാംഗറുകളെയാണ് സുരക്ഷക്കായി വിന്യസിക്കുക. കനത്ത സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെങ്കിലും, ആഗ്ര നഗരത്തിലെ കുരങ്ങന്‍മാരുടെ ആക്രമണം തടയാൻ പ്രയാസമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ലാംഗറുകളെ രംഗത്തിറക്കിയിരിക്കുന്നത്. യു.എസ് പ്രസിഡന്റും ഭാര്യ മെലാനിയ ട്രംപും ഫെബ്രുവരി 24 ന് താജ്മഹൽ സന്ദർശിക്കും. ഇവിടെ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ട്രംപിന്റെയും കുടുംബത്തിന്റെയും ആഭ്യന്തര സുരക്ഷ അമേരിക്കൻ സീക്രട്ട് സർവീസസ് കൈകാര്യം ചെയ്യുന്നുണ്ടെന്നും അർധസൈനിക വിഭാഗങ്ങളുടെ 10 കമ്പനികളും പി.എ.സിയുടെ 10 കമ്പനികളും എൻ‌.എസ്‌.ജി കമാൻഡോകളും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിരിക്കും.