LiveTV

Live

National

ജാദവ്പൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം; എ.ബി.വി.പിക്ക് പൂജ്യം

ആദ്യമായി ഫലം പ്രഖ്യാപിച്ച സയൻസ് ഫാക്കൽറ്റി യൂണിയനില്‍‍, ഡബ്ല്യു.ടി.ഐ നാല് സീറ്റുകളും നേടി. എസ്‌.എഫ്‌.ഐ രണ്ടാം സ്ഥാനത്തെത്തി.  

ജാദവ്പൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം; എ.ബി.വി.പിക്ക് പൂജ്യം

കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിൽ വിദ്യാർഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സംഘടനകള്‍ക്ക് വന്‍ വിജയം. 12 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി ആർ.‌എസ്‌.എസിന്റെ വിദ്യാർഥി സംഘടനയായ എ.ബി.വി.പി ഇവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.

ആർട്സ് ഫാക്കൽറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (എ.എഫ്.എസ്.യു), ഫാക്കൽറ്റി ഓഫ് എന്‍ജിനീയറിങ് ആൻഡ് ടെക്‌നോളജി സ്റ്റുഡന്റ്‌സ് യൂണിയൻ (എഫ്.ഇ.ടി.എസ്.യു), സയൻസ് ഫാക്കൽറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (എസ്.എഫ്.എസ്.യു) എന്നീ മൂന്ന് യൂണിയനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എസ്‌.എഫ്‌.ഐ, എ.ഐ.എസ്.എ, ഡി.എസ്.എഫ്, ആർ.എസ്.എഫ്, ഡി.എസ്.എ തുടങ്ങിയ സംഘടനകളായിരുന്നു മത്സരരംഗത്തെ പ്രബലര്‍. ഇവര്‍ക്ക് പുറമെ ഡബ്ല്യു.ടി.ഐ, ടി.എം.സി.പി, എ.ബി.വി.പി എന്നിവര്‍ക്കും സ്ഥാനാര്‍ഥികളുണ്ടായിരുന്നു.

ആദ്യമായി ഫലം പ്രഖ്യാപിച്ച സയൻസ് ഫാക്കൽറ്റി യൂണിയനില്‍‍, ഡബ്ല്യു.ടി.ഐ നാല് സീറ്റുകളും നേടി. എസ്‌.എഫ്‌.ഐ രണ്ടാം സ്ഥാനത്തെത്തി. എന്‍ജിനീയറിങ് ഫാക്കൽറ്റി ഫലങ്ങളിൽ ഡി‌.എസ്‌.എഫ് നാല് സീറ്റുകളും വൻ ഭൂരിപക്ഷത്തില്‍ സ്വന്തമാക്കി. ഇവിടെ എ.ബി.‌വി.‌പി രണ്ടാം സ്ഥാനത്തെത്തി. പക്ഷേ എല്ലാ സീറ്റുകളിലും ഡി‌.എസ്‌.എഫിനേക്കാള്‍ 2500-ത്തിലധികം വോട്ടുകൾക്ക് പിന്നിലായിരുന്നു എ.ബി.വി.പി. ആർട്സ് ഫാക്കൽറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ ഫലം വരാനായിരുന്നു ഏറ്റവും നീണ്ട കാത്തിരിപ്പ്. ഒടുവിൽ ഫലം വന്നപ്പോള്‍, നാല് സീറ്റുകളും എസ്‌.എഫ്‌.ഐ തൂത്തുവാരി. ഡി‌.എസ്‌.എ ആയിരുന്നു രണ്ടാം സ്ഥാനത്ത്.

12 സീറ്റുകളിൽ ഒമ്പതിലും സ്ഥാനാർഥികളെ നിർത്തിയ എ.ബി.വി.പിക്ക് ഒരിടത്ത് പോലും വിജയിക്കാനായില്ല. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് സർവകലാശാല വിദ്യാർഥി യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കാമ്പസുകളിൽ വൻ അക്രമങ്ങൾ നടന്നതിനെ തുടർന്ന് പശ്ചിമ ബംഗാളിലെ സർവകലാശാലകളിലുടനീളം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാർ നിരോധിച്ചിരുന്നു.

സമീപകാലത്ത് ബി.ജെ.പി എം.പി ബാബുൽ സുപ്രിയോക്ക് നേരെ വൻ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ജാദവ്പൂർ സർവകലാശാല വാർത്തകളിൽ ഇടം നേടിയിരുന്നു. ഒരു പരിപാടിക്ക് കാമ്പസില്‍ എത്തിയ ബാബുലിന് നേരെ വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധമാണ് അഴിച്ചുവിട്ടത്. ഒടുവില്‍ ബാബുല്‍ സുപ്രിയോയെ ഗവർണർ ജഗദീപ് ധൻഖാറാണ് സ്ഥലത്തു നിന്ന് രക്ഷിച്ചത്.