LiveTV

Live

National

ഹൈദരാബാദ് സര്‍വകലാശാലയില്‍ ശാഹീന്‍ബാഗ് നൈറ്റ് സംഘടിപ്പിച്ചു; മലയാളി വിദ്യാര്‍ഥികള്‍ക്ക് പിഴ ശിക്ഷ

ഹൈദരാബാദ് സര്‍വകലാശാലയില്‍ ശാഹീന്‍ബാഗ് നൈറ്റ് സംഘടിപ്പിച്ചു; മലയാളി വിദ്യാര്‍ഥികള്‍ക്ക് പിഴ ശിക്ഷ

ഹൈദരാബാദ് സര്‍വകലാശാലയില്‍ പൗരത്വ നിയമത്തിനെതിരായ ശാഹീന്‍ബാഗ് നൈറ്റ് പരിപാടി സംഘടിപ്പിച്ചതിന് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പിഴ ശിക്ഷ. ഇക്കഴിഞ്ഞ ജനുവരി 31ന് സര്‍വകലാശാല ക്യാമ്പസില്‍ ശാഹീന്‍ബാഗ് നൈറ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചതിനാണ് മലയാളി വിദ്യാര്‍ഥികളായ മൂന്ന് പേര്‍ക്ക് പിഴ ചുമത്തിയത്. മൂന്ന് വിദ്യാര്‍ഥികളും പിഴ ശിക്ഷയായി 5000 രൂപ സര്‍വകലാശാലയില്‍ അടക്കണമെന്ന് സര്‍വകലാശാല നോട്ടീസില്‍ പറയുന്നു.

വിദ്യാര്‍ഥികളായ ഫസീഹ് അഹമ്മദ്, സഹാന പ്രദീപ്, എ.എസ് ആദിശ് എന്നിവര്‍ക്കെതിരെയാണ് സര്‍വകലാശാല അധികൃതര്‍ നടപടിയെടുത്തത്. സര്‍വകലാശാലയുടെ സുരക്ഷാ ചുമതലയിലുള്ളവരുടെ അഭ്യര്‍ത്ഥന മറികടന്ന് പരിപാടി സംഘടിപ്പിച്ചതായും സര്‍വകലാശാലയിലെ നോര്‍ത്ത് ഷോപ്പിംഗ് കോപ്ലക്സില്‍ അന്യായമായി ഗ്രാഫിറ്റി വരച്ചതായും സര്‍വകലാശാല നോട്ടീസില്‍ പറയുന്നു.

യാതൊരുവിധ കാരണം കാണിക്കല്‍ നോട്ടീസും പുറപ്പെടുവിക്കാതെയാണ് സര്‍വകലാശാല അധികൃതര്‍ പിഴ ചുമത്തിയതെന്നും ഇങ്ങനെയാണ് അധികൃതര്‍ ക്യാമ്പസുകളിലുള്ള മുസ്‍ലിം, ദലിത് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാറെന്നും ഇടപെടുകയെന്നും നടപടിക്കിരയായ സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥിയും ഫ്രറ്റേണിറ്റി പ്രവര്‍ത്തകനുമായ ഫസീഹ് അഹമ്മദ് പറഞ്ഞു. ഇത്തരത്തില്‍ ഇതിന് മുമ്പ് രോഹിത് വെമുല അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല സാമൂഹിക ഭൃഷ്ടും സസ്പെന്‍ഷനും നല്‍കിയത് നമ്മള്‍ കണ്ടതാണെന്നും ഫസീഹ് അഹമ്മദ് കൂട്ടിചേര്‍ത്തു.

സര്‍വകലാശാല ഇടങ്ങളിലെ വിദ്യാര്‍ഥി ശബ്ദങ്ങളെ വേട്ടയാടുന്നത് തുടര്‍ച്ചയാകുന്നതായും സര്‍വകലാശാല ഒരു തരത്തിലുമുള്ള കാരണം കാണിക്കല്‍ നോട്ടീസും നല്‍കാതെയാണ് തങ്ങള്‍ക്കെതിരെ നടപടിയെടുത്തതെന്ന് നടപടിക്കിരയായ ഗവേഷണ വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകയുമായ സഹാന പ്രദീപ് പ്രതികരിച്ചു.

പൗരത്വ നിയമത്തിനെതിരായ വിദ്യാര്‍ഥി കൂട്ടായ്മയായ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ സി.എ.എ, എന്‍.ആര്‍.സിയാണ് ജനുവരി 31ന് ക്യാമ്പസില്‍ ശാഹീന്‍ബാഗ് നൈറ്റ് സംഘടിപ്പിച്ചത്.