LiveTV

Live

National

അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് 19 മലയാളികള്‍ മരിച്ചു

ബംഗലൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. 19 മലയാളികള്‍ മരിച്ചു

അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച്  19 മലയാളികള്‍ മരിച്ചു

തിരുപ്പൂര്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് 19 പേര്‍ മരിച്ചു. ബംഗലൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. മരിച്ച 19 പേരും മലയാളികളാണ്.

സേലം - കോയമ്പത്തൂര്‍ ഹൈവേയിലെ അവിനാശിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന കണ്ടെയ്നര്‍ ലോറി ടയര്‍ പൊട്ടി റോഡിലെ ഡിവൈഡര്‍ മറികടന്ന് ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു. ബസിന്റെ വലതുഭാഗം നിശ്ശേഷം ഇല്ലാതായി. നാട്ടുകാരും പൊലീസും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് പരിക്കേറ്റവരെയും മരിച്ചവരെയും പുറത്തെടുക്കാനായത്.

48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിലെ ഡ്രൈവർ കം കണ്ടക്ടര്‍മാരായ പെരുമ്പാവൂർ സ്വദേശി ഗിരീഷ്, പിറവം വെളിയനാട് സ്വദേശി ബൈജു എന്നിവരും തത്ക്ഷണം മരിച്ചു. എന്നാല്‍ ലോറി ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ 13 പേരെ തിരിപ്പൂരിലെയും അവിനാശിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രനും മന്ത്രി വി.എസ് സുനില്‍കുമാറും അവിനാശിയിലെത്തി. പാലക്കാട് ജില്ലാ കലക്ടര്‍‍, എസ്.പി എന്നിവരും കെ.എസ്.ആര്‍.ടിസി.യുടെ ഉന്നതോദ്യോഗസ്ഥരും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി.

മരിച്ചവര്‍

മരിച്ചവര്‍- ഗിരീഷ്, ബൈജു, ഇഗ്നി റാഫേല്‍, കിരണ്‍ കുമാര്‍, ഹനീഷ്, ശിവകുമാര്‍, രാഗേഷ്, ജിസ്മോന്‍ ഷാജു, നസീഫ് മുഹമ്മദ്, അലി, ഐശ്വര്യ, റോസ്ലി ജോണ്‍, അനു, ജോഫി പോള്‍, യേശുദാസ്, ഗോപിക, എം.സി മാത്യു, മാനസി മണികണ്ഠന്‍, സനൂപ് കുമാര്‍