LiveTV

Live

National

ജാമിഅയില്‍ തകര്‍ത്തത് 25 സി.സി.ടി.വി കാമറകള്‍, മൊത്തം നഷ്ടം 2.66 കോടി രൂപയെന്ന് കേന്ദ്ര സര്‍ക്കാരിനോട് യൂണിവേഴ്‍സിറ്റി

ഇതിന് പിന്നാലെയാണ് നാശനഷ്ടങ്ങളുടെ കണക്ക് യൂണിവേഴ്‍സിറ്റി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. 

ജാമിഅയില്‍ തകര്‍ത്തത് 25 സി.സി.ടി.വി കാമറകള്‍, മൊത്തം നഷ്ടം 2.66 കോടി രൂപയെന്ന് കേന്ദ്ര സര്‍ക്കാരിനോട് യൂണിവേഴ്‍സിറ്റി

കഴിഞ്ഞ വര്‍ഷം ഡിസംബർ 15 ന് യൂണിവേഴ്സിറ്റിയിൽ പൊലീസ് അതിക്രമത്തിനിടെ 2.66 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ജാമിഅ മില്ലിയ ഇസ്‍ലാമിയ, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തെ അറിയിച്ചു. 25 സി.സി.ടി.വി കാമറകള്‍ തകര്‍ത്തതായും 4.75 ലക്ഷം രൂപയുടെ നഷ്ടം ഇതിന് മാത്രമാണുണ്ടായതെന്നും ജാമിഅ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജാമിഅ ലൈബ്രറിയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതക്കുന്നതിന്റെയും സി.സി.ടി.വി കാമറകള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നാശനഷ്ടങ്ങളുടെ കണക്ക് യൂണിവേഴ്‍സിറ്റി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ജാമിഅ മില്ലിയ ഇസ്‍ലാമിയ സമർപ്പിച്ച എസ്റ്റിമേറ്റ് പ്രകാരം പൊലീസ് നടപടിക്കിടെ 2,66,16,390 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2019 ഡിസംബർ 15 ന് ഡല്‍ഹി പൊലീസിന്റെ അതിക്രമത്തിലാണ് ഈ നാശനഷ്ടങ്ങളത്രയും ഉണ്ടായതെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസുകാര്‍ അനുവാദമില്ലാതെ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ജാമിഅ പറയുമ്പോള്‍, “കലാപകാരികളെ” പിന്തുടർന്ന് തങ്ങൾ യൂണിവേഴ്‍സിറ്റി പരിസരത്ത് പ്രവേശിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. “ലൈബ്രറിയിലെ ഭൂരിഭാഗം നാശനഷ്ടങ്ങളും ഗ്ലാസ് പാളികൾ തകർന്നതാണ്. സി.സി.ടി.വി കാമറകളും ട്യൂബ് ലൈറ്റുകളും തകര്‍ന്നു. പക്ഷേ പുസ്തകങ്ങളോ മറ്റു ലിഖിതങ്ങളോ തൊട്ടിട്ടില്ല.” ലൈബ്രറി മേധാവി താരിഖ് അഷ്റഫ് പറഞ്ഞു. ലൈബ്രറി ഉപകരണങ്ങൾ, വാതിലുകൾ, ജനല്‍ ചില്ലുകള്‍, എ.സി യൂണിറ്റുകൾ, ഇലക്ട്രിക്കൽ സിസ്റ്റം, കസേരകൾ, മേശകൾ, ലൈറ്റുകൾ, കണ്ണാടികൾ എന്നിവ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.