LiveTV

Live

National

ട്രംപിന്‍റെ സന്ദര്‍ശനം; ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന് ചേരി നിവാസികള്‍ക്ക് നോട്ടീസ്

45ഓളം കുടുംബങ്ങളോടാണ് ട്രംപ് സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

 ട്രംപിന്‍റെ സന്ദര്‍ശനം; ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന് ചേരി നിവാസികള്‍ക്ക് നോട്ടീസ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷനിലെ ചേരിനിവാസികൾക്ക് നോട്ടീസ്. 7 ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേറ സ്‌റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്.

മൊട്ടേറ സ്‌റ്റേഡിയത്തിന് 1.5 കിലോമീറ്റര്‍ അകലെയാണ് ഈ ചേരി സ്ഥിതി ചെയ്യുന്നത്. സ്‌റ്റേഡിയത്തിലേയ്ക്ക് എത്തിച്ചേരുന്ന വിസാത്- ഗാന്ധിനഗര്‍ ഹൈവേയുടെ സമീപത്താണ് ഇത്. 64 കുടുംബങ്ങളോളം ഇവിടെ താമസിക്കുന്ന്ത്. 45 കുടുംബങ്ങള്‍ക്കാണ് ഇതിനോടകം നോട്ടീസ് ലഭിച്ചിരിക്കുന്നത്. . എത്രയും പെട്ടെന്ന്  താമസ സ്ഥലം വിട്ടുപോകണമെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി അറിയിച്ചതായി ചേരിനിവാസികള്‍ പറയുന്നു.

ഫെബ്രുവരി 11നാണ് നോട്ടീസ് പുറപ്പെടുവുച്ചിരിക്കുന്നത്. ഇതില്‍ പറയുന്നത് ഏഴ് ദിവസത്തിനുള്ളില്‍ താമസക്കാര്‍ ഒഴിഞ്ഞു പോകണമെന്നാണ്. ഫെബ്രുവരി 24ന് ആണ് സ്റ്റേഡിയത്തില്‍ ‘നമസ്‌തേ ട്രംപ്’ എന്ന പേരില്‍ പരിപാടി നടക്കുന്നത്. അതേസമയം, ചേരി നിവാസികള്‍ക്ക് നോട്ടീസ് നല്‍കിയത് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടല്ലെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വാദം. കോര്‍പ്പറേഷന്‍റെ നഗരാസൂത്രണ പരിപാടിയുടെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതരുടെ ന്യായം.