LiveTV

Live

National

വിവാഹദിനത്തിൽ കുതിരപ്പുറത്ത് സഞ്ചരിച്ചതിന് ദളിതനായ സൈനികനു നേരെ കല്ലേറ്, മൂന്നുപേർക്ക് പരിക്ക്

വരൻ കുതിരപ്പുറത്ത് സഞ്ചരിക്കുകയാണെങ്കിൽ ഘോഷയാത്ര ഗ്രാമത്തിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഠാക്കൂർ കോലി വിഭാഗക്കാരുടെ ഭീഷണിയുണ്ടായിരുന്നു

വിവാഹദിനത്തിൽ കുതിരപ്പുറത്ത് സഞ്ചരിച്ചതിന് ദളിതനായ സൈനികനു നേരെ കല്ലേറ്, മൂന്നുപേർക്ക് പരിക്ക്

ദളിത് വിഭാഗക്കാരനായ സൈനിക ജവാന്റെ വിവാഹ ഘോഷയാത്രക്കു നേരെ ഇതര ജാതിക്കാരുടെ കല്ലേറ്. ഗുജറാത്തിലെ ബനസ്‌കന്തയിലാണ് സംഭവം. വരനായ ജവാൻ കുതിരപ്പുറത്ത് സഞ്ചരിച്ചു എന്നാരോപിച്ചായിരുന്നു കല്ലേറെന്നും സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

സൈന്യത്തിലെ പൊലീസ് വിങ്ങിൽ ജോലി ച്യെുന്ന ആകാശ് കുമാർ കൊയ്തിയ (22) യുടെ വിവാഹഘോഷ യാത്രക്കു നേരെയാണ് ആക്രമണമുണ്ടായത്. പൊലീസ് സംരക്ഷണയിലായിരുന്നു വിവാഹമെങ്കിലും രാവിലെ 11 മണിയോടെ ശരീഫ്ദാ ഗ്രാമത്തിൽ വെച്ച് കല്ലേറുണ്ടാവുകയായിരുന്നു. ബെംഗളുരുവിൽ ട്രെയിനിങ് പൂർത്തിയാക്കിയ ആകാശ് കൊയ്തിയ ഈയിടെയാണ് മീററ്റിൽ ജോലിയിൽ പ്രവേശിച്ചത്. വിവാഹ ആവശ്യത്തിനു വേണ്ടി അദ്ദേഹം അവധിയിലാണ്.

വരൻ കുതിരപ്പുറത്ത് സഞ്ചരിക്കുകയാണെങ്കിൽ ഘോഷയാത്ര ഗ്രാമത്തിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഠാക്കൂർ കോലി വിഭാഗക്കാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ആകാശിന്റെ മൂത്ത സഹോദരൻ വിജയ് കൊയ്തിയ പറയുന്നു.

ഭീഷണിയെപ്പറ്റി പൊലീസിൽ പരാതിപ്പെടുകയും തുടർന്ന് സുരക്ഷയ്ക്കായി ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു. എന്നാൽ, ഘോഷയാത്ര ആരംഭിച്ചപ്പോൾ തന്നെ കല്ലേറുണ്ടാവുകയായിരുന്നു. പൊലീസ് കൺട്രോൾ റൂമിൽ അഭയം തേടിയതു കൊണ്ട് വരൻ പരിക്കിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ടു സ്ത്രീകളടക്കം മൂന്ന് ബന്ധുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. - വിജയ് പറഞ്ഞു.

സംഭവത്തെ തുടർന്ന് അറുപതോളം വരുന്ന പൊലീസുകാർ ഗ്രാമത്തിലെത്തി. ഇവരുടെ സംരക്ഷണത്തിലാണ് വരൻ വധൂഗൃഹത്തിലെത്തിയത്. അനിഷ്ട സംഭവങ്ങളില്ലാതെ വിവാഹച്ചടങ്ങുകൾ പൂർത്തിയായി.

ഠാക്കൂർ കോലി വിഭാഗത്തിൽപ്പെട്ട 11 പേർക്കെതിരെ ബനസ്‌കന്ത പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാവകുപ്പിലെ 323 (അതിക്രമം), 337 (പരിക്കേൽപ്പിക്കൽ), 294 (അസഭ്യം പറയൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 147 (കലാപമുണ്ടാക്കൽ), 148 (മാരകായുധമുപയോഗിച്ച് കലാപമുണ്ടാക്കൽ), പട്ടികജാതി - പട്ടികവർഗ നിയമങ്ങളിലെ വിവിധ വകുപ്പുകൾ എന്നിവ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.